ഐ.എൻ.ടി.യു.സി പെരുമാതുറ ഹാർബർ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം ആചരിച്ചു

ഐ.എൻ.ടി.യു.സി പെരുമാതുറ ഹാർബർ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം ആചരിച്ചു

പെരുമാതുറ: ഐ.എൻ.ടി.യു.സി പെരുമാതുറ ഹാർബർ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം ആചരിച്ചു.

മേയ് 1 ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി പെരുമാതുറ ഹാർബറിൽ സംഘടിപ്പിച്ച പരിപാടി ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വെട്ടുറോഡ് സലാം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ഷഹിൻഷാ അധ്യക്ഷനായി.

ഹാർബർ യൂണിയൻ തൊഴിലാളികളുടെ തൊഴിലാളി ദിന മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വാർഡ് മെമ്പർ മഞ്ജു.എസ്.അജയൻ പതാക ഉയർത്തി. ഐ.എൻ.ടി.യു.സി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് മുനീർ തോപ്പിൽ, കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി എസ്.എം.ഷഹീർ, യൂണിയൻ വർക്കിംഗ് ലീഡർ നൗഷാദ്, സഫർ നൂർ തുടങ്ങിയവർ പങ്കെടുത്തു.

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; വ്‌ളോഗര്‍ക്കെതിരെ കേസ്

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; വ്‌ളോഗര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു. പതിവായി ശബരിമലയില്‍ നിന്നുള്ള വിഡിയോകള്‍ എടുക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്ന വ്‌ളോഗര്‍ക്കെതിരെയാണ് കേസെടുത്തത്. പമ്പ പൊലീസാണ് കേസെടുത്തത്. പിന്നാലെ വിഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു.

ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു. പിന്നാലെയാണ് പമ്പ പൊലീസ് കേസെടുക്കുന്നത്. ‘നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച’ എന്ന പേരിലായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 10 മിനുറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു വിഡിയോ. കഴിഞ്ഞ മാസം 24-ാം തിയ്യതിയായിരുന്നു വിഡിയോ അപ്പ്‌ലോഡ് ചെയ്തത്. നട അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ക്കല്ലാതെ മുകളിലേക്ക് പോകാന്‍ ആര്‍ക്കും അനുവാദമില്ല. അങ്ങനെയിരിക്കെ ഇയാള്‍ എങ്ങനെ അവിടെയെത്തി എന്നത് അന്വേഷിക്കും. പൊലീസ് ചെക്കിങ് പോയന്റ് കടന്ന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, വലിയ നടപ്പന്തല്‍ വഴിയാണ് ഇയാള്‍ പതിനെട്ടാം പടിയ്ക്ക് താഴെയെത്തിയത്. ഇത് ദൃശ്യങ്ങളില്‍ കാണാം.

പമ്പാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് വിഡിയോ ആരംഭിച്ചത്. ആളൊഴിഞ്ഞ പതിനെട്ടാം പടിയും കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. അതേസമയം പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

കോട്ടയം: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്.

ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ട്രസ്റ്റി ആണ്. കേരള കോണ്‍ഗ്രസിലൂടെയാണ് ഡിജോ കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. 1982 ല്‍ കേരള സര്‍വകലാശാല ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ കാപ്പന്‍, റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പോരാട്ടവുമായി പൊതുരംഗത്ത് സജീവമായിരുന്നു.

വണ്ടാനത്ത് ബൈക്കില്‍ ലോറിയിടിച്ചു; രണ്ടുമരണം

വണ്ടാനത്ത് ബൈക്കില്‍ ലോറിയിടിച്ചു; രണ്ടുമരണം

ആലപ്പുഴ: വണ്ടാനത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ അര്‍ത്തുങ്കല്‍ സ്വദേശി അഖില്‍ കൃഷ്ണ (22), ചേര്‍ത്തല സ്വദേശിനി അച്ചു എസ് ദാസ് ( 20) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11.50 ഓടെയായിരുന്നു അപകടം. വണ്ടാനത്തു വെച്ച് ദേശീയപാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കില്‍ ലോറി തട്ടുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. പെണ്‍കുട്ടി അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

ഒപ്പമുണ്ടായിരുന്ന അഖില്‍ കൃഷ്ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാര്‍ത്താണ്ഡത്ത് മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് അച്ചു. സുഹൃത്തായ പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചേര്‍ത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

‘മകൻ ആത്മഹത്യ ചെയ്യില്ല’; ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

‘മകൻ ആത്മഹത്യ ചെയ്യില്ല’; ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. രണ്ടാംവർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയായ തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെ ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വിവരമാണ് ആദ്യം കുടുംബത്തിന് ലഭിച്ചത്. ഉടൻ തന്നെ കുടുംബം ബംഗളൂരുവിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ന് രാവിലെ കോളേജിൽ എത്തിയപ്പോഴാണ് ആദിത്യന്‍റെ മരണവിവരം കുടുംബം അറിയുന്നത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, മകന് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. തലേ ദിവസം മകൻ വിഡിയോ കോൾ ചെയ്തിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. മകൻ ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നും പിതാവ് പ്രദീപ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.