by Midhun HP News | May 1, 2026 | Latest News, ദേശീയ വാർത്ത
ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്ക് അടക്കമുള്ള ഇറാനിലെ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. നാവിക ഉപരോധം അമേരിക്കൻ സൈനിക നടപടികളുടെ തുടർച്ചയാണ്. വെടിനിർത്തൽ കരാറുണ്ടായിട്ടും അമേരിക്കയുടെ നീക്കം കരാർ ലംഘനമാണ്. നാവിക ഉപരോധം ക്ഷമിക്കാൻ ഇനിയും ഇറാന് കഴിയില്ലെന്നും പെസഷ്കിയാൻ മുന്നറിയിപ്പ് നൽകി.
‘ഇറാന്റെ സഹിഷ്ണുതയും സമാധാനം തേടുന്ന സ്വഭാവവും ലോകം കണ്ടതാണ്. നാവിക ഉപരോധം എന്ന പേരിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്, ഉറച്ച നിലപാടുകൾക്കും സ്വാതന്ത്ര്യത്തിനും വില നൽകേണ്ടി വരുന്ന ഒരു രാഷ്ട്രത്തിന് നേരെ സൈനിക നീക്കങ്ങൾ വ്യാപിപ്പിക്കുന്നതാണ്. അനീതി നിറഞ്ഞ ഈ സമീപനം തുടരുന്നത് അസഹനീയമാണ്.’ പെസഷ്കിയാൻ എക്സിൽ കുറിച്ചു.
ഹോർമുസ് കടലിടുക്കിലെയും ഗൾഫ് മേഖലയിലെയും അസ്ഥിരതയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടലുകളാണെന്ന് പെസഷ്കിയാൻ അഭിപ്രായപ്പെട്ടു. മേഖലയിൽ നാവിക സുരക്ഷ ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിദേശ ശക്തികളുടെ നീക്കങ്ങൾ പരാജയപ്പെടുമെന്നും മസൂദ് പെസഷ്കിയാൻ കൂട്ടിച്ചേർത്തു.


by Midhun HP News | May 1, 2026 | Latest News, കേരളം
തൃശ്ശൂര്‍: പി.വി അന്‍വറിനെതിരെ തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി കൂട്ടായ്മയായ മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍. അന്‍വറിന്റേത് രാഷ്ട്രീയമായ മറുപടിയല്ലെന്നാണ് സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂര്‍ പ്രതികരിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം. മൊട്ടയടിക്കുന്നതിനെ എന്തോ മാരകമായ ദുരന്ത സംഗതി എന്നുള്ള വ്യാഖ്യാനത്തെ എതിര്‍ക്കുന്നതായും സജീഷ് കുട്ടനെല്ലൂര്‍ പറഞ്ഞു
‘തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുക എന്നത് ഫ്രീക്ക് ലുക്കാണ്. തല പകുതി മൊട്ടയടിച്ച് നടക്കാനാണ് പി വി അന്‍വര്‍ ധൈര്യം കാട്ടേണ്ടത്.” എന്നാണ് സജീഷ് പറയുന്നത്. തങ്ങളുടെ സംഘടനയില്‍ 40 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ മെമ്പര്‍മാരുണ്ട്. കൃഷിക്കാരന്‍ മുതല്‍ വിമാനം ഓടിക്കുന്നവര്‍ വരെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള മെമ്പര്‍മാര്‍ തല മൊട്ടയടിച്ച് അതില്‍ അതില്‍ അഭിമാനിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവരാണെന്നും അദ്ദേഹം പറയുന്നു.
മാളിലോ, തിയേറ്ററിലോ, റോഡിലോ, ബസ്സിലോ എവിടെയും തല മൊട്ടയടിച്ച് ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന വ്യക്തികളെ കാണാന്‍ സാധിക്കുമെന്നും സജീഷ് കുട്ടനെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.
ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്നാണ് പി വി അന്‍വര്‍ പറഞ്ഞത്. റിയാസ് ജയിച്ചാല്‍ കോഴിക്കോട്ടെ കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കും എന്നും അന്‍വര്‍ പറഞ്ഞിരുന്നു. സമാനമായ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി വി അന്‍വര്‍ ചോദിച്ചു.


by Midhun HP News | May 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നു. മൂന്നാര്‍ ഉള്‍പ്പെടെ കേരളത്തിലെ നാല് പ്രദേശങ്ങള്‍ നിലവില്‍ അതീവജാഗ്രത പുലര്‍ത്തേണ്ട ഓറഞ്ച് അലര്‍ട്ടിലാണ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാ വയലറ്റ് തീവ്രത മൂന്നാറിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറില്‍ യു വി സൂചിക ഒന്‍പതാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞദിവസം മൂന്നാറില്‍ യു വി സൂചിക എട്ടായിരുന്നു. യുവി സൂചിക 11-ലേക്ക് എത്തിയാല്‍ മൂന്നാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരും. പകല്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ യു വി സൂചിക എട്ടില്‍ തുടരുകയാണ്. കണ്ണൂരിലെ ധര്‍മ്മടം അടക്കമുള്ള പ്രദേശങ്ങളിലെ യു വി സൂചിക എട്ടില്‍ നിന്നും അഞ്ചായി കുറഞ്ഞിട്ടുണ്ട്.
ഒരു പ്രത്യേകസ്ഥലത്തും സമയത്തും സൂര്യതാപത്തില്‍നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവാണ് യു വി സൂചിക. ഉയര്‍ന്ന അളവില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കൊള്ളുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ജോലികള്‍ പരമാവധി ഒഴിവാക്കണമെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

by Midhun HP News | May 1, 2026 | Latest News, കേരളം
ഇത്തവണ ജനവിധി തേടിയവരില്‍ ഒരാളായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ അഖില്‍ മാരാര്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കാനിരിക്കെ അഖില്‍ മാരാരുടെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.
തനിക്ക് എത്ര വോട്ടാകും ലഭിക്കുക എന്ന് പ്രവചിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുകയാണ് അഖില്‍. ”എത്ര വോട്ട് എനിക്ക് ലഭിക്കാം. കറക്റ്റ് ആയി പറയുന്നവരില്‍ ഒരാള്‍ക്ക് എന്റെ വക ഒരു ഉഗ്രന്‍ സമ്മാനം. നിങ്ങളുടെ ചിന്തകള്‍ അറിയാനുള്ള ആഗ്രഹം മാത്രം. ചുമ്മാ ആക്ഷേപിക്കാന്‍ കമന്റ് ഇടാതെ ഏറെക്കുറെ ശെരി എന്ന് തോന്നുന്ന കണക്ക് ഇട്ടോളൂ. ഒരാള്‍ക്ക് ഒരു കമന്റ് മാത്രം” എന്നായിരുന്നു അഖില്‍ മാരാരുടെ പോസ്റ്റ്.
പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയയെത്തി. എന്നാല്‍ അഖില്‍ പ്രതീക്ഷിച്ചത് പോലെ ആയികുന്നില്ല സോഷ്യല്‍ മീഡിയയുടെ പ്രതികരണം. താരത്തെ വിമര്‍ശിച്ചും ട്രോളിയുമൊക്കെയാണ് സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നത്. ‘ഒട്ടിന്റെ എണ്ണം പറയാന്‍ പറ്റില്ല പക്ഷെ ഒന്ന് പറയാം 100% തോല്‍ക്കും, അഖില്‍ ചേട്ടന് ലഭിക്കുന്ന വോട്ടിന്റെ എണ്ണം ന്തരോ ന്തോ. പക്ഷെ, തോല്‍വി സ്ഥാനാര്‍ഥികളെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ചേട്ടന്റെ ഫോട്ടോ വരും” എന്നായിരുന്നു ചിലരുടെ പ്രതികരണം.
‘എന്റെ കൂടെ നിയമ സഭയില്‍ ശോഭേച്ചി യും ഉണ്ടാകും”എന്നായിരുന്നല്ലോ നേരെത്തെ പറഞ്ഞിരുന്നത്. ആ കണക്ക് വെച്ച് ഭൂരിപക്ഷം അല്ലേ ചോദിക്കേണ്ടത്, കേരളത്തിലെ അമ്മമാരുടെ വോട്ട് മൊത്തം നിനക്ക് അല്ലെ. അമ്മാതിരി തോന്നിവാസം അല്ലെ ഒരു ഉളുപ്പും ഇല്ലാതെ നീ പറഞ്ഞത്. ദൈവം ഉണ്ടെങ്കില്‍ നീ എട്ട് നിലയില്‍ പൊട്ടും മാരാരെ നീ നോക്കിക്കോ, ഒരു കാര്യം പറയാം. നി ഒരിക്കലും ജയിക്കാന്‍ പോവുന്നില്ല, ജയിക്കാനും പാടില്ല. വര്‍ഗീയ മുക്ത കേരളം ആകും 4 ലെ റിസള്‍ട്ട്, കുടുംബത്തില്‍ നിന്നും നോക്കിയാല്‍ വിരലില്‍ എണ്ണാവുന്നതെ ഉണ്ടാവൂ” എന്നും ചിലര്‍ പറയുന്നു.
”ഇലക്ഷനില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. മിസ്റ്റര്‍ അഖില്‍ മാരാര്‍,താങ്കളോട് ഒരു കാര്യം പറയാതെ വയ്യ. തിങ്കളാഴ്ച്ച റിസള്‍ട്ട് വന്നുകഴിയുമ്പോള്‍ താങ്കള്‍ തോല്‍ക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്നവരില്‍ ഒരാള്‍ ആയിരിക്കും താങ്കള്‍. അതിന് പ്രധാന കാരണം താങ്കളുടെ പാര്‍ട്ടിയോ ഉള്‍പ്പെടുന്ന മുന്നണിയോ ഒന്നും അല്ല..താങ്കളുടെ സമീപനം തന്നെ പ്രശ്‌നം. ഇലക്ഷന്‍ ക്യാമ്പയിന്‍ സമയത്ത് പ്രത്യേകിച്ച് സോഷ്യല്‍ മീഡിയായില്‍ ജനപ്രതിനിധിയാവാന്‍ യോഗ്യതയുള്ള പക്വതയുള്ള വ്യക്തി എന്ന നിലയില്‍ ആയിരുന്നില്ല താങ്കളുടെ പ്രതികരണങ്ങളും സംസാരവും” എന്നായിരുന്നു മറ്റൊരു പ്രതികരണം.

by Midhun HP News | May 1, 2026 | Latest News, കേരളം
കൊല്ലം: സംസ്ഥാനത്ത് പാമ്പു കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. അണലിയാണ് രാജേന്ദ്രനെ കടിച്ചത്. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
വെള്ളിയാഴ്ച അരിനെല്ലൂരിലെ മകളുടെ വീടിനു മുമ്പില്‍ വെച്ചാണ് രാജേന്ദ്രന് പാമ്പുകടിയേറ്റത്. കാഴ്ചവൈകല്യമുള്ള ആളാണ്. രാത്രി ഭക്ഷണം കഴിച്ചശേഷം പുറത്തെ ചായ്പിലേക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. ചായ്പിലുള്ള കട്ടിലില്‍ കിടന്ന പുതപ്പ് താഴെ വീണിരുന്നു. അതെടുത്തപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

Recent Comments