എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ; പദ്ധതി സർക്കാരിന് മുന്നിൽ

എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ; പദ്ധതി സർക്കാരിന് മുന്നിൽ

കൊച്ചി: കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ ലഭ്യമാക്കാനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് കെ ഫോണ്‍ മാനേജിങ് ഡയറക്ടർ ഡോ സന്തോഷ് ബാബു ഐഎഎസ്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പൊതു ഇടങ്ങളിൽ വൈ-ഫൈ ലഭ്യമാക്കുന്നതിനുള്ള ഒരു നിർദേശം ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ പേര് കെഎഫ്ഐ എന്നാണ്. കെഎസ്‌ വാൻ (കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക്) – കെഎഫ്ഒഎൻ ഇവ രണ്ടും ഒന്നിപ്പിച്ചുള്ള മറ്റൊരു നിർദേശവുമുണ്ട്. നിലവിൽ ഇത് സർക്കാരിന്റെ പരിഗണനയിലാണ്. ഐടി മിഷൻ 2000 സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ നൽകിയിട്ടുണ്ട്.

ഇത് വളരെ വിജയകരമായിരുന്നു. ഇപ്പോൾ 4008 സ്ഥലങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. സർക്കാർ അനുമതിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അത് വന്നുകഴിഞ്ഞാൽ കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ ലഭ്യമാകും.”- സന്തോഷ് ബാബു പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന കെ -സ്മാർട്ട് പദ്ധതിയെക്കു‌റിച്ചും അദ്ദേഹം സംസാരിച്ചു. “കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഒരു മൊബൈൽ ആപ് അധിഷ്ഠിത ഇ-ഗവേണൻസ് സംവിധാനമാണ് കെ- സ്മാർട്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ആളുകൾക്ക് പല തരത്തിലുള്ള സേവനങ്ങൾ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

2024 ജനുവരി 1 ന് കൊച്ചിയിൽ ഞങ്ങൾ കെ- സ്മാർട്ട് തുടങ്ങി. ആദ്യം കുറേ തടസങ്ങളുണ്ടായിരുന്നു. ‍200 കോടിയോളം ഡാറ്റ ഡിജിറ്റലിലേക്ക് മാറ്റേണ്ടി വന്നു. ഞങ്ങൾ 50 കോടി റെക്കോർഡുകൾ അപ്‌ലോഡ് ചെയ്യുമ്പോഴേക്കും സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകും. അപ്പോൾ വീണ്ടും ചെയ്യേണ്ടി വരും. 2025 ജനുവരി 1 മുതൽ ഞങ്ങൾ പഞ്ചായത്തുകളിൽ കെ- സ്മാർട്ട് തുടങ്ങി. എല്ലാ കാര്യങ്ങളും മൊബൈൽ ഫോണിലൂടെ നടക്കണം, ആരും​ ​ഗവൺമെന്റ് ഓഫീസുകൾ കയറിയിറങ്ങി നടക്കാൻ നിർബന്ധിതരാകരുതെന്നാണ് എന്റെ കാഴ്ചപ്പാട്.

‘സന്തോഷമുള്ള പൗരന്മാർ, സന്തോഷമുള്ള ജീവനക്കാർ, കാര്യക്ഷമമായ സർക്കാർ’ എന്നിവയാണ് ഞങ്ങൾ വാ​ഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ആപ്പ് വഴി ഡൗൺലോഡ് ചെയ്യാൻ കഴിയും. ജനന സർട്ടിഫിക്കറ്റുകൾ ആറ് മിനിറ്റിനുള്ളിലും മരണ സർട്ടിഫിക്കറ്റുകൾ ഏകദേശം 10 മിനിറ്റിനുള്ളിലും ലഭിക്കും”.-അദ്ദേഹം വ്യക്തമാക്കി.

72 അതിഥിത്തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചു

72 അതിഥിത്തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചു

72 അതിഥിത്തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് മലയാളി യുവതികളെ വിവാഹം കഴിച്ച ഈ 72 പേരും.

എഐടിയുസിയിൽ അഫിലിയേറ്റ് ചെയ്ത തൊഴിലാളി സംഘടനയാണ് നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ. എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് അതിഥി തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞവരിൽ ഏറിയ പങ്കും പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നതെന്നും യൂണിയൻ വ്യക്തമാക്കുന്നു.

നിരവധി അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികൾ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു. ലൈഫ് പദ്ധതിയിലും അതിഥി തൊഴിലാളികൾ ഇടംപിടിച്ചിട്ടുണ്ട്. 24 വർഷം മുൻപു ഒഡിഷയിൽ നിന്നു തൊഴിൽ തേടിയെത്തിയ രാജേന്ദ്ര നായിക്കാണു എറണാകുളം ജില്ലയിൽ വാഴക്കുളം പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികയിൽ അംഗമായത്. ഭവന നിർമാണത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ് രാജേന്ദ്ര നായിക്.

കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയായെന്നു ഓർഗനൈസിങ് സെക്രട്ടറി ബിനു ബോസ് പറഞ്ഞു. അതിഥിത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി 25, 26 തീയതികളിൽ കോട്ടയത്ത് ദേശീയ കോൺക്ലേവ് എഐടിയുസി വിളിച്ചുചേർത്തിട്ടുണ്ട്.

70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 686 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങലിൽ വിറ്റ AX 278750 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ തിരൂരിൽ വിറ്റ AS 706450 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സിപി പോള്‍ അന്തരിച്ചു

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സിപി പോള്‍ അന്തരിച്ചു

തൃശൂര്‍: ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി പി പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളി സെമിത്തേരിയില്‍ നടക്കും.

ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെ പത്തു ജ്വല്ലറികളുടെ ഉടമയാണ്. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ വ്യാപാരം ആരംഭിക്കുകയുമായിരുന്നു. പിന്നീട് ആണ് അദ്ദേഹം സ്വര്‍ണ വ്യാപാര രംഗത്തേയ്ക്ക് കടക്കുന്നത്. നന്മ നിറഞ്ഞ ചാലക്കുടി എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

ഇസ്‌കഫ് രചനാ മത്സര പുരസ്കാരം ആര്യൻ എസ് ബി നായർക്ക് നൽകി

ഇസ്‌കഫ് രചനാ മത്സര പുരസ്കാരം ആര്യൻ എസ് ബി നായർക്ക് നൽകി

ആറ്റിങ്ങൽ: ഇന്ത്യയിലെ ആദ്യത്തെ സമാധാന സൗഹൃദ പ്രസ്ഥാനമായ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിൽ ആര്യൻ എസ് ബി നായർ ഒന്നാം സ്ഥാനം നേടി വിജയിച്ചു. ‘പരിസ്ഥിതിയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ നടത്തിയ രചനയ്ക്കാണ് സമ്മാനം ലഭിച്ചത്. മാനവീയം വീഥിയിൽ എം ടി വാസുദേവൻ നായർ നഗറിൽ വച്ച് നടന്ന ഇസ്‌കഫ് സംസ്ഥാന സമ്മേളനത്തിൽ വച്ച് സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. മുൻ എം.പി. സുരേഷ് കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഇസ്‌കഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബിജയ് കുമാർ പട്ഹാരി
മുഖ്യാതിഥിയായി. അഡ്വ. പ്രശാന്ത് രാജൻ, എസ്. ഹസൻ, രാജീവ് തുടങ്ങിയവർ സംസാരിച്ചു.

ചെറു കഥാകാരനും ഹ്രസ്വ ചിത്ര സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെയും കവയിത്രി ബിന്ദു നന്ദനയുടെയും മകൻ ആണ് ആര്യൻ. കൊടുവഴന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ്.