by Midhun HP News | Jan 18, 2025 | Latest News, കായികം
ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍. പേസര്‍ ബുംറയ്ക്ക് പകരം ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ്, സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും മലയാളി സഞ്ജു സാംസണും ടീമില്‍ ഇടംനേടിയില്ല.
പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്.
ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ- പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാല്‍ ദുബായ് തന്നെ ഗ്രാന്‍ഡ് ഫിനാലെയ്ക്കും വേദിയാകും.
ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കുമോ എന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി. ഓസീസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ബുംറ ബൗള്‍ ചെയ്തിരുന്നില്ല. ബുംറയ്ക്ക് അഞ്ച് ആഴ്ച വിശ്രമം നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ അതിനു ശേഷം സ്‌കാന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 11 വരെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ മാറ്റം വരുത്താമെന്നതിനാല്‍ ബുംറയെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിക്കുകയായിരുന്നു.
by Midhun HP News | Jan 18, 2025 | Latest News, കേരളം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഞായറാഴ്ച രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയെയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
by Midhun HP News | Jan 18, 2025 | Latest News, കേരളം
പാലക്കാട്: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പേരമകനും ഭാര്യയ്ക്ക് ജീവപര്യന്തം. പേരമകന്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവരെയാണ് പാലക്കാട് മണ്ണാര്‍ക്കാട് കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്ക് രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
ഇന്നലെ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് കോടതി ശിക്ഷാവിധി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. 2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി.
22-ാം തീയതി രാത്രി ചീരക്കറിയില്‍ കീടനാശിനി ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും കാര്യമായ ശാരീരിക വിഷമതകള്‍ കാണാതിരുന്നതോടെ, രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഭര്‍ത്താവിന്റെ പിതാവിന് മെത്തോമൈന്‍ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫസീല നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
by Midhun HP News | Jan 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാറശാലയില്‍ കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മ പരമാവധി കുറവു ശിക്ഷ നല്‍കണമെന്ന അപേക്ഷയുമായി കോടതിയില്‍. ശിക്ഷാവിധിയുടെ വാദത്തിനിടെയാണ് തനിക്ക് 24 വയസ്സു മാത്രമാണ് പ്രായമെന്നും അതു കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും അഭ്യര്‍ഥിച്ചത്. അതേസമയം കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ നെയ്യാറ്റന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി മറ്റന്നാള്‍ ശിക്ഷാ വിധി പ്രഖ്യാപിക്കും.
ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലമുണ്ടെന്ന് ഗ്രീഷ്മ കുറ്റപ്പെടുത്തി. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും ഗ്രീഷ്മ പറഞ്ഞു. നഗ്ന ചിത്രങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. അതിനാല്‍ നീതീകരിക്കാവുന്ന കൊലപാതകമായി കാണമമെന്ന് പ്രതിഭാഗം വാദിച്ചു. തനിക്ക് 24 വയസ്സു മാത്രമാണ് പ്രായം. പഠിക്കാന്‍ മിടുക്കിയാണ്. തുടര്‍ന്നു പഠിച്ച് ബിരുദം നേടണം. അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ഗ്രീഷമ വാദിച്ചു. തന്റെ വിദ്യാഭ്യാസ രേഖകള്‍ ഗ്രീഷ്മ കോടതിക്കു കൈമാറി.
ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയത്. പ്രതി ഒരു ദയവും അര്‍ഹിക്കുന്നില്ല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസില്‍ ഗ്രീഷ്മയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല കുമാരന്‍ നായരും കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി.
by Midhun HP News | Jan 18, 2025 | Latest News, കേരളം
ആറ്റിങ്ങലിൽ വൻ തീപിടുത്തം. മാമം റോയൽ ക്ലബിന് പുറകു വശത്താണ് രാവിലെയോടെ തീ പിടിച്ചത്. സമീപത്തു കൂട്ടിയിട്ടിരുന്ന വിറകിനും പുല്ലിനുമാണ് തീ പിടിച്ചത്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘം സഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Recent Comments