പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു; 3 പേര്‍ ഗുരുതരാവസ്ഥയില്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു; 3 പേര്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു. നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കുന്ന് അംഗന്‍വാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.

റിസര്‍വോയര്‍ കാണാനെത്തിയപ്പോള്‍ പാറയില്‍ കാല്‍വഴുതി അപകടം ഉണ്ടായതെന്നാണ് വിവരം. പട്ടിക്കാട് സ്വദേശികളായ ആന്‍ഗ്രെയ്‌സ് (16), അലീന (16), ഐറിന്‍ (16) പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

സുഹൃത്ത് നിമയുടെ വീട്ടില്‍ പള്ളി പെരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു മറ്റു പെണ്‍കുട്ടികള്‍. ഒരു കുട്ടി കാല്‍വഴുതി വീണപ്പോള്‍, രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരും വെള്ളത്തില്‍ വീണത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ശബരിമലയില്‍ സര്‍ക്കാര്‍ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷം പേര്‍ക്ക്

ശബരിമലയില്‍ സര്‍ക്കാര്‍ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷം പേര്‍ക്ക്

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്ത് സര്‍ക്കാരിന്റെ ആരോഗ്യസൗകര്യങ്ങള്‍ വഴി ഇതുവരെ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷത്തിലേറെ പേര്‍ക്ക്. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികള്‍ ആശുപത്രികളിലും 72,654 രോഗികള്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടി. 649 എമര്‍ജന്‍സി കേസുകള്‍ക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളില്‍ സേവനം നല്‍കി. 168 പേര്‍ക്ക് ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്തതില്‍ 115 രോഗികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി. ജന്നി വന്ന 103 പേര്‍ക്ക് സേവനം നല്‍കിയതില്‍ 101 പേരെയും രക്ഷപെടുത്താന്‍ സാധിച്ചു.

മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ 14 വരെ കരിമല ഗവ: ഡിസ്‌പെന്‍സറി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മകരവിളക്ക് കാലയളവില്‍ അടിയന്തരഘട്ടങ്ങള്‍ നേരിടാനായി മെഡിക്കല്‍ ഓഫീസര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും റിസര്‍വ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ശ്യാംകുമാര്‍ കെ കെ അറിയിച്ചു.

മകരവിളക്ക് പ്രമാണിച്ച് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജനുവരി 13 മുതല്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 72 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 0468 2222642, 0468 2228220 എന്നിവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍. മകരവിളക്ക് കാലയളവിലേക്കാവശ്യമായ മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പടെയുള്ളവ പമ്പയില്‍ എത്തിച്ചിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ഹില്‍ ടോപ്, ഹില്‍ ഡൌണ്‍, ത്രിവേണി പെട്രോള്‍ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, ആങ്ങമൂഴി എന്നിവിടങ്ങളില്‍ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ജനുവരി 22 ലെ പണിമുടക്ക് വിജയിപ്പിക്കുക: കെപിഎസ്ടിഎ

ജനുവരി 22 ലെ പണിമുടക്ക് വിജയിപ്പിക്കുക: കെപിഎസ്ടിഎ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 22-ാം തീയതിയിലെ പണിമുടക്കിൽ മുഴുവൻ അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല സമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ, അടിസ്ഥാനമില്ലാത്ത കാരണങ്ങൾ നിരത്തി നിഷേധിക്കുകയാണ്.

ജീവനക്കാരുടെ ഡി എ കുടിശ്ശിക 7 ഗഡു ആയിരിക്കുന്നു. പ്രോവിഡൻ്റ് ഫണ്ടിലെ ലോക്ക് ഇൻ കാലം കഴിഞ്ഞിട്ടും പിൻവലിക്കാനാകാത്തതിലൂടെ 01/01/2019 മുതലുള്ള ഡിഎ യുടെ 26 മാസം, 01/07/2019 മുതലുള്ള ഡിഎ യുടെ 20 മാസം, 01/01/2020 മുതലുള്ള ഡിഎയുടെ 14 മാസം, 01/07/2020 മുതലുള്ള 8 മാസം എന്നിങ്ങനെ നാല് ഗഡു ഡിഎ യുടെ 68 മാസത്തെ കുടിശ്ശിക ജീവനക്കാർക്ക് അന്യമായി.

സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം രമണി പി. നായർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എൻ. സാബു, പ്രദീപ് നാരായണൻ, ജില്ലാ ഭാരവാഹികളായ എ.ആർ. ഷമീം, സി.എസ്. വിനോദ്, വി. വിനോദ്, സംസ്ഥാന ഉപസമിതി ഭാരവാഹികളായ ഒ.ബി. ഷാബു, ആർ.എസ്. ലിജിൻ, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ടി.യു. സഞ്ജീവ്, ജൂലി പി.എസ്., എസ്. ഗിരിലാൽ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി. രാജേഷ് (പ്രസിഡൻ്റ്), ജി. സുനിൽകുമാർ, മുഹമ്മദ് അൻസാരി, ബിനു. ജി.എസ്. (വൈസ് പ്രസിഡന്റുമാർ), ആർ.എ. അനീഷ് (സെക്രട്ടറി), സിന്ധു ബി.പി., സനീറ എ.ആർ., സനൽ ജി.എൽ.(ജോ. സെക്രട്ടറിമാർ), എസ്. ഗിരിലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

നവോത്ഥാന സന്ദേശയാത്രയ്ക്ക് സ്വീകരണമൊരുക്കി ആറ്റിങ്ങൽ

നവോത്ഥാന സന്ദേശയാത്രയ്ക്ക് സ്വീകരണമൊരുക്കി ആറ്റിങ്ങൽ

കുമാരനാശാൻ ചരമശതാബ്ദി ആചരണ കമ്മിറ്റി നടത്തിവരുന്ന നവോത്ഥാന സന്ദേശയാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണമൊരുക്കി . കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്വാതന്ത്ര്യബോധത്തെ സിംഹനാദമാക്കി കാവ്യരചന നടത്തിയ മഹാകവിയാണ് കുമാരനാശാനെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു .

കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. ആചരണ സമിതി സംസ്ഥാന കമ്മിറ്റിയംഗം എം. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണവും കവിയും കരവാരം രാമചന്ദ്രൻ ആശാൻ കൃതികളിലെ സ്ത്രീ സാന്നിധ്യത്തെ പറ്റി വിഷയാവതരണം നടത്തി.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള, കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി സംസ്ഥാന കൺവീനർ കെ.പി സജി, ബാലചന്ദ്രൻ നായർ, എം. ഷാജർഖാൻ, ഡോ.എസ്.അനിത, വിജയൻ പാലാഴി, എൻ. മോഹനൻ, വഞ്ചിയൂർ ഉദയകുമാർ, സുരേഷ് കൊളാഷ് എന്നിവർ സംസാരിച്ചു. കുമാരനാശാൻ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.

വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയിൽ

വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയിൽ

വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശി ആദർശാണ് പിടിയിലായത്. ബോഡി മസാജിനിടെയായിരുന്നു അതിക്രമം. ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്ന മസാജ് സെൻറ്ററിലെത്തിയ കാലിഫോർണിയ സ്വദേശിനിയാണ് പരാതിക്കാരി. മസാജിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇയാളെ എതിർത്ത യുവതി തൊട്ടുപിന്നാലെ പൊലീസിന് പരാതി നൽകുകയായികുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.