സൗദി അറേബ്യയില്‍ കനത്ത മഴ; റോഡുകള്‍ മുങ്ങി, ഒഴുക്കില്‍പ്പെട്ട് വാഹനങ്ങള്‍

സൗദി അറേബ്യയില്‍ കനത്ത മഴ; റോഡുകള്‍ മുങ്ങി, ഒഴുക്കില്‍പ്പെട്ട് വാഹനങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുങ്ങി വന്‍നാശനഷ്ടം. മക്ക, റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ വാഹനങ്ങളും മുങ്ങി. ഒഴുക്കില്‍ വാഹനങ്ങള്‍ ഒഴുകി പോകുന്നതിന്റെ അടക്കം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തലസ്ഥാന നഗരമായ റിയാദ്, സെന്‍ട്രല്‍ സൗദി അറേബ്യ, അസീറിന്റെയും ജസാന്റെയും തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പേമാരിക്കും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ വകുപ്പ് അധികൃതര്‍ നല്‍കിയിരുന്നു. ഇന്നലെ മുതല്‍ മക്കയിലും റിയാദിലുമെല്ലാം കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുകയാണ്.

കിഴക്കന്‍ നഗരങ്ങളായ അല്‍ അഹ്‌സ, ജുബെയ്ല്‍, അല്‍ഖോബാര്‍, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മോശം കാലാവസ്ഥ തുടരുകയാണ്. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ താപനില ഗണ്യമായി കുറയും. മോശം കാലാസ്ഥയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. താഴ്‌വരകള്‍, താഴ്ന്ന പ്രദേശങ്ങള്‍ തുടങ്ങി വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

8 വർഷത്തിനിടെ കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ

8 വർഷത്തിനിടെ കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ

ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതിൽ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്. ഇവ കെ. എസ്. ആർ. ടി. സി. പൊളിച്ചു വിൽക്കാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റൽ സ്റ്റീൽ ട്രേഡിങ് കോർപ്പറേഷൻ മുഖേന ഓൺലൈനായാണു വ്യാപാരം. ആക്രിവിലയ്ക്ക് ഏറ്റവും കൂടുതൽ വിറ്റത് 2004-ൽ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതൽ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ. 2016-17 ല്‍ 1.77, കോടി, 2017-18 ല്‍ 8.07 കോടി, 2018-19 ല്‍ 5.09 കോടി, 2019-20 ല്‍ 1.36 കോടി, 2020-21 ല്‍ 75.25 ലക്ഷം, 2021-22 ല്‍ 1.85 കോടി, 2023-24 ല്‍ ആറു കോടി എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളില്‍ ബസ് വിറ്റതിലൂടെ ലഭിച്ച തുക.

‘തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ’ എന്ന് ബോബി ചെമ്മണൂർ; കോടതിയില്‍ ഹാജരാക്കി

‘തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ’ എന്ന് ബോബി ചെമ്മണൂർ; കോടതിയില്‍ ഹാജരാക്കി

കൊച്ചി: ലൈംഗികാധിക്ഷേപക്കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി. തെറ്റൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് ബോബി ചെമ്മണൂര്‍ എറണാകുളം സെന്‍ട്രല്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറക്കിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ലാണ് ബോബി ചെമ്മണൂരിനെ ഹാജരാക്കിയത്.

ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ള ഹാജരായി. ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാ​ഗം ആവശ്യപ്പെട്ടു. അതേസമയം ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടാനാണ് പൊലീസിന്റെ തീരുമാനം. നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ പറഞ്ഞു.

ബോബി ചെമ്മണൂരിനെതിരെ ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹണിറോസിൻ്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ല. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ട്. ഹണിറോസിന്റെ രഹസ്യമൊഴി കൂടി പരിശോധിച്ചാകും തുടർനടപടിയെന്നും എസിപി ജയകുമാർ പറഞ്ഞു. ഹണിറോസിനെതിരെ ലൈം​ഗിക അധിക്ഷേപം നടത്തിയതിന് ഇന്നലെ രാവിലെയാണ് ബോബി ചെമ്മണൂരിനെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്ത് കസ്റ്റഡിയില്‍

എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്ത് കസ്റ്റഡിയില്‍

കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് ആണ് ചികിത്സിയിലുള്ളത്. സംഭവത്തില്‍ അടുത്ത സുഹൃത്തായ വൈക്കിലശ്ശേരി സ്വദേശി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു. ഇതിൽ വിഷം ചേർത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞിരുന്നുവെന്നും എന്നാൽ തമാശയാണെന്നാണ് കരുതിയതെന്നും നിധീഷ് പൊലീസിനോട് പറഞ്ഞു. തൊട്ടടുത്ത ദിവസം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ട് ദിവസം കൊണ്ട് ആരോഗ്യം വഷളായി. സംഭവത്തിൽ മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് ബീഫില്‍ എലിവിഷം ചേര്‍ത്തത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

മകരവിളക്ക് മഹോത്സവം – ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി.

മകരവിളക്ക് മഹോത്സവം – ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി.

മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളത്.

മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 800 ബസുകൾ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനു ശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീര‍ഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിക്കുന്നത്…

പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ് പമ്പയിൽ നിന്നുള്ള ദീർഘദൂരസർവ്വീസുകൾ പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവ ഉൾപ്പെടെ 245 ബസുകൾ നിലവിൽ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി ,കൊട്ടാരക്കര , പുനലൂർ , എറണാകുളം അടക്കം വിവിധ സ്പെഷ്യൽ സെൻ്ററുകളിൽ നിന്നായി 228 ബസ്സുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു. ഇതിനു പുറമേയാണ് 400 ബസുകൾ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്.

തെക്കൻ മേഖലയിൽ നിന്നുളള ബസുകൾ ഞായർ – തിങ്കൾ ദിവസങ്ങളിലെ സർവീസിൽ ഉൾപ്പെടുത്തി സർവീസ് ആയി 13ന് (തിങ്കൾ) വൈകിട്ട് /രാത്രി പത്തനംതിട്ടയിലും മധ്യ, വടക്കൻ‍ മേഖലയിൽ നിന്നുള്ളവ സർവീസ് നടത്തിയ ശേഷം 13ന് (തിങ്കൾ) രാത്രി കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും എത്തിച്ചേരും. ഇവ രാവിലെ 10 മണിക്ക് മുൻപായി പമ്പയിൽ റിപ്പോർട്ട് ചെയ്ത് കൃത്യമായ നിർദ്ദേശം അനുസരിച്ച് പാർക്ക് ചെയ്യും.

നിലവിൽ സ്പെഷ്യൽ സെൻ്ററിൽ അടക്കം പൂൾ ചെയ്ത ബസ്സുകൾ ഏതാണ്ട് ഉച്ചയോടെ പമ്പയിൽ സർവിസ് അവസാനിപ്പിക്കും.

പോലീസ് നിർദ്ദേശ പ്രകാരം തിരക്ക് അനുസരിച്ചും ട്രാഫിക് തടസം ഇല്ലാതെയും നിയന്ത്രിതമായി മാത്രമേ പമ്പയിൽ നിന്നും നിലക്കലിൽ നിന്നും ദീർഘദുര സർവിസുകളും ചെയിൻ സർവിസുകളും മകരവിളക്ക് ദിവസം മകരജ്യോതിക്ക് മുൻപ് ഓപ്പറേറ്റ് ചെയ്യുകയുള്ളൂ.

പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ബസുകൾ പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ട് മുതൽ 21 കിലോമീറ്റർ അകലെ നിലയ്ക്കൽ വരെ റോഡിന്റെ ഒരു വശത്ത് ട്രാഫിക് തടസമില്ലാതെ കൃത്യതയോടെ നിരയായി പാർക്ക് ചെയ്യും.

പമ്പ-നിലയ്ക്കൽ ചെയിനുകൾ ത്രിവേണി പെട്രോൾ പമ്പ്, ദീർഘദൂര ബസുകൾ പമ്പ കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. മകരജ്യോതി തെളിഞ്ഞാൽ ഉടൻ ചെയിൻ സർവീസുകൾ ആരംഭിക്കും. രണ്ട് റൗണ്ട് ചെയിൻ പൂർത്തിയാക്കുന്നതിനൊപ്പം മടക്കയാത്രാ ദീർഘദൂര സർവ്വീസുകളും അയക്കുന്നതാണ്.

ഇതിന് ശേഷം തിരക്ക് നിയന്ത്രണ വിധേയമായി എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പോലിസിൻ്റെ വ്യക്തമായ നിർദ്ദേശ പ്രകാരം പാർക്ക് ചെയ്തിരിക്കുന്ന ചെറു വാഹനങ്ങൾ പമ്പയിൽ നിന്നും കടത്തി വിടുകയുള്ളൂ. ഇത് ട്രാഫിക് തടസമില്ലാതെ ചെയിൻ , ദീർഘദൂര സർവീസുകളുടെ ഇരുവശത്തേക്കുമുള്ള രണ്ട് നിരയായുള്ള കൃത്യമായ സർവിസ് ട്രാഫിക് ബ്ലോക്ക് ഇല്ലാതെ ഭക്തജന ലക്ഷങ്ങളെ സമയബന്ധിതമായി ലക്ഷ്യസ്ഥാനത്ത്
എത്തിക്കുവാൻ പര്യപ്തമാക്കും.

ഇത്തരത്തിൽ എല്ലാ ക്രമീകരണങ്ങളും പോലീസ് , ദേവസ്വം വകുപ്പുകളുമായി ചേർന്ന് സജ്ജീകരിച്ച് പദ്ധതികൾ കൃത്യമായി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ഏവരുടേയും സഹായ സഹകരിക്കണങ്ങൾ അഭ്യർത്ഥിക്കുകയും ഭക്തിസാന്ദ്രമായ മകരവിളക്ക് മഹോത്സവം വൻ വിജയമാക്കുന്നതിന് നടപടികൾ സ്വീകരിച്ച വിവരം അറിയിക്കുകയും ചെയ്യുന്നു.