by Midhun HP News | Jun 23, 2026 | Latest News, കേരളം
വർക്കലയിൽ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇടവ
വെൺകുളം തിരുവാതിരയിൽ വിജിൻ (42) ആണ് മരിച്ചത്. വിജിന്റെ വീട്ടിലെ ഏകദേശം 15 അടി താഴ്ചയും ഏഴ് അടി വെള്ളവുമുള്ള കിണറ്റിലാണ് ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
വിജിൻ ഒറ്റക്കായിരുന്നു താമസമെന്നും പാർക്കിൻസൺസ് രോഗ ബാധിതയായ മാതാവ് ബന്ധുവീട്ടിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തു ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയും തുടർന്ന് നടന്ന പരിശോധനയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വർക്കല ഫയർ ഫോഴ്സ് എത്തി. അഗ്നിരക്ഷാസേനാംഗമായ ഭഗത് കിണറ്റിലിറങ്ങി ഹോസ് റോപ്പിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

by Midhun HP News | Jun 23, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ (ലോ-ആൽക്കഹോൾ ബീവറേജസ്) നികുതി ഇളവ് രാഷ്ട്രീയ കൊടുങ്കാറ്റിലേക്ക്. പുതിയ നികുതി പരിഷ്കരണം പ്രമുഖ അന്താരാഷ്ട്ര മദ്യക്കമ്പനിയായ ‘ബക്കാർഡി’യെ സഹായിക്കാനാണെന്നും ഇതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആരോപണം ഉന്നയിച്ചു. മുൻപ് ഇടതുപക്ഷ സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ബക്കാർഡി കമ്പനി രണ്ടു തവണ സമീപിച്ചിരുന്നെന്നും പ്രതിപക്ഷ നേതാവ് സഭയിൽ വെളിപ്പെടുത്തി. സർക്കാരിന്റെ ഈ നടപടി അഴിമതി ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതി ആരോപണം ഉന്നയിക്കാനാവില്ല; സ്പീക്കറുടെ റൂളിംഗ്
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ ഇടപെട്ട സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബജറ്റ് ചർച്ചകൾ നടക്കുന്നതിനാൽ സഭയിൽ ചട്ടപ്രകാരം ഇത്തരം കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി. സഭാ ചട്ടങ്ങളിലെ ‘റൂൾ 50’-ന്റെ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ റൂൾ 50 പ്രകാരമുള്ള അനുമതി ഈ വിഷയത്തിൽ നൽകാൻ കഴിയില്ലെന്നും സ്പീക്കർ റൂളിംഗ് നൽകി.
ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ വാക്കൗട്ട് പ്രസംഗത്തിലെ അഴിമതി ആരോപണങ്ങൾ ഉൾപ്പെട്ട പ്രധാന ഭാഗങ്ങൾ സഭാ ടിവിയിൽ നിന്നും നീക്കം ചെയ്തു. സഭയുടെ അന്തസ്സിന് നിരക്കാത്ത ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സഭാ രേഖകളിൽ നിന്നും വെട്ടിമാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സ്പീക്കറോട് ആവശ്യപ്പെട്ടു.
പിണറായിയുടേത് ഗുരുതരമായ ചട്ടലംഘനം: ഭരണപക്ഷം
പ്രതിപക്ഷ നേതാവ് സഭയിൽ നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ഭരണപക്ഷം ഒരേസ്വരത്തിൽ കുറ്റപ്പെടുത്തി. സഭയിലെ കൃത്യമായ ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റിൽപ്പറത്തിയാണ് പിണറായി വിജയൻ സംസാരിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.തുടർന്ന് സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായത് തികഞ്ഞ ചട്ടലംഘനമാണെന്ന് ആരോപിച്ചു. മദ്യനികുതിയുമായി ബന്ധപ്പെട്ട് സഭയ്ക്കകത്തും പുറത്തും ഭരണ-പ്രതിപക്ഷ പോര് ഇതോടെ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.

by Midhun HP News | Jun 23, 2026 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തലാസീമിയ രോഗികൾക്ക് പതിവായി രക്തം കയറ്റുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റുകളുടെ സ്റ്റോക്ക് തീർന്നത് രോഗികളെയും അവരുടെ കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. പതിവ് രക്തമാറ്റത്തിനായി തിങ്കളാഴ്ച മെഡിക്കൽ കോളജിലെത്തിയ വലിയൊരു വിഭാഗം തലാസീമിയ രോഗികൾക്ക് ആശുപത്രിയിൽ നിന്നും ഫിൽട്ടർ സെറ്റ് ലഭിച്ചില്ല. ഇതേത്തുടർന്ന് ഇവ പുറത്തുനിന്നുള്ള ഫാർമസികളിൽ നിന്നും വൻ തുക നൽകി വാങ്ങേണ്ടി വന്നതായി ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരീം കാരശ്ശേരി വ്യക്തമാക്കി.
രക്തം കയറ്റുമ്പോൾ ശരീരത്തിലുണ്ടാകാൻ സാധ്യതയുള്ള മാരകമായ പാർശ്വഫലങ്ങൾ ഒഴിവാക്കാനും രക്തത്തിലെ വെളുത്ത രക്താണുക്കളെ അരിച്ചെടുക്കാനും ലൂക്കോസൈറ്റ് ഫിൽട്ടറുകൾ അത്യാവശ്യമാണ്.
ടെൻഡർ വൈകൽ സ്ഥിരം പ്രതിസന്ധി; വടക്കൻ മലബാറിലെ രോഗികൾ ദുരിതത്തിൽ
മുൻപും ടെൻഡർ നടപടികളിലെ സാങ്കേതിക തടസ്സങ്ങളും കാലതാമസവും കാരണം ഫിൽട്ടർ സെറ്റുകളുടെയും മറ്റ് ജീവൻരക്ഷാ മരുന്നുകളുടെയും വിതരണം മുടങ്ങിയിട്ടുള്ളതായി കൗൺസിൽ ആരോപിച്ചു. അത്തരം ഘട്ടങ്ങളിൽ പ്രാദേശികമായി മരുന്ന് വാങ്ങാനുള്ളപ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് മെഡിക്കൽ കോളേജ് അധികൃതർ പ്രതിസന്ധി പരിഹരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ രീതിയിൽ അടിയന്തരമായി വാങ്ങിയ ഫിൽട്ടറുകളുടെ സ്റ്റോക്കും അവസാനിച്ചതാണ് രോഗികളെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. വടക്കൻ മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് തലാസീമിയ രോഗികളുടെ പ്രധാന റഫറൽ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കൽ കോളജ്. ഈ സാഹചര്യത്തിൽ അത്യാവശ്യ മെഡിക്കൽ സാമഗ്രികളുടെ ക്ഷാമം തുടർചികിത്സയെ ഗുരുതരമായി ബാധിക്കുമെന്ന് കരീം കാരശ്ശേരി മുന്നറിയിപ്പ് നൽകി.
അതേസമയം, മെഡിക്കൽ കോളജിൽ ഫിൽട്ടർ സെറ്റുകളുടെ സ്റ്റോക്ക് തീർന്നതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങളുടെ പ്രതികരണം. എന്നിരുന്നാലും, ഗുരുതരമായ രക്ത വൈകല്യമുള്ള തങ്ങളുടെ മക്കളുടെ ജീവൻ രക്ഷിക്കാൻ അധികൃതർ അടിയന്തരമായി ഇടപെട്ട് ഫിൽട്ടർ സെറ്റുകളുടെ വിതരണം പുനഃസ്ഥാപിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.

by Midhun HP News | Jun 23, 2026 | Latest News, ദേശീയ വാർത്ത
വില്‍ കാത്കാർട്ടിന് പകരക്കാരനായാണ് ഈ നിയമനം. ആഗോള സാങ്കേതിക രംഗത്ത് ഒരു ഇന്ത്യൻ സംരംഭകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവികളിലൊന്നാണിത്.
നിലവിലെ വാട്‌സ്‌ആപ്പ് മേധാവി വില്‍ കാത്കാർട്ട് തിങ്കളാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. 2019 മുതല്‍ വാട്‌സ്‌ആപ്പിനെ നയിച്ചിരുന്നത് കാത്കാർട്ടായിരുന്നു. മെറ്റാ കമ്പനി ക്രെഡില്‍ ഏകദേശം 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു എന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് ഈ പുതിയ സംഭവവികാസം.

by Midhun HP News | Jun 23, 2026 | Latest News, കേരളം
കൊല്ലം: കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പര്‍ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി പാര്‍ത്ഥിപ് (15), നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാര്‍ (45) എന്നിവരാണ് മരിച്ചത്. ഹരിലാല്‍ ട്യൂട്ടോറിയല്‍ അധ്യാപകനാണ്. മകനെ ബസ് കയറ്റിവിടാന്‍ വന്നതാണ് അപകടത്തില്‍ മരിച്ച അജയകുമാര്‍.
റിഷബ് (15), കൗശിക് (15), നവനീത് (13), ജിബിമോള്‍ (15) ലോറി ഡ്രൈവര്‍ നിസാം (40) എന്നിവരാണ് ചികിത്സയിലുള്ളത്. റിഷബും കൗഷികും മെഡിസിറ്റിയിലും നിസാം ഗോകുലം മെഡിക്കല്‍ കോളജിലും നവനീതും, ജിബിമോളും കൊട്ടാരക്കര താലൂക്ക് ആശുപത്രിയലുമാണ് ചികിത്സയിലുള്ളത്. പരിക്കേറ്റ ഒരു കൂട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ നിസാമിനും സാരമായ പരിക്കേറ്റിട്ടുണ്ട്.
എട്ടുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരുടെ പരിക്കുകള്‍ നിസ്സാരമാണെന്നാണ് വിവരം. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ടിപ്പര്‍ മറിഞ്ഞതോടെ ലോറിയിലുണ്ടായിരുന്ന മണ്ണ് മറിഞ്ഞുവീണ് അപകടത്തില്‍പ്പെട്ടവര്‍ അതിനടിയില്‍ കുടുങ്ങുകയായിരുന്നു. മതിലിനോട് ചേര്‍ന്ന് ബസ് കാത്തുനിന്നവരാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ലോറി മതിലിലേക്ക് പാഞ്ഞുകയറി ഇടിച്ചു മറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബസ് സ്റ്റോപ്പും മതിലും ഇടിഞ്ഞും അപകടത്തില്‍പ്പെട്ടവരുടെ ദേഹത്തേക്ക് പതിച്ചിരുന്നു.
രാവിലെ 7.10ന് വരേണ്ട ബസ് 7.12 ഓടെയാണ് വന്നതെന്നാണ് വിവരം. ഇതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പില്‍ 15 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ആണ്‍കുട്ടികള്‍ നിന്നിരുന്ന ഭാഗത്തേക്കാണ് ടിപ്പര്‍ ലോറി ഇരച്ചെത്തിയത്. കൂട്ടം കൂടി നിന്ന വിദ്യാര്‍ത്ഥികളില്‍ എതാനും പേര്‍ ഹോം വര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബുക്കെടുക്കാനായി മാറി നിന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചതായി നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഒരുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

Recent Comments