by Midhun HP News | Jun 23, 2026 | Latest News, കേരളം
അമ്മയിലെ കൂട്ടരാജിയ്ക്ക് പിന്നാലെ പ്രതികരണവുമായി നടി അന്‍സിബ ഹസ്സന്‍. അമ്മയുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ഇനി മത്സരിക്കില്ലെന്നാണ് അന്‍സിബ അറിയിച്ചിരിക്കുന്നത്. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരമെന്നാണ് അന്‍സിബ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരിക കുറിപ്പിലൂടെയാണ് അന്‍സിബയുടെ പ്രതികരണം. ‘സ്‌നേഹത്തിന് നന്ദി. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയില്‍ നിന്നാകട്ടെ’ എന്നു പറഞ്ഞാണ് അന്‍സിബ കുറിപ്പ് പങ്കുവെക്കുന്നത്. അന്‍സിബയുടെ കുറിപ്പിലേക്ക്:
”പ്രിയപ്പെട്ടവരേ, എന്റെ ജീവിതയാത്രയില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരം.
അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആര്‍ജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. സ്‌നേഹത്തോടെ, അന്‍സിബ ഹസ്സന്‍”.
അമ്മയിലെ പ്രതിസന്ധികള്‍ക്കിടെ പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പടെ ഭരണസമിതിയിലെ 17 പേരും രാജിവച്ചിരുന്നു. അധികാരമേറ്റ് ഒരു വര്‍ഷം മുമ്പാണ് രാജി. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. നാല് മാസമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി. അതേസമയം ഭരണസമിതി രാജിവച്ചതിന് പിന്നാലെ നടിമാരായ ലക്ഷ്മി പ്രിയ, മല്ലിക സുകുമാരന്‍ എന്നിവര്‍ അമ്മയില്‍ നിന്നും രാജിവച്ചു. അഡ്‌ഹോക് കമ്മിറ്റിയിലെ അംഗമായിരുന്ന ആശ അരവിന്ദും കമ്മിറ്റിയില്‍ നിന്നും രാജിവച്ചു.

by Midhun HP News | Jun 23, 2026 | Latest News, കേരളം
കോഴിക്കോട്: ജില്ലയിൽ പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആഴ്ചകളായി കുടിവെള്ള വിതരണം താറുമാറായതായി പരാതി. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകൾ ഉൾപ്പെടെ ആശുപത്രിയിലെ മിക്ക വാർഡുകളിലും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്.
വാർഡുകളിലെ ടാപ്പുകൾ മണിക്കൂറുകളോളം തുറന്നിട്ടും ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. ഇതോടെ കുടിവെള്ളത്തിനായി സമീപത്തെ ഹോട്ടലുകളെയും കാന്റീനുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് പലരും.
ഉയർന്ന വില നൽകി വാങ്ങുന്ന വെള്ളത്തിന്റെ ഗുണനിലവാരം പോലും ഉറപ്പാക്കാനാകാത്ത സാഹചര്യമാണുള്ളത്. കടുത്ത ചൂടും പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുമ്പോൾ ഇത് രോഗികളുടെ ആരോഗ്യത്തിന് കൂടുതൽ വെല്ലുവിളിയാകുന്നുവെന്ന ആശങ്കയും ഉയരുന്നു.ആഴ്ചകളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. നിരവധി പരാതികൾ നൽകിയിട്ടും കുടിവെള്ള വിതരണം എപ്പോൾ പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. രോഗപ്രതിരോധത്തിനും ശുചിത്വത്തിനും ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ആശുപത്രിയിൽ തന്നെ കുടിവെള്ളം ലഭിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന വിമർശനം ശക്തമാണ്.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് രോഗികളും കൂട്ടിരിപ്പുകാരും മുന്നറിയിപ്പ് നൽകി. മെഡിക്കൽ കോളജ് സൂപ്രണ്ടും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെട്ട് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

by Midhun HP News | Jun 23, 2026 | Latest News, കേരളം
കൊച്ചി: കെഎസ്ആര്‍ടിസി സ്ത്രീകള്‍ക്കായുള്ള ‘പ്രിയദര്‍ശിനി’ സൗജന്യ യാത്ര ആരംഭിച്ച ശേഷം പല റൂട്ടുകളിലും സര്‍വീസുകള്‍ മുടങ്ങുന്നതായി പരാതി. എറണാകുളം ബോട്ട് ജെട്ടി സ്റ്റാന്‍ഡില്‍ നിന്ന് വരാപ്പുഴ – പറവൂര്‍ – കൊടുങ്ങല്ലൂര്‍ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസുകള്‍ പതിവായി ട്രിപ്പ് മുടക്കുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. വൈകിട്ട് മൂന്ന് മണിക്ക് ശേഷമുള്ള തിരക്കേറിയ സമയത്താണ് സര്‍വീസുകള്‍ കൂടുതലായും റദ്ദാക്കപ്പെടുന്നതെന്നാണ് പരാതി.
ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, പൊന്നാനി ഡിപ്പോകളിലെ ബസുകളാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ജോലിക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഈ സര്‍വീസുകളെ ആശ്രയിക്കുന്നത്. സാധാരണ 10 മുതല്‍ 20 മിനിറ്റ് വരെ ഇടവേളകളില്‍ ബസുകള്‍ ലഭിക്കാറുണ്ടെങ്കിലും അടുത്തിടെയായി പല സര്‍വീസുകളും മുന്നറിയിപ്പില്ലാതെ റദ്ദാക്കപ്പെടുന്നതായി യാത്രക്കാര്‍ ആരോപിക്കുന്നു. ഇതുമൂലം മണിക്കൂറുകളോളം ബസ് കാത്തുനില്‍ക്കേണ്ട സാഹചര്യമാണുള്ളത്.
വൈകിട്ട് 4 മണിക്ക് എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കൊടുങ്ങല്ലൂര്‍ ഡിപ്പോ ബസ് പലപ്പോഴും റദ്ദാക്കപ്പെടുന്നതായി യാത്രക്കാര്‍ പറയുന്നു. 4.10നുള്ള പൊന്നാനി സര്‍വീസും 4.20നുള്ള ഗുരുവായൂര്‍ സര്‍വീസും സ്ഥിരമായി മുടങ്ങുന്നതായും പരാതിയുണ്ട്. ഇതോടെ 3.40നുള്ള ബസിന് ശേഷം ഗുരുവായൂരിലേക്കുള്ള അടുത്ത സര്‍വീസ് 4.50നാണ് ലഭിക്കുന്നത്. അതിനാല്‍ പിന്നീട് എത്തുന്ന ബസുകളില്‍ അമിത തിരക്ക് അനുഭവപ്പെടുന്നുവെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ശേഷം യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ സര്‍വീസ് മുടക്കങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുന്നുണ്ട്. യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ കെഎസ്ആര്‍ടിസി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. യുഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്ന പദ്ധതി നടപ്പാക്കി ഒരാഴ്ച പിന്നിടുന്ന വേളയിലാണ് ആക്ഷേപം കേള്‍ക്കുന്നത്.
by Midhun HP News | Jun 23, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് യുപി മുഖ്യമന്ത്രി യോഗ് ആദിത്യനാഥ് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. അതിനിടെ, ക്ഷേത്ര ട്രസ്റ്റിന്റെ അധികാരങ്ങള്‍ മരവിപ്പിച്ചു. ക്ഷേത്രത്തിന്റെ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി ഏറ്റെടുത്തു.
അയോധ്യ രാമക്ഷേത്രത്തില്‍ സമര്‍പ്പിച്ച വഴിപാടുകളില്‍ നിന്ന് ഏഴ് കോടി രൂപയോളം രൂപയും കാണിക്കയായി നല്‍കിയ വെള്ളിക്കട്ടികളും അടക്കം കാണാതായെന്ന പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) രാമക്ഷേത്ര ട്രസ്റ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള മുഴുവന്‍ വിഷയത്തിലും സിബിഐ/ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
‘ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസകേന്ദ്രമാണ് രാമക്ഷേത്രം. അതിനാല്‍, വഴിപാടുകള്‍, സംഭാവനകള്‍, ക്ഷേത്ര ഭരണം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആരോപണങ്ങളിലും സുതാര്യത അത്യാവശ്യമാണ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍, അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുത്തണം’ എന്നാണ് അയോധ്യയിലെ ബിജെപി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതില്‍ അടക്കം പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇരുന്നുകൊണ്ട് മേശപ്പുറത്ത് വെച്ച് പണം എണ്ണുകയായിരുന്നു. അതിനു പകരം തറയില്‍ പരവതാനി വിരിച്ച് അതില്‍ വെച്ച് എണ്ണാനാണ് പുതിയ നിര്‍ദേശം. ക്ഷേത്രത്തില്‍ 35 ഭണ്ഡാരങ്ങളാണ് ഉള്ളത്. ഈ ഭണ്ഡാരങ്ങളില്‍ നിന്നും പണം പുറത്തേക്ക് എടുക്കുമ്പോഴും, എണ്ണുമ്പോഴും നിര്‍ബന്ധമായും വീഡിയോ ചിത്രീകരിച്ചിരിക്കണം. നേരത്തെ ഒരു സിസിടിവി കാമറ മാത്രമാണ് പണം എണ്ണുന്ന മുറിയില്‍ ഉണ്ടായിരുന്നത്.
ഇവിടെ ആറു സിസിടിവികള്‍ സ്ഥാപിച്ചു. സിസിടിവികളുടെ സ്റ്റോറേജ് കപ്പാസിറ്റിയും കൂട്ടിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് പുറത്തു വന്ന പശ്ചാത്തലത്തില്‍ ക്ഷേത്ര ട്രസ്റ്റിയെ പൂര്‍ണമായും ചുമതലകളില്‍ നിന്നും മാറ്റിയിരിക്കുകയാണ്. സാമ്പത്തിക ക്രമക്കേടില്‍ വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റും നിലവില്‍ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ ആരോപണങ്ങളുമായി എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ രംഗത്തു വന്നു.
രാമക്ഷേത്രത്തില്‍ നിന്നും സംഭാവനകളായി ലഭിച്ച കോടിക്കണക്കിന് പണമാണ് കൊള്ളയടിക്കപ്പെട്ടത്. ഇതില്‍ രാമഭക്തര്‍ക്കിടയില്‍ വലിയ രോഷമുണ്ട്, അവരുടെ മനസ്സില്‍ നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു. രാമക്ഷേത്രത്തിന്റെ മുഴുവന്‍ നിയന്ത്രണവും ചമ്പത് റായിയുടെ കൈകളിലാണ്. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ചമ്പത് റായിക്കെതിരെയാണ് ഉന്നയിക്കപ്പെടുന്നത്. അദ്ദേഹത്തെ ഇതുവരെ പുറത്താക്കാത്തത് എന്തുകൊണ്ട്? ചമ്പത് റായി വായ തുറന്നാല്‍ നിരവധി വലിയ മുഖങ്ങള്‍ വെളിപ്പെടുമെന്ന് ഭയമുണ്ടോ? എന്നും അരവിന്ദ് കെജരിവാള്‍ ചോദിച്ചു.

by Midhun HP News | Jun 23, 2026 | Latest News, കായികം
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കോംഗോയ്ക്കെതിരെ സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് കിരീട പ്രതീക്ഷയിൽ മുന്നിലുള്ള പോർച്ചുഗൽ ടീം. സൂപ്പർ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ വലിയ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ടീമിലെ താരങ്ങൾ തമ്മിലുള്ള മാനസിക അടുപ്പമില്ലായ്മയടക്കമുള്ളവയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും ചേരിപ്പോരിനും വരെ വഴിയൊരുക്കി.
ഇന്ന് പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ നേരിടാൻ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ഹൂസ്റ്റൺ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരം ജയിക്കേണ്ടത് പോർച്ചുഗലിന് അനിവാര്യമാണ്. ജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കു കടക്കാനുള്ള സാധ്യത നിലനിർത്താൻ സാധിക്കു എന്ന നിലയിലാണ് അവർ ഇറങ്ങുന്നത്.
അതിനിടെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ നിർണായക ചോദ്യത്തിനുള്ള മൗനം വലിയ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് പറയാൻ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് തയ്യാറായില്ല. മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ എവിടെയും തൊടാതെയുള്ള മറുപടി.
‘ആദ്യ ഇലവനെക്കുറിച്ച് എനിക്ക് ഇപ്പോൾ നിങ്ങളെ അറിയിക്കാൻ കഴിയില്ല. കാരണം ഞാൻ ഇതുവരെ എന്റെ കളിക്കാരോട് അതിനെക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ല’- റൊണാൾഡോ ടീമിൽ തുടരുമോ എന്ന ചോദ്യത്തിന് മറുപടിയായി മാർട്ടിനെസ് പറഞ്ഞു.
കോംഗോയുമായുള്ള പോർച്ചുഗലിന്റെ 1-1 സമനിലയിൽ 41 കാരനായ റൊണാൾഡോയ്ക്ക് ഗോൾ നേടാനായിരുന്നില്ല. രണ്ടാം പകുതിയിൽ ലഭിച്ച ചില മികച്ച സ്കോറിങ് അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തിയതിനെത്തുടർന്ന് ആരാധകരുടെ കടുത്ത വിമർശനവും അദ്ദേഹം നേരിട്ടു. ടീം മുന്നേറ്റ നിരയിൽ പതറിയപ്പോൾ എന്തുകൊണ്ടാണ് മാർട്ടിനെസ് അദ്ദേഹത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാതിരുന്നത് എന്ന ചോദ്യം ചിലർ ഉന്നയിക്കുകയും ചെയ്തു.
വിമർശനങ്ങൾ തന്റെ ടീമിനെ ബാധിക്കില്ലെന്ന് പറഞ്ഞ മാർട്ടിനെസ് ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്റിന്റെ ഭാഗമാകുമ്പോൾ ഇത്തരം ചർച്ചകൾ സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.
‘ഞങ്ങൾ കളിക്കുന്നത് ലോകകപ്പാണ്. അതിനാൽ സ്വാഭാവികമായും വലിയ രീതിയിലുള്ള ബഹളങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകും. അത് കളിയുടെ ഭാഗമാണ്. പക്ഷേ ഞങ്ങളുടെ ശ്രദ്ധ മുഴുവൻ ടീമിലാണ്. മികച്ച മനോഭാവം പ്രകടിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മത്സരത്തിനായി തയ്യാറെടുക്കുന്നതിൽ ഞങ്ങൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഞങ്ങൾ ശക്തരാണ്. ടീം മുമ്പത്തേക്കാളും കൂടുതൽ ഒറ്റക്കെട്ടാണ്.’
റൊണാൾഡോയുടെ പേര് എടുത്തു പറയാതെ തന്നെ ‘ചില വിമർശനങ്ങൾ അന്യായവും നീതിരഹിതവുമാണ്’ എന്ന് മാർട്ടിനെസ് പ്രതികരിച്ചു. ആദ്യ മത്സരത്തിൽ വെറും 25 തവണ മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പന്ത് തൊടാൻ പോലും സാധിച്ചത്. റൊണാൾഡോയുടെ മോശം ഫോമിലും ഫൈനൽ തേർഡിൽ അവസരങ്ങൾ ഗോളാക്കി മാറ്റാൻ അദ്ദേഹത്തിനുള്ള കഴിവിൽ മാർട്ടിനെസ് ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
‘ഗോളടിക്കാൻ ഏറ്റവും അനുയോജ്യനായ താരം ക്രിസ്റ്റ്യാനോ തന്നെയാണ്. ഐതിഹാസിക കളിക്കാരന്റെ കണക്കുകൾ ഇതിനെ പിന്തുണയ്ക്കുന്നതുമാണ്. കഴിഞ്ഞ 32 മത്സരങ്ങൾ എടുത്തു നോക്കിയാൽ അധിക മൂവ്‌മെന്റുകളിലൂടെ ഇടങ്ങൾ കണ്ടെത്താനും അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞ താരം അദ്ദേഹമാണ്.’
ആദ്യ മത്സരത്തിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. എന്നാൽ സമനിലയ്ക്ക് ശേഷം രണ്ട് തവണ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
‘ഞങ്ങൾ ആഗ്രഹിച്ച തുടക്കമായിരുന്നില്ല ഇത്. എന്നാൽ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. തലയുയർത്തി പിടിച്ച് അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’. പിന്നാലെ ഞയറാഴ്ച ടീമിന്റെ പരിശീലന സെഷനിൽ നിന്നുള്ള നാല് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു- ‘ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു’.

Recent Comments