സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് ഈ മാസം നാലാമത്തേത്

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് ഈ മാസം നാലാമത്തേത്

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് ചിറ്റൂര്‍ പെരുമാട്ടി സ്വദേശി ഗീത(45)യാണ് മരിച്ചത്. അങ്കണവാടി ജീവനക്കാരിയാണ്. ഈ വര്‍ഷം പാലക്കാട്ടെ ആറാം ഡെങ്കിപ്പനി മരണമാണിത്.

കഴിഞ്ഞ നാലു ദിവസമായി പനി ബാധിതയായിരുന്നു. സാധാരണ പനിയാണെന്ന ധാരണയില്‍ കഴിയുകയായിരുന്നു. എന്നാല്‍ പനി ഗുരുതരമായതോടെ, ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഡെങ്കിയാണെന്ന് സ്ഥീരീകരിച്ചത്.

ഈ മാസം നാലു പേരാണ് ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് ജില്ലയില്‍ മരിച്ചത്. കഴിഞ്ഞ മാസം രണ്ടുപേരും മരിച്ചിരുന്നു. പാലക്കാട്ടെ മണ്ണാര്‍ക്കാട് മേഖലയിലാണ് നേരത്തെ ഡങ്കിപ്പനി പടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജില്ലയുടെ മറ്റു ഭാഗത്തേക്കും ഡെങ്കിപ്പനി പടരുന്നതായാണ് റിപ്പോര്‍ട്ട്.

പ്രവാസികൾക്ക് വലിയ പെരുന്നാൾ സമ്മാനം! കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് ആഴ്ചയിൽ 69 സർവീസുകൾ

പ്രവാസികൾക്ക് വലിയ പെരുന്നാൾ സമ്മാനം! കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് ആഴ്ചയിൽ 69 സർവീസുകൾ

കണ്ണൂർ: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെയും വ്യോമപാത നിയന്ത്രണങ്ങളെയും തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിസന്ധിയിലായിരുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. ജൂലൈ 1 മുതൽ ഗൾഫ് മേഖലയിലേക്ക് മാത്രം ആഴ്ചയിൽ 69 സർവീസുകൾ പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിവിധ വിമാനക്കമ്പനികൾ സർവീസുകൾ പഴയപടിയാക്കാൻ തയ്യാറായതോടെ വടക്കൻ മലബാറിലെ പ്രവാസികൾക്കും ബിസിനസ് യാത്രികർക്കും ഇത് വലിയ ആശ്വാസമാകും.

യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലേക്കാണ് കണ്ണൂരിൽ നിന്ന് വിപുലമായ അന്താരാഷ്ട്ര ശൃംഖല ജൂലൈ മുതൽ സജ്ജമാകുന്നത്.

പ്രതിവാര ഗൾഫ് സർവീസുകളുടെ വിവരങ്ങൾ:

പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രമുഖ ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

അബുദാബി: ആഴ്ചയിൽ 14 സർവീസുകൾ (ഏറ്റവും കൂടുതൽ)

ഷാർജ: ആഴ്ചയിൽ 12 സർവീസുകൾ

ദോഹ: ആഴ്ചയിൽ 10 സർവീസുകൾ

ദുബായ്: ആഴ്ചയിൽ 9 സർവീസുകൾ

ഫുജൈറ: ആഴ്ചയിൽ 7 സർവീസുകൾ

മസ്‌കറ്റ്: ആഴ്ചയിൽ 4 സർവീസുകൾ

റിയാദ്, റാസൽഖൈമ, കുവൈറ്റ്: ആഴ്ചയിൽ 3 സർവീസുകൾ വീതം

ജിദ്ദ, ബഹ്‌റൈൻ: ആഴ്ചയിൽ 2 സർവീസുകൾ വീതം

യാത്രക്കാർക്ക് കൂടുതൽ സമയക്രമീകരണ സാധ്യതകളും മികച്ച കണക്റ്റിവിറ്റിയും നൽകാൻ ഈ പുതിയ പ്രതിവാര ഷെഡ്യൂളിലൂടെ സാധിക്കുമെന്ന് കിയാൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആഭ്യന്തര സർവീസുകളും സജീവമാകുന്നു

രാജ്യാന്തര റൂട്ടുകൾക്ക് പുറമേ കണ്ണൂരിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട്. പ്രവാസികൾക്ക് കണക്റ്റിംഗ് ഫ്ലൈറ്റുകൾ എളുപ്പമാക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ്സ് തങ്ങളുടെ ബംഗളൂരു സർവീസുകൾ പുനരാരംഭിച്ചു. ഇതോടൊപ്പം ഇൻഡിഗോ ഹൈദരാബാദിലേക്ക് പുതിയ സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന വാണിജ്യ-ട്രാൻസിറ്റ് ഹബ്ബുകളിലേക്കുള്ള യാത്ര ഇത് കൂടുതൽ എളുപ്പമാക്കും

നിർത്തിവെച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കുന്നതും പ്രധാന ഗൾഫ് റൂട്ടുകളിൽ കൂടുതൽ വിമാനങ്ങൾ എത്തുന്നതും വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് വലിയ നാഴികക്കല്ലാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഈ കുതിച്ചുചാട്ടം മലബാറിലെ വ്യാപാരം, ടൂറിസം, പ്രാദേശിക സാമ്പത്തിക വളർച്ച എന്നിവയ്ക്ക് വലിയ ഊർജ്ജം പകരുമെന്നുറപ്പാണ്.

ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം.

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിര്‍ദേശം

സോമാലിയന്‍ തീരം, വടക്കന്‍ ഒമാന്‍ തീരം, അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.

തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരത്തിനോട് ചേര്‍ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

നാളെ ( ചൊവ്വ) : സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.

തെക്കന്‍ കൊങ്കണ്‍ & ഗോവ തീരങ്ങള്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

വാൻകൂവർ: ഒരു ​ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 3 ​ഗോളുകൾ തിരിച്ചടിച്ച് ഈജിപ്റ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ​ഗ്രൂപ്പ് ജി പോരാട്ടത്തിൽ അവർ ന്യൂസിലൻഡിനെ 1-3നു വീഴ്ത്തി ചരിത്രമെഴുതി. ജയത്തോടെ ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ അവർ നോക്കൗട്ട് പ്രതീക്ഷകളും സജീവമാക്കി. ​ഗ്രൂപ്പ് ജിയിൽ ഇത്തവണ ആദ്യ ജയം സ്വന്തമാക്കുന്ന ടീമും ഈജിപ്റ്റ് തന്നെ.

1934 മുതൽ ലോകകപ്പ് കളിക്കുന്ന ഈജിപ്റ്റ് ചരിത്രത്തിലാദ്യമായാണ് വിശ്വ പോരാട്ടത്തിൽ ജയം സ്വന്തമാക്കുന്നത്. കാത്തിരുന്നത് ഒന്നും രണ്ടും വർഷം അല്ല നീണ്ട 92 വത്സരങ്ങൾ വേണ്ടി വന്നു അവർക്ക് ലോകകപ്പിൽ ഒരു മത്സരം ജയിക്കാൻ‌!

മുസ്തഫ സികോ, മുഹമ്മദ് സല, മഹ്‌മൂദ് ട്രെസഗെ എന്നിവരാണ് ഈജിപ്റ്റിനായി വല ചലിപ്പിച്ചത്. ഫിന്‍ സര്‍മാന്റെ ഗോളില്‍ 15ാം മിനിറ്റില്‍ തന്നെ ന്യൂസിലന്‍ഡ് കളിയില്‍ ലീഡെടുത്തിരുന്നു. 58, 67, 82 മിനിറ്റുകളിലാണ് ഈജിപ്റ്റിന്റെ മറുപടി ഗോളുകള്‍.

ഇരു ഭാഗത്തു നിന്നും പ്രസ്സിങ്ങും കൗണ്ടർ പ്രസ്സിങ്ങുമായാണ് മത്സരം ആരംഭിച്ചത്. 57ാം മിനിറ്റ് വരെ ഈജിപ്റ്റ് പിന്നിലായിരുന്നു. പിന്നീടാണ് അവർ തിരിച്ചു വന്നത്. ആദ്യ 10 മിനിറ്റിൽ ന്യൂസിലൻഡും ഈജിപ്റ്റും തുടരെ ആക്രമണങ്ങളുമായി കളം നിറഞ്ഞു. കാര്യമായ ഗോളവസരങ്ങൾ ഒരുക്കാനായില്ലെന്നു മാത്രം,

14ാം മിനിറ്റിലാണ് ന്യൂസിലൻഡിന് മത്സരത്തിലെ ആദ്യത്തെ മികച്ച അവസരം ലഭിച്ചത്. ഇലിജ ജസ്റ്റിന്റെ ഷോട്ട് ഈജിപ്റ്റ് ഗോളി മുസ്തഫ ഷോബിർ രക്ഷപ്പെടുത്തിയത് ഏറെ പ്രയാസപ്പെട്ട്. ഇതിന് ലഭിച്ച കോർണറിൽ നിന്നാണ് ആദ്യ ഗോളിന്റെ പിറവി. ടിം പൈനെ എടുത്ത കോർണർ ഒരു ബുള്ളറ്റ് ഹെഡറിലൂടെ വലയിലാക്കി ഫിൻ സർമാനാണ് ന്യൂസിലൻഡിന് ലീഡ് സമ്മാനിച്ചത്.

ഗോൾ നേടിയതോടെ ന്യൂസിലൻഡ് തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഫലപ്രദമായി പ്രതിരോധിച്ച് ഈജിപ്ഷ്യൻ പ്രതിരോധം പിടിച്ചു നിന്നു. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ഈജിപ്റ്റ് കഠിന പ്രയ്ത്‌നം നടത്തിയെങ്കിലും ന്യൂസിലൻഡും പ്രതിരോധം കടുകട്ടിയാക്കി നിന്നു. ഒന്നാം പകുതിയിൽ ന്യൂസിലൻഡ് ലീഡുമായി പിരിഞ്ഞു.

രണ്ടാം പകുതിയിൽ ഈജിപ്റ്റ് ജയം പിടിക്കണമെന്നു കൃത്യമായി കണക്കുകൂട്ടി തന്നെയാണ് ഇറങ്ങിയത്. പന്തിൽ നിയന്ത്രണം കൂടുതൽ നിർത്തുക എന്നതായിരുന്നു ഈജിപ്റ്റിന്റെ തന്ത്രം. അവർ ഏതാണ്ട് അക്കാര്യത്തിൽ വിജയിക്കുകയും ചെയ്തു. പിന്നീട് ഈജിപ്റ്റ് കളം നിറയുകയായിരുന്നു. 58ാം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ അവർ ഗോൾ മടക്കി. മുഹമ്മദ് ഹാനി ബോക്‌സിലേക്ക് നൽകിയ ലോങ് ബോൾ സിക്കോ മിന്നും ഹെഡറിലൂടെ വലയിലാക്കി.

67ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സല ടീമിനു രണ്ടാം ​ഗോൾ സമ്മാനിച്ചു. സിക്കോയുമൊത്തുള്ള ഒരു വൺ ടു മുന്നേറ്റത്തിനൊടുവിൽ ബോക്‌സിൽ വച്ച് പന്ത് സ്വീകരിച്ച സല അനായാസം സ്കോർ ചെയ്തു. ലീഡ് പിടിച്ചതോടെ ഈജിപ്റ്റ് ​ഗോൾ ശ്രമം തുടരുന്നത് നിർത്തിയില്ല. പിന്നാലെ 82ാം അതിന്റെ ഫലവും വന്നു. ഇത്തവണ മഹ്‌മൂദ് ട്രെസെഗെ വല ചലിപ്പിച്ചതോടെ ന്യൂസിലൻ‍ഡിന്റെ തിരിച്ചു വരവ് അസാധ്യമായി.

താരസംഘടനയിൽ പൊട്ടിത്തെറി കൂട്ടരാജിയിലേക്ക്, അമ്മ ഭരണ സമിതി മുഴുവന്‍ അംഗങ്ങളും രാജിവെച്ചു

താരസംഘടനയിൽ പൊട്ടിത്തെറി കൂട്ടരാജിയിലേക്ക്, അമ്മ ഭരണ സമിതി മുഴുവന്‍ അംഗങ്ങളും രാജിവെച്ചു

കൊച്ചി: അമ്മ ഭരണസമിതി രാജിവെച്ചു. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു.

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വന്‍തര്‍ക്കം. വിയോജിപ്പിലും തര്‍ക്കത്തിലും മുങ്ങി വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാന്‍ ആയില്ല. വ്യക്തതയില്ലാത്ത കണക്ക് ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പാസാക്കാന്‍ അനുവദിക്കില്ലെന്ന് നടന്‍ സിദ്ദിഖ്, ഇടവേള ബാബു എന്നിവര്‍ നിലപാട് വ്യക്തമാക്കി. കണക്കുകള്‍ തെറ്റിയ റിപ്പോര്‍ട്ട് പാസാക്കാന്‍ സാധിക്കില്ലെന്ന് രഞ്ജി പണിക്കരും പറഞ്ഞു. ഒടുവില്‍ വിഷയത്തില്‍ മോഹന്‍ലാല്‍ നിലപാട് എടുക്കണം എന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യോഗത്തില്‍ വൈകാരികമായാണ് മോഹന്‍ലാല്‍ സംസാരിച്ചത്. സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ 45 ദിവസം സമയം അനുവദിക്കണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് പാസാക്കാന്‍ ശ്രമം നടത്തും. സംഘടനയുടെ പേര് ജനങ്ങള്‍ക്ക് മുന്‍പില്‍ ചീഞ്ഞളിഞ്ഞെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. പേര് ചീത്തയാക്കിയത് സംഘടനക്ക് ഉള്ളില്‍ ഉള്ളവരാണെന്നും അംഗങ്ങള്‍ ആരോപിച്ചു.

അതേസമയം വലിയ യുവതാരനിര തന്നെ യോഗത്തില്‍ നിന്നും വിട്ടുനിന്നു. ആസിഫ് അലി, പൃഥ്വിരാജ്, ടോവിനോ, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബേസില്‍ ജോസഫ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ യോഗത്തിനെത്തിയില്ല. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തിയശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇന്ന് നടക്കുന്നത്. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് ജനറല്‍ ബോഡി യോഗം. അമ്മയിലെ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. അന്‍സിബ ഇന്ന് യോഗത്തിനെത്തിയിരുന്നു.
അതിനിടെ ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കിയിരുന്നു നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. പുതിയ ഭരണസമിതി ഒഴിയണമെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും അവിശ്വാസ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞുതീര്‍ക്കാനാകില്ലെന്നും പ്രമേയത്തില്‍ പരാമര്‍ശം ഉണ്ട്. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രസിഡന്റ് നിശബ്ദത പാലിച്ചെന്നും വിവാദങ്ങളില്‍ കൃത്യമായ നിലപാടോ നടപടികളോ എടുത്തില്ലെന്നും ആക്ഷേപവും ഉയര്‍ന്നു.