രണ്ടു വര്‍ഷത്തിനുശേഷം ഹാര്‍ബര്‍ ടെര്‍മിനസില്‍ തീവണ്ടിയെത്തി; ട്രെയിനിടിച്ച് യുവാവ് മരിച്ചു

രണ്ടു വര്‍ഷത്തിനുശേഷം ഹാര്‍ബര്‍ ടെര്‍മിനസില്‍ തീവണ്ടിയെത്തി; ട്രെയിനിടിച്ച് യുവാവ് മരിച്ചു

കൊച്ചി: കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലേഷ് ആണ് മരിച്ചത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഹാര്‍ബര്‍ ടെര്‍മിനസില്‍ ഒരു ട്രെയിന്‍ എത്തുന്നത്. കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിന്‍ ഗോള്‍ഡന്‍ ചാരിയറ്റാണ് യുവാവിനെ ഇടിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

വാത്തുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്. ഇവിടെ ഫോണ്‍ ചെയ്തുകൊണ്ടിരുന്നയാളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുവര്‍ഷത്തിന് ശേഷം ട്രെയിന്‍ കടന്നുപോയതില്‍ യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.

കാക്കനാട്ടെ ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ

കാക്കനാട്ടെ ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ

കൊച്ചി: ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ക്യാംപ് പിരിച്ചുവിട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടു. സീനിയർ വിദ്യാർഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർഥികൾ പരാതിപ്പെട്ടു.

എന്നാൽ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശേരി മെഡിക്കൽ കോളജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ടോടെ കൂടുതൽ കുട്ടികൾ ക്ഷീണിതരായി തളർന്നു വീഴുകയായിരുന്നു.

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; നടിമാര്‍ക്ക് കൈമാറാനെന്ന് മൊഴി

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; നടിമാര്‍ക്ക് കൈമാറാനെന്ന് മൊഴി

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്. കാറില്‍ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും വാഴക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

ഷാള്‍ ചക്രത്തില്‍ കുരുങ്ങി; തലയടിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി മരണപെട്ടു

ഷാള്‍ ചക്രത്തില്‍ കുരുങ്ങി; തലയടിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി മരണപെട്ടു

കോഴിക്കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ ചക്രത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ അയ്യപ്പന്‍വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഷാള്‍ ചക്രത്തില്‍ കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരില്ല

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരില്ല

സംസ്ഥാനത്ത് ​ഗുണ്ടാ സംഘങ്ങളും കുറ്റകൃത്യങ്ങളും പെരുകുമ്പോഴും പല പൊലീസ് സ്റ്റേഷനുകളിലെയും പൊലീസുകാരുടെ എണ്ണം വളരെ പരിമിതമെന്ന് റിപ്പോർട്ട്. പൊലീസ് സേനയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഓരോ സ്റ്റേഷനിലും 100 പൊലീസുകാർവരെ വേണമെന്നാണ് കണക്ക്.

എന്നാൽ, വെറും അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് നൂറിൽ കൂടുതൽ പൊലീസുകാരുള്ളത്.
245 പൊലീസ് സ്റ്റേഷനുകളിൽ അംഗസംഖ്യ പരമാവധി 40 വരെയാണ്. അതിൽത്തനെ 41 സ്റ്റേഷനുകളിൽ 19-നും 30-നുമിടയിലാണ് പൊലീസുകാരുടെ എണ്ണം. 204 സ്റ്റേഷനുകളിലാണ് 40 പൊലീസുകാരുള്ളത്. ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലം സേനയിൽ ആത്മഹത്യയും സ്വയം വിരമിക്കലും വർധിച്ചിട്ടും സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണമുയർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല എന്നാണ് വിമർശനം. ഉദ്യോഗസ്ഥ പുനർവിന്യാസം കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.