by Midhun HP News | Dec 22, 2024 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന മകൻ നീന്തിക്കയറി രക്ഷപ്പെട്ടു.
മീൻപിടിക്കാനും കുടിവെള്ളമെടുക്കാനും വേണ്ടി മകനൊപ്പമാണ് സന്ധ്യ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരാണ് സന്ധ്യയെ കരയ്ക്കെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
നീന്തൽ അറിയാവുന്നത് കൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് സന്ധ്യയുടെ ബന്ധുക്കൾ പറഞ്ഞു. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പൈപ്പിൻ്റെ പണി നടക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഒടുവിൽ കുടിവെള്ളം വന്നതെന്നും നാട്ടുകാർ പറയുന്നു.
by Midhun HP News | Dec 22, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: നഗരൂർ പഞ്ചായത്തിൻ്റെയും ബഡ്സ് സ്കൂളിൻ്റെയും നേതൃത്വത്തിൽ ഭിന്ന ശേഷി കുട്ടികളുടെ കലോത്സവം “ശലഭോത്സവം” എന്ന പേരിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഡി സ്മിത അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നന്ദു സുരേഷ് കുമാർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ എസ് വിജയലക്ഷ്മി, പി, ചെയർമാൻ വെള്ളല്ലൂർ കെ അനിൽകുമാർ, ജനപ്രതിനിധികളായ സിന്ധു രാജീവ്, ലാലി ജയകുമാർ, എം രഘു, നിസാമുദ്ദീൻ നാലപ്പാട്ട്, ഉഷ, ബി യു അർച്ചന, സൂപ്പർ വൈസർ ചിത്രാ കുമാരി, സിഡിഎസ് ചെയർ പേഴ്സൺ ജി ഷീബ എന്നിവർ സംസാരിച്ചു. എസ്എസ് കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ബി നജീബ് സമ്മാന വിതരണം നടത്തി. മജിഷ്യൻ പ്രണവ് സുരേഷ് മാജിക് അവതരിപ്പിച്ചു.
by Midhun HP News | Dec 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് എന്ന് റിപ്പോര്‍ട്ട്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസില്‍ പി വി അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും, വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടന്നത്. കവടിയാറിലെ ആഢംബര വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. ഇതിന്റെ ബാങ്ക് രേഖകള്‍ ഹാജരാക്കി. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിലുള്ളത്. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നത് അടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എം ആർ അജിത് കുമാറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ല. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. അന്തിമ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഡിജി പി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം എം ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലൻസ് റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ പ്രതികരിച്ചു. വിജിലൻസ് റിപ്പോർട്ട് ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകൾ നൽകിയിരുന്നു. റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കുമെന്നും പി വി അൻവർ പറഞ്ഞു. വിജിലൻസ് അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെ, എം ആർ അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.
by Midhun HP News | Dec 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിൽ ആണ് സംഭവം. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴിയിലായിരുന്നു അപകടം സംഭവിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഋതികിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റി വന്ന കാർ പാലത്തിന് സമീപത്തെ കുറ്റിയിൽ ഇടിച്ചാണ് മറിഞ്ഞത്. പാലത്തിനു സമീപത്തെ കല്ലിൽ ഇടിച്ചില്ല എങ്കിൽ കാർ ആറ്റിലേക്ക് മറിയുമായിരുന്നു.
by Midhun HP News | Dec 22, 2024 | Latest News, കേരളം
അയ്യപ്പന് മണ്ഡലപൂജയ്‌ക്ക് ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. രാവിലെ ഏഴുമണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. പുലർച്ചെ അഞ്ചുമണി മുതൽ തന്നെ വിശ്വാസികൾക്ക് തങ്കഅങ്കിദർശിക്കാനായുള്ള അവസരം ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. 7.00 മണിയോടെ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കിഴക്കേനടയില്‍നിന്നും ശബരിമലയിലേക്കുള്ള പ്രയാണം ആരംഭിക്കും.
ഡിസംബർ 25ന് ബുധനാഴ്ച പകൽ 1.30ന് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പമ്പയിലെത്തും. 3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനു ശേഷം 6.15ന് ഘോഷയാത്ര സന്നിധാനത്തെത്തും.ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. ഡിസംബര്‍ 25 ന് 54,000, 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകും.
Recent Comments