സ്വര്‍ണവിലയില്‍ മാറ്റമില്ല; 57,000ല്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 57,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7100 രൂപ നല്‍കണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

9 ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി

പാലക്കാട്: സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പള്ളി യുപി സ്‌കൂളിലെ അധ്യാപകരെയാണ് വിഎച്ച്പി പ്രവര്‍ത്തകരുടെ സംഘം ഭീഷണിപ്പെടുത്തിയത്.

സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആയിരുന്നെങ്കില്‍ നിങ്ങള്‍ ഇത്തരത്തില്‍ ആഘോഷം നടത്തുമായിരുന്നോയെന്നും ഇതിനുമുമ്പ് ആഘോഷിച്ചിട്ടുണ്ടോയെന്നും ചോദിച്ചായിരുന്നു അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. കുട്ടികളെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി ആഘോഷിക്കുന്നത് എന്തിനാണെന്നും, ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിച്ചത് എന്തിനാണെന്നുമാണ് അവര്‍ അധ്യാപകരെ ചോദ്യം ചെയ്തത്.

വയനാട് പുനരധിവാസം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റഘട്ടമായി നിര്‍മിക്കും

വയനാട് പുനരധിവാസം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റഘട്ടമായി നിര്‍മിക്കും

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയില്‍ രണ്ട് ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് പ്രദേശത്തായിരിക്കും ടൗണ്‍ഷിപ്പ് വരിക. 784 ഏക്കറില്‍ 750 കോടിയാണ് ടൗണ്‍ഷിപ്പിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. 1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാവുക. പദ്ധതി രേഖയില്‍ സ്‌പോണ്‍സര്‍മാരുടെ ലിസ്റ്റ് ഉള്‍പ്പെടുത്തും. 50 വീടുകള്‍ക്കു മുകളില്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്‌പോണ്‍സര്‍മാരായി പരിഗണിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

പുനരധിവാസത്തിനായി വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. പുനരധിവാസം വേഗത്തിലാക്കാന്‍ സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. പുനരധിവാസ പദ്ധതി അടുത്ത ക്യാബിനറ്റ് വിശദമായി പരിഗണിക്കും. കിഫ്ബി തയ്യാറാക്കിയ ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ചുമതല ഒരു ഏജന്‍സിയെ ഏല്‍പ്പിക്കാനും മേല്‍നോട്ട സമിതിയെ നിയോഗിക്കാനുമാണ് ധാരണ.

ഏജന്‍സിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. വീട് വെയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്തതുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 38 സംഘടനകള്‍ ഇതിനകം സന്നദ്ധത അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറിയാണ് കരട് പ്ലാന്‍ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്.

അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്

അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്

ക്വാലാലംപുര്‍: പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ബംഗ്ലാദേശിനെ 41 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 76 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി ഗോംഗതി തൃഷ അര്‍ധ സെഞ്ച്വറി നേടി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 47 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാ ബാറ്റിങ്‌നിര തുടക്കം മുതലെ തകര്‍ച്ച നേരിട്ടു. രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 30 പന്തില്‍ 22 റണ്‍സ് നേടിയ ജുഐരിയ ഫിര്‍ദൗസാണ് ടോപ് സ്‌കോറര്‍. 18 റണ്‍സ് നേടിയ ഫഹോമിദ ചോയയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്ന് വിക്കറ്റ് പിഴുതു. 3.3 ഓവറില്‍ 17 റണ്‍സ് മാത്രമാണ് താരം വിട്ടുനല്‍കിയത്. പരുണിക സിസോദിയ, സോനം യാദവ് എന്നിവര്‍ രണ്ട് വീതവും മലയാളി താരം വിജെ ജോഷിത ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോര്‍ 23ല്‍നില്‍ക്കേ ജി. കമാലിനിയുടെ (ഒമ്പത് പന്തില്‍ അഞ്ച്) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സനിക ചല്‍ക്കെ മടങ്ങി. ക്യപ്റ്റന്‍ നികി പ്രസാദ് (21 പന്തില്‍ 12), ഈശ്വരി അവ്‌സാരെ (12 പന്തില്‍ അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി.

അര്‍ധ സെഞ്ച്വറി നേടിയ ഗോംഗതി തൃഷ 16-ാം ഓവറിലാണ് മടങ്ങിയത്. മിഥില വിനോദ് (17), ആയുഷി ശുക്ല (10), വി.ജെ. ജോഷിത (മൂന്ന് പന്തില്‍ രണ്ട്*) ഷബ്‌നം ഷാക്കില്‍ (ഒരു പന്തില്‍ നാല്*) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. നാല് വിക്കറ്റ് പിഴുത ഫര്‍ജാന എസ്മിന്‍ ബംഗ്ലാ ബോളിങ് നിരയില്‍ തിളങ്ങി. നിഷിത അക്തര്‍ രണ്ടും ഹബീബ ഇസ്ലാം ഒരു വിക്കറ്റും നേടി.

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു

കലാനികേതനും കെ പി ആർ എയും ഗവൺമെൻറ് എൽ പി എസ് മേനംകുളം
പിടിഎ കമ്മിറ്റിയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും സംയുകതമായി ക്യാമ്പ്
സംഘടിപ്പിച്ചു. ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഗവൺമെൻറ് എൽ പി എസ് മേനംകുളത്തായിരുന്നു ക്യാമ്പ് നടന്നത്. കഴക്കൂട്ടം എസിപി പി നിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു. കലാനികേതൻ കെ പി ആർ എ ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷനായി.

പഞ്ചായത്ത് മെമ്പർ എസ് മോഹൻ, എസ്ശ്രീചന്ദ്, പി ടി എ പ്രസിഡൻ്റ് ജി ഡി സുരേഷ് കുമാർ, സ്കൂൾ ഹെഡ് മാസ്റ്റർ.കെ കെ ഉണ്ണികൃഷ്ണൻ നായർ കലാനികേതൻ സെക്രട്ടറി ടി നാസർ, എം എ ഉറൂബ്, ഡി മുരളികൃഷ്ണൻ, കലൂർ നിസ്സാർ, വിജീഷ് വിജയൻ, സഞ്ജു, മനു ചിറ്റാറ്റുമുക്ക്, എ എം റാഫി, ഭരത്, മോനിഷ്, രാഹുൽ, തൻസീർ. ഇസഹാക്ക് മൈവള്ളി മണ്ണിൽ അഷ്റഫ്, കടവിളാകം നിസാം, അസീം ജാവ, മുജീബ് റഹ്മാൻ ജാവ തുടങ്ങിയവർ സംബന്ധിച്ചു.