ബീമാപള്ളി ഉറൂസ്, തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

ബീമാപള്ളി ഉറൂസ്, തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അനുകുമാരി ഉത്തരവിറക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കുമെന്ന് ജമാഅത്ത്​ ​ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉറൂസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഉറൂസ് പ്രമാണിച്ച് ഡിസംബർ 3ന് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും.

ഡിസംബർ മൂന്നിന് രാവിലെ എട്ടിന്​ പ്രാർത്ഥനയും തുടർന്ന്​ നഗരപ്രദക്ഷിണവും നടക്കും. എട്ടാം തീയതി വൈകിട്ട്‌ ​ 6.30ന്​ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്​കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പ​ങ്കെടുക്കും. ഒമ്പതിന്​ വൈകിട്ട്​ 6.30ന്​ പ്രതിഭാ സംഗമം, പത്തിന്​ രാത്രി 11.30ന്​ ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന്​ രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്​ഹ്​ ഖവാലി എന്നിവ ഉണ്ടാകും. ‌സമാപന ദിവസമായ 13ന്​ പുലർച്ചെ ഒന്നിന്​ ​പ്രാർത്ഥനക്ക്​ ബീമാപള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും.

ഡ്രൈവിങ് ലൈസന്‍സ് എപ്പോള്‍ പുതുക്കണം, എങ്ങനെ, പിഴയില്ലാതെ അടക്കാനുള്ള പരിധി, അറിയേണ്ടതെല്ലാം

ഡ്രൈവിങ് ലൈസന്‍സ് എപ്പോള്‍ പുതുക്കണം, എങ്ങനെ, പിഴയില്ലാതെ അടക്കാനുള്ള പരിധി, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എപ്പോള്‍ പുതുക്കണം, എങ്ങനെ, പിഴയില്ലാതെ അടക്കാനുള്ള പരിധി തുടങ്ങിയ കാര്യങ്ങളില്‍ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സ് പുതുക്കുന്നതിന്, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഒറിജിനല്‍ ഡ്രൈവിങ്ങ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മതി. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കൂടി കരുതണമെന്നും എംവിഡി പറയുന്നു.

ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്.കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ വാഹനം ഓടിച്ച് കാണിക്കണം.

മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സ്‌നേഹമുള്ളവരെ, നമ്മുടെ കൈവശമുള്ള ലൈസന്‍സ് പുതുക്കുന്നതിന്, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഒറിജിനല്‍ ഡ്രൈവിങ്ങ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മതി.40 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കൂടി കരുതേണ്ടതാണ്.

ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്.കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ വാഹനം ഓടിച്ച് കാണിക്കേണ്ടതാണ്.www.parivahan.gov.in എന്ന സൈറ്റില്‍ പ്രവേശന ശേഷം ഓണ്‍ലൈന്‍ സര്‍വീസ്- ഡ്രൈവിംഗ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസ്- സ്റ്റേറ്റ് -എന്നിവ സെലക്ട് ചെയ്താല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഒരുപാട് സര്‍വീസുകളുടെ ഐക്കണുകള്‍ കാണാന്‍ സാധിക്കും. അതില്‍ ഡ്രൈവ് ലൈസന്‍സ് റിന്യൂവല്‍ എന്ന ഓപ്ഷനില്‍ ഡ്രൈവ് ലൈസന്‍സ് നമ്പറും / ഡേറ്റ് ഓഫ് ബര്‍ത്തും എന്‍ട്രി വരുത്തിയാല്‍ ലൈസന്‍സ് പുതുക്കുന്നതിന് നമുക്ക് അപേക്ഷ തയ്യാറാക്കാന്‍ സാധിക്കും. 400 രൂപയാണ് ഫീസിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക.

ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ തയ്യാറാക്കി കഴിഞ്ഞാല്‍ നമുക്കൊരു അപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ആവുകയും,അപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഡോക്യുമെന്റ്‌സ് അപ്ലോഡ് ല്‍ പോയി ഡോക്യുമെന്റ്‌സ് അപ്ലോഡ് ചെയ്യാനും ഫീസ് പേമെന്റില്‍ പോയി ഫീ അടയ്ക്കാനും സാധിക്കുന്നതാണ്.

ബുക്ക് രൂപത്തിലുള്ള ലൈസന്‍സ്/ പേപ്പര്‍ രൂപത്തിലുള്ളലൈസന്‍സ് ആണെങ്കില്‍ ആദ്യം ഓഫീസില്‍ കൊണ്ടുവന്ന് പ്രസ്തുത ലൈസന്‍സ് സാരഥി എന്ന സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം നമുക്ക് ലൈസന്‍സ് സംബന്ധമായ സര്‍വീസിന് ഓണ്‍ലൈനായി അപേക്ഷിക്കാനായി സാധിക്കുകയുള്ളൂ. ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കിയാല്‍ ആയത് ഓഫീസില്‍ കൊണ്ട് പോയി കൊടുക്കേണ്ട ആവശ്യമില്ല .ഓണ്‍ലൈന്‍ വഴി ആയത് ഇഷ്യൂ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ അതിന്റെ പ്രിന്റ് എടുക്കാനും ഡിജിറ്റല്‍ ആയിട്ട് സൂക്ഷിക്കാനും സാധിക്കുന്നതാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷന് ജാമ്യം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷന് ജാമ്യം

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷന് ജാമ്യം. കേസിലെ മറ്റൊരു പ്രതി പികെ ജീല്‍സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി ഇരുവരും ജയിലിലാണ്

ഇനിയും ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്നും കേസില്‍ വിചാരണ വൈകുമെന്നതും കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് സിഎസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. വടക്കാഞ്ചേരി നഗരസഭാംഗമാണ് അരവിന്ദാക്ഷന്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി നേരത്തെ അരവിന്ദാക്ഷന് കോടതി പത്തുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ തൃശൂര്‍ കോലഴി സ്വദേശി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തായ അരവിന്ദാക്ഷന്‍ പണം ഇടപാടിലെ ഇടനിലക്കാരനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. തൃശൂര്‍ പാര്‍ളിക്കാടുള്ള വീട്ടില്‍നിന്ന് 2023 സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെയാണ് ഇഡി അറസ്റ്റ് ചെയ്തത്.

ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ തുലാവർഷം ഒരു രണ്ടാം വരവ് വരും

ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ തുലാവർഷം ഒരു രണ്ടാം വരവ് വരും

തിരുവനന്തപുരം: ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ തുലാവർഷം ഒരു രണ്ടാം വരവ് വരും.
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബറിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്താകെ
മഴ ശക്തമായിരുന്നില്ല.

എന്നാൽ ഡിസംബർ മാസം തുടങ്ങുമ്പോൾ തുലാവർഷം അതിശക്തമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പുതുച്ചേരിയിൽ തീരം തൊട്ട ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണ് കേരളത്തിൽ തുലാവർഷത്തെ ഡബിൾ എഞ്ചിനാക്കുന്നത്. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ, നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം. സത്രം – പുല്ലുമേട് കാനന പാത വഴി ഇന്ന് തീർത്ഥാടകരെ കയറ്റി വിടില്ല. പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങുന്നതിന് ശബരിമല തീർത്ഥാടകർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.