by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് കോമ്പൗണ്ടിൽ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തെ പന്നി ശല്യം ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം പ്രിൻസിപാളിന് കൈമാറി. സിപിഎം ആറ്റിങ്ങൽ ഈസ്റ്റ് എൽ സി സെക്രട്ടറി സി ചന്ദ്രബോസ്, എൽ സി അംഗങ്ങളായ ടി ദിലീപ് കുമാർ, ബിജു പാറയിൽ, തച്ചൂർ കുന്ന്ബ്രാഞ്ച് സെക്രട്ടറി കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. പ്രശ്നത്തിൽ നടപടി ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തു.
by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വനിതാ ജംഗ്ഷൻ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ജില്ലാകളക്ടർ അനുകുമാരി നിർവ്വഹിച്ചു. പ്രസിഡന്റ് എം. ഹസീന, ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി സുധ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, ഐ സി ഡി എസ് സൂപ്പർവൈസർ ബിനു, അശ്വതി, പദ്മ, ചെയർപേഴ്സൺ പത്മ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Dec 2, 2024 | Latest News, കേരളം
കൊച്ചി: നെടുമ്പാശേരി എയര്പോര്ട്ടില് വന് പക്ഷി വേട്ട. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില് നിന്നാണ് അപൂര്വം ഇനത്തില്പെട്ട 14 പക്ഷികളെ പിടിച്ചെടുത്തത്. യാത്രക്കാരുടെ പെരുമാറ്റത്തില് സംശയം തോന്നി ഡ്യൂട്ടിയില് ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര് ബാഗേജുകള് വിശദമായി പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്.
ചിറകടി ശബ്ദം കേട്ടതിനെ തുടര്ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോള് വേഴാമ്പലുകള് ഉള്പ്പെടെ അപൂര്വം ഇനത്തില്പെട്ട 14 പക്ഷികളെയാണ് കണ്ടെത്തിയത്. വിദഗ്ധ പരിശോധനകള്ക്കും തുടര്നടപടികള്ക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറി. സംഭവത്തില് കൊച്ചി കസ്റ്റംസും വനം വകുപ്പും ചേര്ന്ന് തുടരന്വേഷണം നടത്തും.
പിടിച്ചെടുത്തവയില് മൂന്ന് തരത്തില്പെട്ട പക്ഷികളാണ് ഉണ്ടായിരുന്നത്. 25,000 മുതല് 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളുണ്ട്. 3 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണു പക്ഷികളെ എത്തിച്ചതെന്ന് പ്രതികള് പറഞ്ഞു. കസ്റ്റംസും വനം വകുപ്പും പ്രതികളെ കൂടുതല് ചോദ്യം ചെയ്തു വരുകയാണ്. നടപടികള്ക്ക് ശേഷം പക്ഷികളെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. ഇപ്പോള് ഡോക്ടര്മാരുടെയും മറ്റു പക്ഷിവിദഗ്ധരുടെയും പരിചരണത്തിലാണ് പക്ഷികള്.
by Midhun HP News | Dec 2, 2024 | Latest News, കേരളം
കണ്ണൂര്: വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവന് സ്വര്ണവും ഒരു കോടിയോളം രൂപയും കവര്ന്ന സംഭവത്തില് അറസ്റ്റിലായ അയല്വാസി ലിജീഷ് സമാനമായ രീതിയില് നേരത്തെയും മോഷണം നടത്തിയതായി കണ്ണൂര് കമ്മീഷണര് അജിത് കുമാര്. മോഷ്ടിച്ച പണവും സ്വര്ണവും ലീജിഷ് വീട്ടിലെ കട്ടിലിനടിയില് പ്രത്യേകം സജ്ജമാക്കിയ അറയിലാണ് ഒളിപ്പിച്ചതെന്നും വീട്ടില് നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം ആആആ രൂപയും കണ്ടെത്തിയതായി കമ്മീഷണര് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
25ാം തീയതിയാണ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന് കമ്മീഷണര് പറഞ്ഞു. 19ാം തീയതി അഷ്റഫ് കുടംബസമേതം മധുരയില് കല്യാണത്തിന് പോയിരുന്നു. അതുകഴിഞ്ഞ് 24ന് വീട്ടില് തിരിച്ചെത്തിയപ്പോഴാണ് ലോക്കര് പൊട്ടിച്ച് അതിലുണ്ടിയിരുന്ന ഒരുകോടിയിലധികം രൂപയും 300 പവന് സ്വര്ണവും മോഷണം പോയതായി മനസിലാക്കുന്നത്. തുടര്ന്ന് പരാതി നല്കുകയായിരുന്നു. വീടിന്റെ പുറകിലുള്ള ജനല് പൊട്ടിച്ചാണ് അയല്വാസിയായ ലീജീഷ് അതിവിദഗ്ധമായി മോഷണം നടത്തിയതെന്ന് കമ്മീഷണര് പറഞ്ഞു. വിരലടയാള വിദഗ്ധന്, ഫോറന്സിക് വിദഗ്ധര് എന്നിവരെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനായി ഇരുപതംഗങ്ങളുളള പ്രത്യേക സംഘം രൂപികരിച്ചു.
നൂറോളം സിസിടിവി ദൃശ്യങ്ങള് ശേഖരിച്ചതായി കമ്മീഷണര് പറഞ്ഞു. 67 പേരുടെ വിരലടയാളങ്ങള് പരിശോധിച്ചു. 215 പേരെ ചോദ്യം ചെയ്തു. കോഴിക്കോട്, മംഗലാപുരം വരെ റെയില്വേയിലെ ടവര് ഡം പരിശോധിച്ചതായും കമ്മീഷണര് പറഞ്ഞു. പ്രതിയെ ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. വിരലടയാളം പരിശോധിച്ചു. അതിനിടെ പ്രതി കീച്ചേരിയില് സമാനമായ രീതിയില് മോഷണം നടത്തിയതായും കണ്ടെത്തി. ഏറെ നേരത്തെ ചോദ്യം ചെയ്യിലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് കമ്മീഷണര് പറഞ്ഞു.
19ന് മോഷണം നടത്തിയ ലീജീഷ് മറന്നുവച്ച ആയുധം എടുക്കുന്നതിനായി 21 ന് വീണ്ടും വീട്ടില് കയറി. മുഖം മൂടിയും വസ്ത്രങ്ങളും പ്രതി കത്തിച്ചതായും കമ്മീഷണര് പറഞ്ഞു. മോഷണത്തിനായി ഉപയോഗിച്ച ഉപകരണങ്ങള് പ്രതിയുടെ വീട്ടില് നിന്നും കണ്ടെത്തി. മോഷണത്തിന് മുന്പായി അഷ്റഫിന്റെ വീട്ടിലെ കാമറകള് പ്രതി മറച്ചതായും തിരിച്ചുവച്ച കാമറയിലൊന്നില് ദൃശ്യങ്ങള് പതിഞ്ഞതാണ് അന്വേഷണത്തില് നിര്ണായകമായതെന്നും പൊലീസ് പറഞ്ഞു. വീട്ടില് സ്വര്ണവും പണവും ഉണ്ടെന്ന് പ്രതിക്ക് അറിയാമായിരുന്നെന്നും കമ്മീഷണര് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
3 മാസം മുന്പു ഗള്ഫില്നിന്നു തിരിച്ചുവന്ന ലിജീഷ് കഴിഞ്ഞ വര്ഷം കീച്ചേരിയില് മോഷണം നടത്തിയതും ജനല് ഗ്രില് ഇളക്കിയായിരുന്നു. അവിടെ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന് സ്വര്ണവുമാണ് ലിജീഷ് കവര്ന്നത്. ലിജീഷിനെ പിടികൂടിയത് അറിഞ്ഞ പലര്ക്കും ആശ്ചര്യമാണ്. ഇങ്ങനെയൊക്കെ ഇയാള് ചെയ്യുമോയെന്നാണ് പ്രദേശവാസികള് ചോദിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്റെ അയല്വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചിരുന്നു. അഷ്റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്ച്ചയ്ക്കു പിന്നിലെന്ന് പൊലീസ് ആദ്യം മുതല് സംശയിച്ചതാണു വഴിത്തിരിവായത്.
by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അനുകുമാരി ഉത്തരവിറക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉറൂസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഉറൂസ് പ്രമാണിച്ച് ഡിസംബർ 3ന് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും.
ഡിസംബർ മൂന്നിന് രാവിലെ എട്ടിന് പ്രാർത്ഥനയും തുടർന്ന് നഗരപ്രദക്ഷിണവും നടക്കും. എട്ടാം തീയതി വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഒമ്പതിന് വൈകിട്ട് 6.30ന് പ്രതിഭാ സംഗമം, പത്തിന് രാത്രി 11.30ന് ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന് രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്ഹ് ഖവാലി എന്നിവ ഉണ്ടാകും. സമാപന ദിവസമായ 13ന് പുലർച്ചെ ഒന്നിന് പ്രാർത്ഥനക്ക് ബീമാപള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും.
Recent Comments