by Midhun HP News | Dec 1, 2024 | Latest News, കേരളം
കോഴിക്കോട്: ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന് സ്വര്ണാഭരണം തട്ടിയ കേസില് അറസ്റ്റ്. വടകര മയ്യന്നൂര് സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര് സ്വദേശിനിയുടെ അഞ്ചുപവന് തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവന് തട്ടിയെടുത്തെന്ന പരാതിയില് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്.
പഴയ ആഭരണങ്ങള്ക്ക് പകരം പുതിയത് നല്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ചത്. മൂന്നുലക്ഷത്തിലേറെ വില വരുന്ന സ്വര്ണാഭരണവുമായാണ് യുവാവ് മുങ്ങിയത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തി വിലകൂടിയതും അപൂര്വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്ക്ക് പകരം ഇവ നല്കാമെന്നുമായിരുന്നു ഇന്സ്റ്റഗ്രാം വഴി യുവതികളെ വിശ്വസിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് പരാതിക്കാരിയുടെ വീടിന് സമീപമെത്തുകയും ആഭരണങ്ങള് യുവതിയില്നിന്ന് വാങ്ങിക്കുകയും പകരം പണമടങ്ങിയ ബാഗെന്നുപറഞ്ഞ് ഗിഫ്റ്റ് നല്കുകയും ചെയ്തു. വീട്ടിലെത്തി ഗിഫ്റ്റ് നല്കിയ ബാഗ് തുറന്നുപരിശോധിച്ചപ്പോള് പണത്തിന് പകരം ഹല്വയും 100 രൂപയുടെ മിഠായിയുമായിരുന്നു ഉണ്ടായിരുന്നത്.
by Midhun HP News | Dec 1, 2024 | Latest News, കേരളം
തിരുവനന്തപുരം: നവംബര് മാസത്തെ റേഷന് വിതരണം മൂന്നുവരെ നീട്ടിയതായി മന്ത്രി ജിആര് അനില് അറിയിച്ചു. നാലിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപരികള്ക്ക് അവധിയായിരിക്കും. അഞ്ചുമുതല് ഡിസംബര് മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Nov 30, 2024 | Latest News, ജില്ലാ വാർത്ത
വർക്കല: വർക്കലയിൽ വീട്ടമ്മയെ കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നെന്ന പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തി. വർക്കലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയായ ശ്രീനിവാസൻ മാതാവ് സുമതി എന്നിവർ ചേർന്നാണ് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. വർക്കല എസ് എച്ച് ഒ പ്രവീൺന്റെ കൃത്യമായ രീതിയിലുള്ള അന്വേഷണത്തിന്റെ ഫലമായാണ് കുടുംബത്തിലുള്ളവർ തന്നെ നടത്തിയ മോഷണ നാടകം പൊളിഞ്ഞത്.
കഴിഞ്ഞദിവസമാണ് ശ്രീനിവാസൻ തന്റെ വീട്ടിൽ നിന്നും 5 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയതായി പോലീസിനെ അറിയിച്ചത്. അമ്മ സുമതിയെ കെട്ടിയിട്ട ശേഷം മുഖംമൂടി സംഘം പണം കവർന്നു എന്നാണ് ശ്രീനിവാസൻ പോലീസിന് മൊഴി നൽകിയത്. സ്ഥലത്ത് എത്തിയ പോലീസ്, ഡോഗ് സ്കോഡ് ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പുകൾ നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസ് ശ്രീനിവാസൻ, മാതാവ് സുമതി എന്നിവരെ ചോദ്യം ചെയ്യാനാരംഭിച്ചത്.
ശ്രീനിവാസന്റെ ഭാര്യ ഗായത്രിയുടെ സ്വർണമാണ് കാണാതായത്. ഗായത്രിയുടെ ബന്ധുവിന്റെ വിവാഹത്തിന് നൽകാനായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കാണാതായത്. വിവാഹത്തിന് സ്വർണവും പണവും നൽകുന്നത് ശ്രീനിവാസനും മാതാവ് സുമതിക്കും ഇഷ്ടമില്ലായിരുന്നു. ഇതാണ് മോഷണ നാടകം ആസൂത്രണം ചെയ്യാൻ ഇടയാക്കിയത്. ശ്രീനിവാസൻ തന്നെയാണ് സ്വർണവും പണവും അലമാരയിൽ നിന്നും മാറ്റിയത്. അതിനുശേഷം സുമതിയെ കെട്ടിയിടുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ മൊഴി നൽകിയതിനും പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം തന്നെ മോഷണം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. വർക്കലയിൽ കുറുവാസംഘം ഇറങ്ങി എന്ന രീതിയിലുള്ള പ്രചരണം പോലും ഉണ്ടായി. ഇതെല്ലാം ആണ് ഇപ്പോൾ പോലീസ് പൊളിച്ചടുക്കിയിരിക്കുന്നത്.
by Midhun HP News | Nov 30, 2024 | Latest News, കേരളം
പത്തനംതിട്ട: കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു ഭക്ഷ്യധാന്യം കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. ഗോഡൗൺ ചുമതലയുണ്ടായിരുന്ന അനിൽ കുമാർ, ജയദേവ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്.
ഒക്ടോബർ മാസത്തിൽ സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 800 ക്വിൻറൽ അരിയും ഗോതമ്പും കടത്തിയെന്നാണ് എഫ്ഐആർ. 36 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കു പുറമേ ലോറി ഡ്രൈവറേയും പ്രതി ചേർത്തു.
by Midhun HP News | Nov 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹ അഭ്യര്ത്ഥന നിരസിച്ചതിന് പെണ്കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂര് സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനെ തലയ്ക്ക് അടിച്ചത്. വിവാഹ അഭ്യര്ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിലായിരുന്നു മര്ദനം. മര്ദനത്തില് നിലത്ത് വീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അന്ന് തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്.
Recent Comments