by Midhun HP News | Dec 1, 2024 | Latest News, കേരളം
കൊച്ചി: ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടുപേരെ സൈബര് പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് മുഹ്സിൽ, കോഴിക്കോട് മാവൂര് സ്വദേശി കെ പി മിസ്ഹാബ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റല് അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവര് കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഉത്തരേന്ത്യൻ സംഘങ്ങളെ സഹായിക്കുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പൊലീസ് എന്ന വ്യാജേന വീഡിയോ കാളിൽ വന്നുകൊണ്ടുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് രാജ്യമാകെ വ്യാപകമാകുന്നതിനിടെയാണ് സംഭവത്തിൽ മലയാളികളും അറസ്റ്റിലാകുന്നത്.
by Midhun HP News | Dec 1, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: ശബരിമല തീര്ഥാടകര് ട്രെയിനില് കര്പ്പൂരം കത്തിച്ച് പൂജ ചെയ്താല് ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്വേ ആണ് മുന്നറിയിപ്പ് നല്കിയത്.
ശബരിമല ഭക്തര് തീവണ്ടിയില് കര്പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്ന്നതിനെ തുടര്ന്നാണ് നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനിലും റെയില്വേ സ്റ്റേഷന് പരിസരങ്ങളിലും തീ കൊളുത്തിയുള്ള പൂജകള് നിരോധിച്ചിട്ടുണ്ട്. തീപിടിക്കാന് സാധ്യതയുള്ള വസ്തുക്കളുമായും യാത്ര ചെയ്യരുത്. ഇത്തരം പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നതുകണ്ടാല് 130 എന്ന ടോള് ഫ്രീ നമ്പറില് പരാതി അറിയിക്കാമെന്നും റെയില്വേ വ്യക്തമാക്കി.
by Midhun HP News | Dec 1, 2024 | Latest News, കേരളം
കൊച്ചി: സൗത്ത് റെയില്വേ മേല്പ്പാലത്തിനു സമീപം ആക്രി ഗോഡൗണില് വന് തീപിടിത്തം. സമീപത്തെ വീടും കടകളും പാര്ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്പതുപേരെ അഗ്നിശമന രക്ഷപ്പെടുത്തി. വീടുകളില് നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്ഫോഴ്സും പൊലീസും ചേര്ന്ന് മുന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.
സൗത്ത് റെയില്വേ പാലത്തിന് സമീപമായതിനാല് ട്രെയിന് ഗതാഗതവും തടസപ്പെട്ടു. രണ്ടുമണിക്കൂര് കഴിഞ്ഞാണ് ട്രെയിന് ഗതാഗതം പുനഃസ്ഥാപിച്ചത്. തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമന സേന അറിയിച്ചു.
by Midhun HP News | Dec 1, 2024 | Latest News, കേരളം
തിരുവനന്തപുരം: ഫിൻജാൽ ചുഴലിയുടെ പ്രഭാവത്തില് കേരളത്തില് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഫിൻജാൽ കരകയറിയ ശേഷമാകും സംസ്ഥാനത്ത് ശക്തമായ പ്രഭാവമുണ്ടാകുകയെന്നാണ് വിലയിരുത്തല്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്ട്ടുകള് പ്രഖ്യാപിച്ചു.
ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് യെല്ലോ അര്ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകലില് ഓറഞ്ച് അലര്ട്ടും മറ്റ് ജില്ലകളില് യെല്ലോ അലര്ട്ടുമാണ്.
ചൊവ്വാഴ്ച മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഓറഞ്ച് അലര്ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
by Midhun HP News | Dec 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാചകവാതക സിലിണ്ടര് വില വര്ധിപ്പിച്ചു. വാണിജ്യ സിലിണ്ടര് വില 16രൂപ 50 പൈസ വര്ധിപ്പിച്ചു. പുതിയ വില ഇന്നുമുതല് പ്രാബല്യത്തിലായി. അതേസമയം ഗാര്ഹിക പാചക വാതക വിലയില് മാറ്റമില്ല.
തുടര്ച്ചായ അഞ്ചാം മാസമാണ് വില വര്ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില് എണ്ണക്കമ്പനികള് വാണിജ്യ സിലിണ്ടറിന് 62 രൂപ വര്ധിപ്പിച്ചിരുന്നു. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്ധിച്ചു. ഡല്ഹിയില് ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കൊല്ക്കത്തയില് 1927 രൂപയും മുംബൈയില് 1771 രൂപയും ചെന്നൈയില് 1980.50 രൂപയുമാണ് വില.
Recent Comments