‘ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി

‘ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. പരാതിക്കാര്‍ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നോഡല്‍ ഓഫീസറെ അറിയിക്കാമെന്നും ഹൈക്കോടതി. ഹേമ കമ്മറ്റിക്ക് മുന്‍പില്‍ പരാതി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്നും ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന ബഞ്ചിന് മുന്നിലാണ് ഡബ്ല്യുസിസി നിര്‍ണായകമായ വിവരങ്ങള്‍ അറിയിച്ചത്. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ഭീഷണികള്‍ ലഭിക്കുന്നുവെന്നും അവരെ അധിക്ഷേപിക്കുന്നതും പൊതുമധ്യത്തില്‍ അപമാനിക്കുന്നതുമായ പ്രസ്താവനകളും പലരും നടത്തുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഈയൊരു സാഹചര്യത്തില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണമെന്നാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘത്തിനാണ് ഹൈക്കോടിതി നിര്‍ദേശം നല്‍കിയത്.

ആര്‍ക്കെങ്കിലും ഇത്തരത്തില്‍ അധിക്ഷേപങ്ങളോ, ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ അത് നോഡല്‍ ഓഫീസറെ അറിയിക്കണം. നോഡല്‍ ഓഫീസറെ നിയമിച്ച കാര്യങ്ങള്‍ പരസ്യമാക്കണമെന്നും ഹൈക്കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഹര്‍ജി പരിഗണിക്കുന്നതിനിടെ സിനിമാനയം രൂപീകരിക്കുന്നത് എപ്പോഴാണെന്ന ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ ജനുവരിയില്‍ സിനിമ കോണ്‍ക്ലേവ് നടത്തുമെന്ന സര്‍ക്കാര്‍ അറിയിച്ചു. ഈ കോണ്‍ക്ലേവില്‍ ഷാജി എന്‍ കരുണ്‍ സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അതിനുശേഷമായിരിക്കും സിനിമാ നയത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി കുടുംബം

നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി കുടുംബം

ആലപ്പുഴ: നവജാത ശിശുവിന് അസാധാരണമായ വൈകല്യങ്ങള്‍ കണ്ട സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതി. ഗര്‍ഭകാലത്ത് പലതവണ സ്‌കാന്‍ചെയ്തിട്ടും വൈകല്യം സംബന്ധിച്ച സൂചന ഡോക്ടര്‍മാര്‍ നല്‍കിയില്ലെന്ന് കുഞ്ഞിന്റെ അമ്മയുടെ പരാതി. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി.

മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല, തുറക്കുന്നുമില്ല. ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം. കൈയും കാലും വളഞ്ഞാണ്. ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും എന്നിങ്ങനെ അസാധാരണമായ വൈകല്യങ്ങളാണ് കുട്ടിയില്‍ കണ്ടത്. ഇക്കാര്യം ചൂണ്ടികാട്ടി കുഞ്ഞിന്റെ അമ്മയായ സുറുമി (34) മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത് ഗര്‍ഭിണിയായതു മുതല്‍ കടപ്പുറം ആശുപത്രിയിലെ രണ്ട് സീനിയര്‍ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം ഗര്‍ഭസ്ഥശിശുവിന്റെ ചലനവും ശാരീരികാവസ്ഥയും അറിയാന്‍ സ്‌കാനിങ് നടത്തി. ഡോക്ടര്‍മാര്‍ പറഞ്ഞ രണ്ടു സ്വകാര്യ ലാബുകളിലായിരുന്നു സ്‌കാനിങ്. മറ്റു പരിശോധനകളും നടത്തി. എല്ലാ നിര്‍ദേശങ്ങളും പാലിക്കുകയും മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്തു. നവംബര്‍ രണ്ടിനു ശസ്ത്രക്രിയ ചെയ്യാമെന്നും അനസ്‌തേഷ്യ ഡോക്ടറെ കാണണമെന്നും പറഞ്ഞത് തലേന്ന്. രണ്ടിനു ആശുപത്രിയില്‍ നടന്ന പരിശോധനയെ തുടര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരാണ് ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങളുണ്ടെന്ന് അറിയിച്ചത്. ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ടിനു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് അസാധാരണ വൈകല്യങ്ങള്‍ വ്യക്തമായത്. സംഭവത്തില്‍ ആരോഗ്യമന്ത്രി, ഡിഎംഒ, എസ്പി. എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ മൊഴി

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ മൊഴി

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ കൊലപാതകം നടത്തുന്നതിനു മുന്‍പ് കേഡല്‍ ജിന്‍സണ്‍ രാജ നിരവധി തവണ ഡമ്മിയില്‍ പരീക്ഷണം നടത്തിയിരുന്നതായി മൊഴി. കേസ് പരിഗണിക്കുന്ന ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സൈബര്‍ സെല്‍ എസ്‌ഐ പ്രശാന്ത് ആണ് മൊഴി നല്‍കിയത്. കേഡലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍ എന്നും മൊഴിയില്‍ പറയുന്നു.

കൊല ചെയ്യുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മാതാപിതാക്കളുടെ ഡമ്മി നിര്‍മിച്ച ശേഷം ട്രയില്‍ നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ കയറി മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കുന്നത് കണ്ട് പഠിച്ചതായും കേഡലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് പ്രശാന്തിന്റെ മൊഴിയില്‍ പറയുന്നത്. 2017 ഏപ്രില്‍ എട്ടിനാണ് കേഡല്‍ ജിന്‍സണ്‍ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലാണ് പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതുവരെ 21 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. സാക്ഷി വിസ്താരം ഇന്നും തുടരും.

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുമോ? ഹര്‍ജി ഇന്ന് വിണ്ടും ഹൈക്കോടതിയില്‍

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുമോ? ഹര്‍ജി ഇന്ന് വിണ്ടും ഹൈക്കോടതിയില്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും നിലപാട് നിര്‍ണായകമാകും.

കണ്ണൂര്‍ കലക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലെയും നവീന്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പി.പി.ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; പുതിയ മാറ്റങ്ങൾ

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; പുതിയ മാറ്റങ്ങൾ

കൊച്ചി: പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത് ആവശ്യമാണെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു.

ജീവിത പങ്കാളിയുടെ പേര് നീക്കണമെങ്കില്‍ കോടതിയില്‍ നിന്നുള്ള വിവാഹ മോചന ഉത്തരവ് നല്‍കണം. ജീവിത പങ്കാളിയുടെ മരണത്തെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ടില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജീവിത പങ്കാളിയുടെ പേര് മാറ്റിച്ചേര്‍ക്കാന്‍ പുനര്‍വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റോ പുതിയ ജീവിതപങ്കാളിക്കൊപ്പമുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സമര്‍പ്പിക്കേണ്ടതാണ്.

വനിതാ അപേക്ഷകരുടെ പേരില്‍ നിന്ന് പിതാവിന്റെയോ കുടുംബത്തിന്റെയോ പേരുമാറ്റി പങ്കാളിയുടെ പേര് ചേര്‍ക്കണമെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ചേര്‍ത്ത പ്രസ്താവനയോ സമര്‍പ്പിക്കണം. മാറ്റങ്ങള്‍ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലും നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.