ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി, രണ്ടിടത്ത് റെഡ് അലര്‍ട്ട്

ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി, രണ്ടിടത്ത് റെഡ് അലര്‍ട്ട്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ തീവ്രമഴ മുന്നറിയിപ്പ്. കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തിലേറെ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ 9 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്രന്യൂമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരം വഴി തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. മയിലാടുത്തുറൈ, തിരുവാരൂര്‍, നാഗപട്ടണം, ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, കടലൂര്‍ തുടങ്ങിയ ജില്ലകളിലാണ് കനത്തമഴയ്ക്ക് സാധ്യതയുള്ളത്. ചെന്നൈ, ചെങ്കല്‍പേട്ട്, കടലൂര്‍, മയിലാടുത്തുറൈ, നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

മറ്റു ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി.

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സര്‍ജനെതിരെ കേസ്, പ്രതി ഒളിവില്‍

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സര്‍ജനെതിരെ കേസ്, പ്രതി ഒളിവില്‍

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്കെതിരെ പീഡന പരാതി. മെഡിക്കല്‍ കോളജിലെ ജൂനിയര്‍ വനിതാ ഡോക്ടറാണ് സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്. പാരിപ്പള്ളി പൊലീസ് ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നാണ് വിവരം.

ഒരു മാസം മുന്‍പ് കഴിഞ്ഞ മാസം 24-ാം തീയതി മെഡിക്കല്‍ കോളജിലെ മുറിയില്‍ വച്ചാണ് സംഭവം. മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. 29-ാം തീയതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് വനിതാ ഡോക്ടര്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് പിന്നാലെ സര്‍ജനെ മെഡിക്കല്‍ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പരാതി പാരിപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ സര്‍ജന്റെ വീട്ടില്‍ അടക്കം പൊലീസ് പരിശോധന നടത്തി. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

‘അക്രമാസക്തനായ ഒരാള്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് അപകട സാധ്യത’; മദ്യപിച്ച് വാഹനമോടിച്ചാല്‍ റിഫ്‌ലക്‌സ് ആക്ഷന്‍ തടസ്സപ്പെടും; മുന്നറിയിപ്പ്

‘അക്രമാസക്തനായ ഒരാള്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് അപകട സാധ്യത’; മദ്യപിച്ച് വാഹനമോടിച്ചാല്‍ റിഫ്‌ലക്‌സ് ആക്ഷന്‍ തടസ്സപ്പെടും; മുന്നറിയിപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗില്‍ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്‌കാന്‍ ചെയ്യുകയും അപകടസാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാര്‍ദ്ധത്തിനകം വാഹനത്തിന്റെ ബ്രേക്ക് ,സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യന്റെ റിഫ്‌ലക്‌സ് ആക്ഷന്‍ മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ മദ്യപാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും റിഫ്‌ലക്‌സ് ആക്ഷന്‍ സാധ്യമല്ലാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകട സാധ്യതയെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. നാട്ടിക വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മദ്യപിച്ച് വാഹനമോടിച്ചാലുള്ള അപകട സാധ്യതകള്‍ മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചത്.

‘മാത്രവുമല്ല റിസ്‌ക് എടുക്കാനുള്ള പ്രവണതയും അക്രമാസക്തമായ സ്വഭാവ സവിശേഷതകളും കാഴ്ചയ്ക്കും കേള്‍വിക്കും കുറവ് സംഭവിക്കുകയും ക്ഷീണവും ഉറക്കവും അധികരിക്കയും ചെയ്യും എന്നതും ഇതിന്റെ പരിണിതഫലങ്ങളാണ്. അക്രമാസക്തനായ ഒരാള്‍ തെരുവിലൂടെ ഒരു മാരക ആയുധവും കയ്യിലേന്തി മറ്റുള്ളവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന അപകട സാധ്യതയേക്കാള്‍ പതിന്മടങ്ങാണ് മദ്യപിച്ച് ഒരു വാഹനവുമായി റോഡില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്.’- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

കുറിപ്പ്:

ഡ്രൈവിംഗില്‍ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്‌കാന്‍ ചെയ്യുകയും അപകടസാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാര്‍ദ്ധത്തിനകം വാഹനത്തിന്റെ ബ്രേക്ക് ,സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യന്റെ റിഫ്‌ലക്‌സ് ആക്ഷന്‍ മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ മദ്യപാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും റിഫ്‌ലക്‌സ് ആക്ഷന്‍ സാധ്യമല്ലാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകട സാധ്യത. മാത്രവുമല്ല റിസ്‌ക് എടുക്കാനുള്ള പ്രവണതയും അക്രമാസക്തമായ സ്വഭാവ സവിശേഷതകളും കാഴ്ചയ്ക്കും കേള്‍വിക്കും കുറവ് സംഭവിക്കുകയും ക്ഷീണവും ഉറക്കവും അധികരിക്കയും ചെയ്യും എന്നതും ഇതിന്റെ പരിണിതഫലങ്ങളാണ്.

അക്രമാസക്തനായ ഒരാള്‍ തെരുവിലൂടെ ഒരു മാരക ആയുധവും കയ്യിലേന്തി മറ്റുള്ളവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന അപകട സാധ്യതയേക്കാള്‍ പതിന്മടങ്ങാണ് മദ്യപിച്ച് ഒരു വാഹനവുമായി റോഡില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്. അതുകൊണ്ടുതന്നെയാണ് തടവ്,പിഴ എന്നിവ കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കുന്നതടക്കം കര്‍ശനമായ ശിക്ഷാവിധികള്‍ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും.

നിരപരാധികളായ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നതുകൊണ്ടുതന്നെ ഓരോ പൗരന്റെയും കടമയാണ് ഇത്തരത്തിലുള്ള തെറ്റായ പ്രവര്‍ത്തികള്‍ റോഡില്‍ അനുവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത്.

സ്വര്‍ണവില 57,000ല്‍ താഴെ തന്നെ

സ്വര്‍ണവില 57,000ല്‍ താഴെ തന്നെ

ഇന്നലെ ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,840 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 1800 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്നാണ് ഇന്നത്തെ മുന്നേറ്റം. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്.

14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവിലയാണ് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടവെ കിണറ്റില്‍ വീണു; നാലുവയസ്സുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടവെ കിണറ്റില്‍ വീണു; നാലുവയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറില്‍ വീണാണ് അപകടം ഉണ്ടായത്.

ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറ്റിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്നു രാവിലെ പതിനൊന്നേകാലോടെയാണ് അപകടം നടന്നത്.