by Midhun HP News | Oct 1, 2024 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വർഗീയമായി വളച്ചൊടിച്ചിരിക്കുകയാണ്. മലപ്പുറത്തെ കളങ്കപ്പെടുത്താൻ നടന്ന ശ്രമങ്ങളെ എല്ലാക്കാലത്തും വളരെ നെഞ്ചുറപ്പോടെ നേരിട്ട പ്രസ്ഥാനമാണ് ഇടതുപക്ഷം. അതിന് എക്കാലവും നേതൃത്വം കൊടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മന്ത്രി രാജേഷ് പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത് കള്ളക്കടത്ത് വൻതോതിൽ നടക്കുന്നതിനെക്കുറിച്ചാണ്. ആ കള്ളക്കടത്ത് സ്വർണം ഏതു കാര്യത്തിന് ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അല്ലാതെ ഏതെങ്കിലും ജില്ലയെക്കുറിച്ച് പറഞ്ഞിട്ടില്ല. അത് ബോധപൂർവം വളച്ചൊടിച്ച് സൃഷ്ടിക്കുന്നതാണ്. ഇപ്പോൾ ഈ തിരക്കഥ എവിടെ നിന്നും വന്നു എന്ന് വ്യക്തമാണ്. കള്ളക്കടത്തിനെയാണ് മുഖ്യമന്ത്രി എതിർത്തതെന്ന് മന്ത്രി രാജേഷ് വ്യക്തമാക്കി. കള്ളക്കടത്തിനെ എതിർക്കുമ്പോൾ, അത് ഏതെങ്കിലും ഒരു ജില്ലയുടെ മുകളിൽ കൊണ്ടുപോയി ചാരുമ്പോൾ, ആ ചാരുന്നവരാണ് അവരുടെ സങ്കുചിത താൽപ്പര്യത്തിന് വേണ്ടി ജില്ലയെ അപമാനിക്കുന്നത്. അല്ലാതെ മുഖ്യമന്ത്രി ഏതെങ്കിലും ഒരു ജില്ലയെക്കുറിച്ചല്ല പറഞ്ഞത് എന്നും എംബി രാജേഷ് വിശദീകരിച്ചു. അൻവറിനെ സി പി എം ഒരുകാലത്തും ന്യായീകരിക്കാനും സംരക്ഷിക്കാനും നിന്നിട്ടില്ല. പ്രതിനായകനായിരുന്ന അൻവർ മാധ്യമങ്ങൾക്ക് ഇപ്പോൾ താരമായി. ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞാൽ മാധ്യമങ്ങൾ തലയിൽ ചുമന്ന് നടക്കുമെന്നും മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു.

by Midhun HP News | Oct 1, 2024 | Latest News, ജില്ലാ വാർത്ത
ആഗോള വ്യാപകമായുള്ള കാലാവസ്ഥാ വ്യതിയാനം സാധാരണക്കാർക്കുണ്ടാക്കുന്നത് വലിയ തിരിച്ചടിയാണ്. വരൾച്ച, പേമാരി, കാട്ടുതീ എന്നിവ നേരിട്ട് വിളയുത്പാദനത്തെ ബാധിച്ച സാഹചര്യത്തിലാണ് വില കുതിച്ചുകയറുന്നത്. ബ്രസീൽ മുതൽ വിയറ്റ്നാമും ഓസ്ട്രേലിയയും വരെ പ്രകൃതിക്ഷോഭം മൂലം കടുത്ത വറുതിയിലായി. ഇതോടെ ഈ മേഖലയിലുത്പാദിപ്പിക്കുന്ന വിളകൾ കുറയുകയും വില ഉയരുകയും ചെയ്തു. പഞ്ചസാര, ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ, കാപ്പി എന്നിവയുടെ വില ക്രമാതീതമായി ഉയരുകയാണ്.
കാർഷികോത്പന്നങ്ങളുടെ വില വർധന പരോക്ഷമായി മറ്റ് ഉത്പന്നങ്ങളുടെ വിലയും ഉയർത്തും. ഗോതമ്പ് വില കൂടുന്നത് ബ്രെഡിന്റെ വില ഉയർത്താം. കൊക്കോയുടെ വില കൂടുന്പോൾ ചോക്കളേറ്റ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വില വർധിക്കും . ഇങ്ങനെ മൊത്തത്തിൽ ഉപഭോക്താവിന്റെ പോക്കറ്റ് കാലിയാക്കുന്ന തരത്തിൽ ഉത്പന്ന വില ഉയരാനുള്ള സാധ്യതയാണ് കാണുന്നത്.
by Midhun HP News | Oct 1, 2024 | Latest News, ജില്ലാ വാർത്ത
സുകുമാർ അനുസ്മരണം സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ടൗൺ യുപിഎസിൽ നടന്നു. അനുസ്മരണയോഗം ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ എസ് കുമാരി ഉദ്ഘാടനം ചെയ്തു. സർഗ്ഗ പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷനായി. ഡോക്ടർ രാധാകൃഷ്ണൻ നായർ, സി ജെ രാജേഷ് കുമാർ, എം എം പുരവൂർ മലയാ പ്രസ് ഹരി, അഡ്വക്കേറ്റ് മുഹ്സിൻ, കെ മോഹന്‍ലാല്‍, കരവാരം രാമചന്ദ്രൻ, സന്തോഷ് ആറ്റിങ്ങൽ, രാമചന്ദ്രൻ നായർ, പത്മനാഭ റാവു, പി എസ് രാജൻ, മാനസ് തുടങ്ങിയവർ സംസാരിച്ചു സർഗ്ഗ സെക്രട്ടറി കെ സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.
സുകുമാർ പുരസ്കാരം:
ആറ്റിങ്ങൽ സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സുകുമാർ പുരസ്കാരത്തിന് ഹാസ്യകഥകൾ ക്ഷണിക്കുന്നു. 08/10/2024 വൈകുന്നേരം 5 മണിക്ക് മുൻപ് ശശിധരൻ നായർ, പ്രസിഡന്റ്(സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ), കൃഷ്ണകൃപ, കോയിക്കൽ പാലസിനു സമീപം ആറ്റിങ്ങൽ പി ഒ എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
ഫോൺ നമ്പർ: 8907146877
by Midhun HP News | Oct 1, 2024 | Latest News, കേരളം
പാലക്കാട്: പൊതുചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തീ അണച്ചു. ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് ഗവർണർ എത്തിയത്.
ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചു വെച്ച നിലവിളക്കിൽ നിന്ന് ഗവർണറുടെ കഴുത്തിൽ കിടന്ന ഷാളിലേക്ക് തീ പടർന്നത്. എന്നാൽ ഗവർണർ ഇത് അറിഞ്ഞിരുന്നില്ല. വേദിയിൽ ഗവർണറുടെ പിന്നിൽ നിന്നിരുന്ന വനിതയാണ് ഷാളിന് തീപിടിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഗവർണർ തന്നെ ഷാളൂരി മാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥർ തീ അണയ്ക്കുകയും ചെയ്തു.
by Midhun HP News | Oct 1, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
Recent Comments