പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപെട്ടു

പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപെട്ടു

ആറ്റിങ്ങൽ: ആറ്റിങ്ങലിനും ഇളമ്പ പാലത്തിനും ഇടയിൽ വെച്ച് പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ഇന്ന് (23.09.2024) ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. പണത്തിനു പുറമെ എടിഎം കാർഡ്, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ പേഴ്സിൽ ഉണ്ടായിരുന്നു.
കണ്ടുകിട്ടുന്നവർ ദയവായി 9961525895, 7012981187 ഈ നമ്പറുകളിൽ ബന്ധപെടുക.

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കരുത്

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കരുത്

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചു. മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നു മകള്‍ ഹര്‍ജിയില്‍ പറയുന്നു. പള്ളിയില്‍ അടക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.

എന്നാല്‍ പിതാവിന്റെ ആഗ്രഹം അനുസരിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കുന്നതെന്നാണ് മകന്‍ സജീവ് പറയുന്നത്. ആശയെ ചിലര്‍ കരുവാക്കുകയാണെന്നും സജീവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഇടവകയിലെ അംഗത്വമടക്കം ലോറന്‍സ് റദ്ദു ചെയ്തിരുന്നില്ലെന്ന് മകള്‍ ആശ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്റെ ആഗ്രഹം അതില്‍ നിന്ന് വ്യക്തമാണെന്നും മകള്‍ പറയുന്നു. ഇന്ന് നാല് മണിക്ക് മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ട് നല്‍കാനായിരുന്നു തീരുമാനം. ലോറന്‍സിന്റെ അവസാന യാത്രയയപ്പ് ചതിയിലൂടെയായിരുന്നുവെന്ന് മകള്‍ ആശാ ലോറന്‍സ് ഇന്നലെ പറഞ്ഞിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ലോറന്‍സിന്റെ മരണം.

അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ

അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തി. ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.

പുഴയില്‍നിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. അര്‍ജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തിയത്. കന്യാകുമാരി-പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടില്‍ അങ്കോലയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍പെട്ടത്.

ജൂലൈ 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരൂ. അസ്ഥിഭാഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. ഷിരൂരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ടാങ്കര്‍ ലോറിയുടെ എന്‍ജിന്റെ ഭാഗവും ഒരു സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.

ആ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീൻ കറിയും തൈരും തന്നെ; നടനെതിരെ കൂടുതൽ തെളിവുകൾ

ആ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീൻ കറിയും തൈരും തന്നെ; നടനെതിരെ കൂടുതൽ തെളിവുകൾ

തിരുവനന്തപുരം: നടൻ സിദ്ധിഖിന് എതിരെയുള്ള ലൈം​ഗിക അതിക്രമ പരാതിയിൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് സൂചന. ഒന്നര മാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

2016 ജനുവരി 28നാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. മാസ്കറ്റ് ഹോട്ടലിലെ 101 ഡി നമ്പർ മുറിയിൽ വച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി. ​ഗ്ലാസ് ജനലിന്റെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയാൽ സ്വിമ്മിങ് പൂൾ കാണാമെന്നും യുവതി പറഞ്ഞിരുന്നു. തെളിവെടുപ്പിൽ അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചു. ചോറും മീൻ കറിയും തൈരുമാണ് സിദ്ധിഖ് കഴിച്ചത് എന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന രേഖകളും ഹോട്ടലിൽ നിന്ന് ലഭിച്ചു.

അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേർന്നാണ് തന്നെ ഹോട്ടലിൽ എത്തിച്ചത് എന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് അഞ്ച് വരെ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. പീഡനം നടന്ന് ഒരു വർഷത്തിനു ശേഷം ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ സുഹൃത്ത് ഇക്കാര്യം ശരിവച്ചു. ലൈം​ഗിക പീഡനത്തിനു പിന്നാലെ മാനസിക സംഘർഷത്തെ തുടർന്ന് 2 സൈക്യാട്രിസ്റ്റുകളുടെ ചികിത്സയിൽ കഴിഞ്ഞു. രണ്ടുപേരും ഇത് ശരിവെച്ച് മൊഴിനൽകി.

മകനെ ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കി; വടിവാളുമായി ചോദിക്കാനെത്തി പിതാവ്

മകനെ ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കി; വടിവാളുമായി ചോദിക്കാനെത്തി പിതാവ്

കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ മകന് ചുവപ്പുകാർഡ് കാണിച്ചു പുറത്താക്കിയതിൽ പ്രകോപിതനായ പിതാവ് വടിവാളുമായി ചോദിക്കാനെത്തി. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. 16 വയസിൽ താഴെയുള്ള കുട്ടികളുടെ കളിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുട്ടികളുടെ പരാതിയിൽ മൂവാറ്റുപുഴ പ്ലാമൂട്ടിൽ ഹാരിസ് അമീറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.

മാറാടിയിലാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത ഫുട്ബോൾ മത്സരം നടന്നത്. കളിക്കിടെ ഫൗൾ ചെയ്തതിനു ഹാരിസിന്റെ മകനെ റെഡ് കാർഡ് നൽകി റഫറി പുറത്താക്കിയിരുന്നു. എന്നാൽ കളിക്കളത്തിൽ നിന്നു പുറത്തു പോകാൻ വിസമ്മതിച്ചതിനെ തുടർന്നു കളിക്കാർ തമ്മിൽ കയ്യാങ്കളി നടന്നു. പിന്നാലെ മകൻ ഹീരിസിനെ വിളിച്ചുവരുത്തുകയായിരുന്നു.

മൂവാറ്റുപുഴയിലെ മുതിർന്ന മുസ്‌ലിംലീഗ് നേതാവിന്റെ മകനാണ് ഹാരിസ്. വടിവാളുമായി എത്തിയ ഇയാൾ കളി തടസ്സപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു. വടിവാൾ വീശി വധഭീഷണി മുഴക്കിയെന്നും സ്കൂളിൽ നിന്ന് വരുന്ന വഴിക്ക് ആക്രമിക്കും എന്നു ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് കുട്ടികൾ പരാതി നൽകിയതോടെയാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തു വരികയും നടപടി ആവശ്യപ്പെട്ട് റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.