by Midhun HP News | Jun 10, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞ് 1,10,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 3160 രൂപയാണ് കുറഞ്ഞത്. 1,09,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 395 രൂപയാണ് കുറഞ്ഞത്. 13,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ വിലക്കയറ്റ ഭീഷണിയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്നലെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jun 10, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: എണ്ണ വിതരണ കമ്പനികള്‍ വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു. വിമാന ഇന്ധനവിലയില്‍ ഏകദേശം 10 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഈ വില വര്‍ധനയോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ക്കുള്ള ജെറ്റ് ഇന്ധനത്തിന്റെ വില ലിറ്ററിന് 104.93 രൂപയില്‍ നിന്ന് ഏകദേശം 115 രൂപയായാണ് ഉയരുക. ഇതോടെ വിമാന കമ്പനികള്‍ വിമാന യാത്രാ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്ഥിരമായ ഇന്ധന നിരക്ക് വാഗ്ദാനം ചെയ്യുന്ന വില സ്ഥിരീകരണ പദ്ധതി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളില്‍ നിന്ന് വിമാനക്കമ്പനികളെയും യാത്രക്കാരെയും സംരക്ഷിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ വില സ്ഥിരീകരണ പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യപ്പെടുന്ന വിമാനക്കമ്പനികള്‍ക്ക് ഈ പുതിയ നിരക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇതേ നിലവാരത്തില്‍ മാറ്റമില്ലാതെ തുടരും.
ഒരു എയര്‍ലൈന്റെ പ്രവര്‍ത്തനച്ചെലവിന്റെ 60 ശതമാനത്തോളം വിമാന ഇന്ധനത്തിനാണ് വരുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവില വര്‍ധനവും മൂലമുള്ള ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവിന് പുറമെ, യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കാരണം വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതും വിമാന യാത്രാനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ ‘വില സ്ഥിരതാ പിന്തുണാ’ (price stabilisation support) പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍, ഈ 10,000 കോടി രൂപയുടെ പദ്ധതി നിര്‍ബന്ധിതമല്ല, മറിച്ച് തെരഞ്ഞെടുക്കാവുന്ന ഒന്നാണ്. തെരഞ്ഞെടുക്കാത്ത വിമാനക്കമ്പനികള്‍ അന്താരാഷ്ട്ര എയര്‍ലൈനുകളെപ്പോലെ നിലവിലെ വിപണി വിലയായ ലിറ്ററിന് ഏകദേശം 142 രൂപ തന്നെ തുടര്‍ന്നും നല്‍കേണ്ടിവരും.
by Midhun HP News | Jun 10, 2026 | Latest News, കേരളം
പാലക്കാട്: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശ്ശേരി സ്വദേശി പ്രിൻസി(46)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
2006-ൽ പരാതിക്കാരൻ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലിചെയ്തിരുന്ന സമയത്താണ് പ്രിൻസിയുമായി സൗഹൃദത്തിലായത്. വിവിധ ഘട്ടങ്ങളിലായി പണവും മൊബൈൽഫോണുകളും വസ്ത്രങ്ങളുമെല്ലാം സ്വന്തമാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരനുമായുള്ള ബന്ധം വീട്ടിൽ അറിഞ്ഞെന്നും, താമസിക്കാൻ വീടുവേണമെന്നും ഇതിന് പണം വേണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് കേരള ബാങ്കിൽനിന്ന് അഞ്ചുലക്ഷംരൂപ വായ്പയെടുത്ത് നൽകി. പിന്നീടും പലപ്പോഴായി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. ഭീഷണികൂടിയതോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയത്. മുൻ പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് 40 ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിലും പ്രിൻസിക്കെതിരെ കേസുണ്ട്. ഒട്ടേറെപ്പേരെ കെണിയിൽക്കുടുക്കി പ്രിൻസി പണം തട്ടിയെടുത്തതായാണ് സൂചന.
by Midhun HP News | Jun 10, 2026 | Latest News, കേരളം
തിരുവനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അറസ്റ്റിൽ. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് പിടിയിലായത്. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സംഘർഷത്തെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ആകാശത്തേക്ക് വെടിയുതിർത്താണ് അനുയായികളെ പിന്തിരിപ്പിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് എത്തി സുഗതനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘത്തെ സുഗതന്റെ അനുയായികൾ വളഞ്ഞു. എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് പ്രതിയുമായി പുറത്തുകടക്കാൻ കഴിയാത്തവിധം പ്രതിരോധമാണ് അനുയായികൾ തീർത്തത്.
ഇതേത്തുടർന്ന് ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കേണ്ടിവന്നു. ഇതിനുശേഷമാണ് സാഹസികമായി കീഴ്പ്പെടുത്തിയ പ്രതിയുമായി പൊലീസ് സംഘം കടന്നത്. സംഘർഷത്തിൽ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവപ്പറമ്പിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലാണ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സുഗതൻ നേരത്തെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ജൂൺ ഏഴിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.
എന്നാൽ കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സുഗതൻ സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. ചിക്കൻപോക്‌സ് ആയതിനാലാണ് സ്റ്റേഷനിൽ ഹാജരാവാതിരുന്നതെന്നും അറസ്റ്റിനെത്തിയ പൊലീസ് ഭാര്യയേയും മകളെയും മർദിച്ചെന്നും സുഗതൻ പറഞ്ഞു.
by Midhun HP News | Jun 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വടക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍ക്കും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Recent Comments