കൊടും ചൂട്: ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

കൊടും ചൂട്: ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ഹീറ്റ് ഹെല്‍ത്ത് ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചാണ് നടപടികള്‍ എകോപിപ്പിച്ചിരിക്കുന്നത്. ക്ലിനിക്കുകളില്‍ കൂളിംഗ് ഉപകരണങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ് ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നവര്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.

‘ശ്രീകൃഷ്ണന് മുന്നില്‍ മന്തി’; വിഷു ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

‘ശ്രീകൃഷ്ണന് മുന്നില്‍ മന്തി’; വിഷു ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ആലപ്പുഴ: വിഷുദിന ആശംസ പങ്കുവച്ച മന്തിക്കടയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കട ഉടമകളിലൊരാളായ ഹര്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ശ്രീകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ കുഴിമന്തി വെച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പില്‍ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അതേസമയം, പോസ്റ്റര്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ഉടമ രംഗത്തെത്തിയിരുന്നു. പുറത്തുനിന്നുള്ള ആളെ കൊണ്ടാണ് ചെയ്യിച്ചിരുന്നതും തന്റെ അറിവോടെയല്ലെന്നുമാണ് ഉടമയുടെ വിശദീകരണം. വിവാദമായ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റര്‍ തയ്യാറാക്കിയിരുന്നതായും ഉടമ വിഡിയോയില്‍ പറയുന്നു. വിവാദത്തിന് പിന്നാലെ ഹോട്ടലിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; ‘പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം’; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; ‘പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം’; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

ഡല്‍ഹി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികളായ നാലുപൊലീസുകാരെ വെറുതെ വിട്ടത് റദ്ദാക്കണമെന്നാണ് സിബിഐയുടെ അപ്പീലിലെ ആവശ്യം. പ്രതികള്‍ പൊലീസുകാരനായതിനാല്‍ ശിക്ഷ അനിവാര്യമാണെന്നും സിബിഐക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചവരെ കേരള ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഉദയകുമാര്‍ പൊലീസ് കസ്റ്റഡിയിലെ ക്രൂരമായ മര്‍ദനത്തിന് ഇരയായാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതരമായി 22 പരിക്കുകള്‍ കണ്ടെത്തിയിരുന്നതായും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമാണ് നടന്നത്. പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ശിക്ഷ അനിവാര്യമാണെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടിസ് അയിച്ചു. 2005 ലാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസുകാരുടെ ക്രുരമായ മര്‍ദനത്തെ തുടര്‍ന്ന് ഉദയകുമാര്‍ മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ ശേഷം ക്രുരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബിജെപി സ്ത്രീകളെ ‘മനുഷ്യ കവച’മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

ബിജെപി സ്ത്രീകളെ ‘മനുഷ്യ കവച’മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

ഡല്‍ഹി: ബിജെപി സ്ത്രീകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴി. മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വനിതാ സംവരണ ബില്‍ ഒരു കെണിയാണെന്നും കനിമൊഴി ആരോപിച്ചു. ലോക്‌സഭയില്‍ വനിതാ സംവരണ ഭേദഗതി ബില്ലിന്മേല്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് കനിമൊഴി സഭയിലെത്തിയത്.

മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശല്‍ ശക്തി കുറയ്ക്കുമെന്ന് കനിമൊഴി മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള തമിഴ്നാട്ടിലെ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല. 2023 ലെ വനിതാ സംവരണ നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെയും കനിമൊഴി വിമര്‍ശിച്ചു.

നിയമം ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കില്‍, പാര്‍ലമെന്റിലെ ചര്‍ച്ചയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കനിമൊഴി ചോദിച്ചു. നമ്മള്‍ ഇവിടെ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്, അപ്പോള്‍ ഇന്നലെ അത് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ഈ സഭയോട് നിങ്ങള്‍ക്ക് എന്ത് ബഹുമാനമാണ് ഉള്ളത്? കേന്ദ്രനടപടി ഫെഡറല്‍ ഘടനയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണമാണെന്നും കനിമൊഴി പറഞ്ഞു. കറുപ്പ് കാളിയുടെ നിറമാണെന്നും, ഡിഎംകെ ഈ വിഷയത്തില്‍ അവസാനം വരെ പ്രതിഷേധിക്കുമെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

‘എൽ 3 വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്, ഏറ്റവും വലിയ തടസം അതാണ്’; പൃഥ്വിരാജ്

‘എൽ 3 വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്, ഏറ്റവും വലിയ തടസം അതാണ്’; പൃഥ്വിരാജ്

‘എംപുരാന്റെ’ പേരിൽ വൻതോതിൽ സംവിധായകൻ പൃഥ്വിരാജിന് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പൃഥ്വിരാജിനോട് ‘എൽ 3’ എന്ന് വരുമെന്ന ചോദ്യവും ഉയർന്നിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

എംപുരാന് നേരെ ഉയർന്ന വിമർശനങ്ങൾ സിനിമയുടെ മൂന്നാം ഭാ​ഗമൊരുക്കുന്നതിൽ നിന്നും തന്നെ പിന്നോട്ട് വലിക്കില്ലെന്നും പൃഥ്വി പറഞ്ഞു. സിനിമ ഇഷ്ടപ്പെടാത്തവർ ഉള്ളതുപോലെ തന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

‘പള്ളിച്ചട്ടമ്പി’ ടീമിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. “കുറച്ചധികം സിനിമകൾ അഭിനയിച്ചു തീർക്കാനുണ്ട്. കുറേ നാളുകളായി എനിക്കു വേണ്ടി കാത്തിരിക്കുന്ന സിനിമകളാണ്, അപ്പോൾ ഞാൻ വീണ്ടും അടുത്ത ഒരു കൊല്ലം ‘സംവിധാനം ചെയ്യട്ടേ’ എന്നു പറഞ്ഞു പോയാൽ, അതവരോട് ചെയ്യുന്ന ക്രൂരതയാകും.

എംപുരാൻ കഴിഞ്ഞിട്ട് ചെയ്യാമെന്നു പറഞ്ഞ സിനിമകളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സംവിധാനത്തിന് കുറച്ച് സമയം എടുക്കും. ഒന്നുരണ്ട് പരിപാടികൾ മനസ്സിലുണ്ട്. സംവിധാനം ചെയ്യണമെന്ന് എനിക്കു മാത്രമല്ല എല്ലാവർക്കും ആഗ്രഹമുണ്ട്.

വിമര്‍ശനങ്ങള്‍ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാന്‍. എംപുരാൻ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്‍ ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്‍റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്.

അപ്പോള്‍ എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാന്‍ ഇപ്പോഴും എവിടെയെങ്കിലും പോയാല്‍ ഒരു ചോദ്യമെങ്കിലും ‘എല്‍ 3’ എന്നു വരുമെന്നാണ്. ഇന്നുവരെ ഒരു പ്രസ് മീറ്റില്‍ പോയിട്ട് എല്‍ 3 യെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും കരുതിയിട്ടില്ല. അത് ഉള്ളിടത്തോളം കാലം അത് ചെയ്യാന്‍ എനിക്ക് ഒരു പ്രചോദനം ഉണ്ട്.

അതിന്‍റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എന്‍റെ സമയമാണ്. തീര്‍ച്ചയായും ലാലേട്ടന്‍റെയൊക്കെ സമയം എന്‍റെ സമയത്തേക്കാള്‍ വിലപ്പെട്ടതാണ്. പക്ഷേ ഞാന്‍ അതിനുവേണ്ടി ഒരു സമയം മാറ്റിവയ്ക്കുക എന്നുള്ളതാണ് അതിന്‍റെ ഏറ്റവും വലിയ ചലഞ്ച് എന്ന് പറയുന്നത്.

പിന്നെ എനിക്ക് അല്ലാതെ ഒന്നുരണ്ട് കമ്മിറ്റ്മെന്‍റ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്സ് ഒക്കെയുണ്ട്. അതിന്‍റെയൊക്കെ കാര്യങ്ങള്‍ നോക്കണം”, പൃഥ്വിരാജ് പറഞ്ഞു. ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന് ‘അസ്രയേൽ’ എന്നാണ് പേരിട്ടിരിക്കുന്നത്.