സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും. ആറു ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികള്‍, വയനാട് ദുരന്തബാധിത മേഖലയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഓണക്കിറ്റുകള്‍ ഇന്നു മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.

കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ല്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6680 രൂപ നല്‍കണം.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.

തിരുവനന്തപുരം ന​ഗര പരിധിയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം ന​ഗര പരിധിയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കുടിവെള്ള പ്രതിസന്ധിയെ തുടർന്ന് ഇന്ന് തിരുവനന്തപുരം ന​ഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോർപറേഷൻ പരിധിയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നു കലക്ടർ അനുകുമാരി അറിയിച്ചു. ഇന്ന് നടത്താനിരുന്ന കേരള സർവകലാശാല പരീക്ഷകൾ മാറ്റി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളജുകളിലെ പ്രവേശന നടപടികൾക്കു മാറ്റമില്ല.

നാലു ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്പിങ്ങ് പുനരാരംഭിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചു തുടങ്ങി. ഐരാണിമുട്ടം ടാങ്കിലേക്ക് പമ്പു ചെയ്യാതെ നേരിട്ട് വിതരണ പൈപ്പുകളിലേക്കാണ് പമ്പു ചെയ്യുന്നത്. പൈപ്പില്‍ ചോര്‍ച്ച ഇല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെ ജലവിതരണം പൂര്‍ണതോതില്‍ ആകുമെന്നാണ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍. നാലു ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്പിങ്ങ് പുനരാരംഭിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചു തുടങ്ങി.

ഐരാണിമുട്ടം ടാങ്കിലേക്ക് പമ്പു ചെയ്യാതെ നേരിട്ട് വിതരണ പൈപ്പുകളിലേക്കാണ് പമ്പു ചെയ്യുന്നത്. പൈപ്പില്‍ ചോര്‍ച്ച ഇല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെ ജലവിതരണം പൂര്‍ണതോതില്‍ ആകുമെന്നാണ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍.

പ്രശസ്ത റേഡിയോ ജോക്കിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന ശശികുമാർ രത്നഗിരി അന്തരിച്ചു

പ്രശസ്ത റേഡിയോ ജോക്കിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന ശശികുമാർ രത്നഗിരി അന്തരിച്ചു

ആറ്റിങ്ങൽ: പ്രശസ്ത റേഡിയോ ജോക്കിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന അവനവഞ്ചേരി ശാന്തി നഗറിൽ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി (48) അന്തരിച്ചു. ആറ്റിങ്ങൽ എച്ച്.പി ന്യൂസ് (ഹൃദയപൂർവ്വം ന്യൂസ്) അവതാരകനായി പ്രവർത്തിച്ച് വരികയായിരുന്നു. രണ്ട് പതിറ്റാണ്ട് കാലം മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് റേഡിയോ ജോക്കി ആയി പ്രവർത്തിച്ചിരുന്ന ശശികുമാർ രത്നഗിരി നിലവിൽ കേരളത്തിൽ സിനിമ സീരിയൽ രംഗത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് രംഗത്ത് സജീവം ആയിരുന്നു. കേരളത്തിലെ പ്രധാന സമിതികളിലൂടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സ്വവസതിയിൽ.

ഭാര്യ: രഞ്ജിനി. മകൻ: ഇന്ദു ചൂടൻ