by Midhun HP News | Sep 8, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം കരാർ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്.
സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ പണിമുടക്ക് നടക്കുന്നത്. വിമാന സർവീസുകൾ 30 മിനിറ്റ് വരെ വൈകുന്നുമുണ്ട്. ബംഗളൂരു – തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാൽ വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല.
by Midhun HP News | Sep 8, 2024 | Latest News, കേരളം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 354 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് വിവാഹ ചടങ്ങുകൾ തുടങ്ങി. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് മണി വരെ 80 ഓളം വിവാഹങ്ങൾ നടന്നു. ഓരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ 150 ഓളം പൊലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
by Midhun HP News | Sep 8, 2024 | Latest News, കേരളം
തൊടുപുഴ: നടന്‍ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍ പരാതിക്കാരി സ്ഥലത്തില്ല. ഉത്തരേന്ത്യയിലുള്ള പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും റിസോര്‍ട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
യുവതിയുടെ പരാതിയില്‍ അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുക്കുകയായിരുന്നു.
യുവതിയില്‍ നിന്ന് ഫോണ്‍ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബാബുരാജിന്റെ വാദം.
by Midhun HP News | Sep 8, 2024 | Latest News, കേരളം
തിരുവനന്തപുരം:ലൈഫ് ഭവന പദ്ധതിയിൽ നിർമിച്ച വീടുകൾ വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ച് ഉത്തരവായി. മുമ്പ് ഇത് പത്തുവർഷമായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ് ഇതു സംബന്ധിച്ച പൊതുതീരുമാനം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ധനസഹായം ലഭിച്ച് ഏഴ് വർഷം കഴിഞ്ഞവർക്ക് ശേഷിക്കുന്ന കാലയളവിലെ കരാർ റദ്ദ് ചെയ്ത് നൽകാനും സ്ഥലത്തിന്റെ രേഖകൾ വാങ്ങി വച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകാനും ആവശ്യമായ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അടിയന്തരമായി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
by Midhun HP News | Sep 8, 2024 | Uncategorized
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്.
തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു.
വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്ന് വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, തീരത്തിന് സമീപം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 3 ദിവസങ്ങളില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ആറു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recent Comments