ലോറിക്ക് പിന്നിൽ ടോറസ് ഇടിച്ചു; ചിന്നിച്ചിതറി ലക്ഷക്കണക്കിന് മുട്ടകൾ

ലോറിക്ക് പിന്നിൽ ടോറസ് ഇടിച്ചു; ചിന്നിച്ചിതറി ലക്ഷക്കണക്കിന് മുട്ടകൾ

തൃശൂർ: മുട്ടകയറ്റി വന്ന ലോറിക്ക് പിന്നിൽ ടോറസ് ലോറിയിടിച്ച് ലക്ഷക്കണക്കിന് മുട്ട നശിച്ചു. ദേശീയപാതയിൽ ചാലക്കുടി സി എസ് ഐ പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം.

തമിഴ്നാട്ടിൽ നിന്നും കോഴിമുട്ട കയറ്റി ചേർത്തലയിലേക്ക് പോവുകയായിരുന്ന ലോറിക്ക് പുറകിലാണ് ടോറസ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ അടക്കി വച്ചിരുന്ന മുട്ടകളിൽ ഭൂരിഭാഗവും നശിച്ചു.

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന്* കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പന്ത്രണ്ട്ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് ഉടരുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരേയും, കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ,കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കൂടാതെ സംസ്ഥാനത്തെ ഉയര്‍ന്ന അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് കാരണത്താല്‍ സൂര്യാഘാതം, സൂര്യതാപം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല, പ്രചാരണത്തിനും വിളിച്ചില്ല; ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു

തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല, പ്രചാരണത്തിനും വിളിച്ചില്ല; ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത രൂക്ഷം. ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറിയെന്ന് നിജേഷ് അരവിന്ദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

എലത്തൂര്‍ മണ്ഡലത്തിലേക്ക് നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പാര്‍ട്ടി ഒഴിവാക്കുകയായിരുന്നു. ബാലുശേരി മണ്ഡലത്തിന്റെ പ്രചാരണ ചുമതല നല്‍കാമെന്നായിരുന്നു ആ ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം നിജേഷിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ബാലുശേരിയിലും നിജേഷിന് കാര്യമായ ചുമതല നല്‍കിയില്ല. ഇതിലെല്ലാമുള്ള അതൃപ്തിയാണ് നിജേഷിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.

നേരത്തെ തെരഞ്ഞെടുപ്പിലേക്കുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന സമയത്ത് നിജേഷ് അരവിന്ദ് കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. ആയിരം തെരത്തെടുപ്പുകളില്‍ സീറ്റ് നിഷേധിക്കപ്പെട്ടാലും സീറ്റിനും പദവിക്കും വേണ്ടി മരണംവരെ ഒരാളുടെയും പെട്ടി പിടിക്കില്ലെന്നും ഇന്നലത്തേക്കാള്‍ സജീവമായി ഇവിടെ തന്നെ കാണുമെന്നുമായിരുന്നു അന്ന് നിജേഷ് അരവിന്ദ് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ ഉത്തരം കിട്ടിയെന്നും വ്യക്തിപരമായി അതിലും വലിയ തിരിച്ചറിവുകള്‍ ഉണ്ടായെന്നും നിജേഷ് അരവിന്ദ് ആരോപിച്ചിരുന്നു.

താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നും നിജേഷ് അരവിന്ദ് പറഞ്ഞു. ഇന്നലെയാണ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയത്.

വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മർദ്ദനത്തിൽ യുവാവിന്‍റെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന് ആന്തരികമായി നിരവധി പരിക്കുകളുള്ളതായും നെഞ്ചിൽ രക്തസ്രാവമുണ്ടായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ് സംഭവം. വിഴിഞ്ഞം സ്വദേശി സുമന്‍റെ കൊലപാതകത്തിൽ അച്ചു, അനന്തു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിടിയിലായ ഇരുവരും സഹോദരങ്ങളാണ്. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമാണ് കഴിഞ്ഞ ദിവസം രാത്രി നടന്നത്. പത്തിലധികം ആളുകള്‍ കൂടി നിൽക്കെയാണ് സംഭവം. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നത് ആരും തടയാൻ ശ്രമിക്കുകയോ പിടിച്ചു മാറ്റുകയോ ചെയ്തില്ല. പകരം മൊബൈൽ ഫോണിൽ ദൃശ്യങ്ങള്‍ എടുത്തു. വിഴിഞ്ഞം മുക്കോലയിലെ ബാര്‍ ഹോട്ടലിൽ മദ്യപിക്കവേ, പ്രതി അച്ചുവും സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന ഷാനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് നീണ്ടു. ഇവരുമായി ഒരു ബന്ധവും ഇല്ലാത്ത സുമൻ, തര്‍ക്കത്തിൽ ഇടപെട്ടു. ഇതോടെ അച്ചുവും സുമനും തമ്മിലായി അടിപിടി. രാത്രി 12 മണിയോടെ ഇരുവരും പുറത്തേക്ക് വന്നു.

ഹോട്ടലിന് മുന്നിൽ വെച്ച് സുമൻ അച്ചുവിനെ തല്ലി. അച്ചു വീട്ടിലായിരുന്ന സഹോദരന് അനന്തുവിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സുമനെ തല്ലിച്ചതച്ചു. സുമൻ നേരിട്ട ക്രൂരമർദ്ദനം വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവം നടക്കുമ്പോള്‍ രണ്ട് ബാര്‍ ജീവനക്കാര്‍ മൊബൈൽ ഫോണിൽ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് ചോദ്യം ചെയ്ത് പ്രതികള്‍ ജീവനക്കാര്‍ക്കുനേരെ വന്നതോടെ ബാറിലെ ബൗണ്‍സര്‍, കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇതോടെ പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാൽ, രാത്രി തന്നെ പൊലീസ് പ്രതികളെ പിടികൂടി. അച്ചുവും അനന്തുവും അടക്കം നാലു പേരെ ആണ് കസ്റ്റഡിയിൽ എടുത്തത്.

കാത്തിരിപ്പിന് ഫലം കണ്ടു, കമലാക്ഷിയമ്മ തിരികെ വീട്ടിലേക്ക്, അച്ഛന് മറവി രോഗമെന്ന് മകൻ

കാത്തിരിപ്പിന് ഫലം കണ്ടു, കമലാക്ഷിയമ്മ തിരികെ വീട്ടിലേക്ക്, അച്ഛന് മറവി രോഗമെന്ന് മകൻ

എറണാകുളം: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയോധിക തിരികെ വീട്ടിലേക്ക്. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെ മകൻ എത്തി വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഭർത്താവിനൊപ്പം പെൻഷൻ വാങ്ങാനാണ് വ്യാഴാഴ്ച ഉച്ചയോടെ കമലാക്ഷി എറണാകുളത്ത് എത്തിയത്.

എന്നാൽ അച്ഛന് മറവി രോ​ഗമുള്ളതിനാൽ കമലാക്ഷിയെ തിരികെ കൂട്ടാൻ മറന്നുവെന്നാണ് മകൻ പറയുന്നത്. ഇന്നലെ മാധ്യമ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മകൻ കാര്യമറിയുന്നത്. തുടർന്ന് പൊലീസുമായി ബന്ധപ്പെടുകയും എറണാകുളം പോലീസ് സ്റ്റേഷനിലെത്തി കമലാക്ഷിയെ തിരികെ കൊണ്ടുപോവുകയും ചെയ്തു. ബന്ധുക്കള്‍ വയോധികയെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു പോയെന്ന തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് വയോധികയുടെ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.