‘കൂറ്റൻ സിക്സ് മാത്രമല്ല, എനിക്ക് ടെസ്റ്റും ഓക്കെ’; ആ​ഗ്രഹം പറഞ്ഞ് വൈഭവ്

‘കൂറ്റൻ സിക്സ് മാത്രമല്ല, എനിക്ക് ടെസ്റ്റും ഓക്കെ’; ആ​ഗ്രഹം പറഞ്ഞ് വൈഭവ്

മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആ​ഗ്രഹം തുറന്നു പറഞ്ഞ് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. താനൊരു ലിമിറ്റഡ് ഓവര്‍ സ്‌പെഷ്യലിസ്റ്റ് മാത്രമാണെന്ന വിലയിരുത്തലുകളെ കൗമാര വിസ്മയം തള്ളിക്കളഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ സീനിയർ ടീമിലേക്ക് ഈ 15കാരന് കഴിഞ്ഞ ​ദിവസം വിളിയെത്തിയിരുന്നു. പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ റോമി ഭിന്ദറുമായി സംസാരിക്കവെയാണ് റെഡ് ബോള്‍ ക്രിക്കറ്റിനോടുള്ള തന്റെ താത്പര്യം സൂര്യവംശി പങ്കുവെച്ചത്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള തന്റെ ആഗ്രഹവും അതിനായുള്ള തയ്യാറെടുപ്പുകളും താരം വ്യക്തമാക്കി.

‘ടി20യിലെ ശൈലി കണ്ട് ഞാനൊരു റെഡ് ബോള്‍ പ്ലെയര്‍ അല്ലെന്ന് കരുതരുത്. ഞാൻ റെഡ് ബോളില്‍ ധാരാളം പരിശീലനം നടത്താറുണ്ട്. ഇപ്പോഴും അത് തുടരുന്നു. എന്റെ സംസ്ഥാനത്തിന് വേണ്ടിയും ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഓരോ ഫോര്‍മാറ്റിന്റെയും സാഹചര്യം അനുസരിച്ച് ബാറ്റിങ് ശൈലി മാറ്റാന്‍ എനിക്ക് സാധിക്കും. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ആ ഫോര്‍മാറ്റ് ആവശ്യപ്പെടുന്നത് പോലെ കളിക്കാനാണ് ഞാന്‍ ശ്രമിക്കുക. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുക എന്നതാണ് എന്റെ സ്വപ്നം’- താരം വ്യക്തമാക്കി.

ടി20യിലെ പ്രകടനം കൊണ്ടാണ് സൂര്യവംശി ശ്രദ്ധിക്കപ്പെട്ടതെങ്കിലും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതിനോടകം തന്നെ താരം വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 2023- 24 സീസണില്‍ കേവലം 12ാം വയസില്‍ ബിഹാറിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. 2024ല്‍ ഓസ്‌ട്രേലിയ അണ്ടര്‍19 ടീമിനെതിരെ 58 പന്തില്‍ സെഞ്ച്വറി നേടി. യൂത്ത് ടെസ്റ്റ് ചരിത്രത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. 2025ല്‍ ബ്രിസ്‌ബെയ്നില്‍ ഓസ്‌ട്രേലിയക്കെതിരെ വീണ്ടും സെഞ്ച്വറി (86 പന്തില്‍ 113) നേടി. 15 വയസിന് മുൻ‌പ് രണ്ട് യൂത്ത് ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ലോകത്തിലെ ആദ്യ താരമായും സൂര്യവംശി മാറി.

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്താണ് വൈഭവ് ഇന്ത്യൻ സീനിയർ ടീമിലേക്ക് വരുന്നത്. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. 1989ൽ 16ാം വയസിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ സച്ചിൻ 37 വർഷമായി കൊണ്ടുനടന്ന റെക്കോർഡാണ് വൈഭവ് മറികടന്നത്. 18ാം വയസിൽ അരങ്ങേറ്റം കുറിച്ച വാഷിങ്ടൻ സുന്ദറിന്റെ പേരിലാണ് ടി20യിലെ പ്രായം കുറഞ്ഞ ഇന്ത്യൻ താരത്തിന്റെ റെക്കോർഡ്. ഈ റെക്കോർഡും വൈഭവ് തിരുത്തി.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയിലും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനുമായി പുറത്തെടുത്ത മിന്നും ബാറ്റിങാണ് വൈഭവിന്റെ സീനിയർ ടീമിലേക്കുള്ള വഴി അതിവേ​ഗം തുറക്കാൻ ഇടയാക്കിയത്. രാജസ്ഥാൻ റോയൽസിനായി സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച വൈഭവ് ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും ഉൾപ്പെടെ 776 റൺസ് നേടി. ഓറഞ്ച് ക്യാപ്, ടൂർണമെന്റിലെ മോസ്റ്റ് വാല്യൂബിൾ പ്ലെയർ, എമർജിങ് പ്ലെയർ പുരസ്കാരങ്ങളും വൈഭവ് സ്വന്തമാക്കി. പിന്നാലെയാണ് താരത്തെ തേടി ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളി എത്തിയത്.

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

കൊച്ചി: ഒരേ പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന്‍ സലിംകുമാറിന് വിടചൊല്ലി കേരളം. നിറഞ്ഞ കണ്ണുകളുമായി നിന്ന ആയിരങ്ങളെ സാക്ഷിനിര്‍ത്തി വീടായ ലാഫിങ് വില്ലയില്‍ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മക്കളായ ചന്തുവും ആരോമലുമാണ് ചിതയ്ക്ക് തീകൊളുത്തിയത്.

വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ലാഫിങ് വില്ല സാക്ഷിയായത്. മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കം രാഷ്ട്രീയ മേഖലയിലെയും സിനിമാ രംഗത്തെയും നിരവധി പ്രമുഖര്‍ ഹൃദയത്തില്‍ നര്‍മ്മം സൂക്ഷിച്ച സലിംകുമാറിനെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി. മഴത്തുള്ളികള്‍ പോലെ എല്ലാവരും ഈറനണിഞ്ഞു.

‘അവസാനത്തെയാളും സുരക്ഷിതനെന്ന് ഉറപ്പാക്കിയാണ് സലിം കുമാര്‍ വീടുവിട്ടത്’; പ്രളയകാലത്ത് പറവൂരുകാര്‍ക്ക് അഭയമായ ലാഫിങ് വില്ല

‘അവസാനത്തെയാളും സുരക്ഷിതനെന്ന് ഉറപ്പാക്കിയാണ് സലിം കുമാര്‍ വീടുവിട്ടത്’; പ്രളയകാലത്ത് പറവൂരുകാര്‍ക്ക് അഭയമായ ലാഫിങ് വില്ല

കൊച്ചി: അന്തരിച്ച സലിം കുമാര്‍ വടക്കന്‍ പറവൂരുകാര്‍ക്ക് കേവലം നാട്ടുകാരനോ നടനോ മാത്രമല്ല. 2018ലെ പ്രളയകാലത്ത് തങ്ങാനൊരിടമില്ലാതെ വലഞ്ഞവര്‍ക്ക് അഭയം നല്‍കിയ വലിയ മനസ്സിന്റെ ഉടമ കൂടിയാണ്. പ്രളയജലം പ്രദേശത്തെ വീടുകളൊന്നാകെ മുക്കിയപ്പോള്‍, ലാഫിങ് വില്ലയെന്ന തന്റെ വസതിയില്‍ അമ്പതോളം പേരെയാണ് അദ്ദേഹം പാര്‍പ്പിച്ചത്. വീട്ടിനുള്ളിലെ ഒരു മുറി ഒഴികെ ബാക്കി എല്ലായിടവും ദുരിത ബാധിതര്‍ക്കായി അന്ന് അദ്ദേഹം വിട്ടുനല്‍കിയെന്ന് അയല്‍ക്കാര്‍ ഓര്‍ക്കുന്നു.

‘അയല്‍പക്കത്തെ വീടുകള്‍ പലതും മുങ്ങിയതോടെ അദ്ദേഹവും മാറിനില്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഞങ്ങളുടെ അവസ്ഥ കണ്ടതോടെ, വീടു തുറന്നുതരാനും ഒപ്പം നില്‍ക്കാനും തീരുമാനിച്ചു. ഒരു മുറിയൊഴികെ എല്ലായിടവും തുറന്നുതന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കാനായി ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചുവെച്ചിരുന്നു. മൂന്നു ദിവസം അതുപയോഗിച്ചാണ് ഞങ്ങള്‍ അതിജീവിച്ചത്. താഴത്തെ നിലയില്‍ വെള്ളം കയറിയതോടെ അദ്ദേഹം അധികൃതരെ വിളിച്ച് എല്ലാവരെയും ക്യാമ്പുകളിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. അവസാനത്തെയാളും സുരക്ഷിതമായി വീടുവിട്ട ശേഷമാണ് സലിം കുമാര്‍ അവിടെനിന്ന് ഇറങ്ങിയത്. എപ്പോഴും അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റുകള്‍ തുറന്നുകിടക്കും. ആര്‍ക്കു വേണമെങ്കിലും സഹായം ചോദിച്ച് ചെല്ലാം. കഴിയുന്നതു പോലെ അദ്ദേഹം ചെയ്തു നല്‍കാറുമുണ്ട്’ -അയല്‍ക്കാരന്റെ വാക്കുകള്‍.

സിനിമയിലെ നേട്ടങ്ങള്‍ക്കപ്പുറം, കൃഷിയിലും തല്‍പരനാണ് സലിം കുമാര്‍. വടക്കന്‍ പറവൂരിലും വൈപ്പിനിലും അദ്ദേഹം കൃഷി ചെയ്തിരുന്നു. പൊക്കാളി അരിക്കും പച്ചക്കറിക്കും പുറമെ മത്സ്യക്കൃഷിയും സ്വന്തമായുണ്ടായിരുന്നു. കര്‍ഷകര്‍ക്കായി അദ്ദേഹം പല വേദികളിലും സംസാരിച്ചിട്ടുണ്ട്. അത് എവിടെ നിന്നെങ്കിലും കിട്ടിയ അറിവുകൊണ്ടല്ല, പലപ്പോഴും കര്‍ഷകനെന്ന നിലയില്‍ സ്വയം ആര്‍ജിച്ചെടുത്ത അറിവുകളിലൂടെയാണെന്നും അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ശനിയാഴ്ച രാത്രി 10.43ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച സലിം കുമാറിന്റെ മൃതദേഹത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്‍, സാംസ്‌കാരികമന്ത്രി പി സി വിഷ്ണുനാഥ് എന്നിവര്‍ ടൗണ്‍ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഹൈബി ഈഡന്‍ എംപി, ബെന്നി ബംഹനാന്‍ എംപി, രമേശ് പിഷാരടി എംഎല്‍എ, സംവിധായകരായ കമല്‍, പ്രിയനന്ദന്‍, നടന്മാരായ ജയറാം, ടിനി ടോം, ബിബിന്‍ ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, നവ്യ നായര്‍ തുടങ്ങി സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ടൗണ്‍ഹാളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. മോഹന്‍ലാലിന് വേണ്ടി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം മൃതദേഹം വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും.

‘അവസാന ശ്വാസം വരെ കോൺഗ്രസുകാരൻ, എന്റെ സുഹൃത്തിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

‘അവസാന ശ്വാസം വരെ കോൺഗ്രസുകാരൻ, എന്റെ സുഹൃത്തിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: അന്തരിച്ച സിനിമാ താരം സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. രാവിലെ 11. 30 ഓടെയാണ് മുഖ്യമന്ത്രി പറവൂർ ടൗൺഹാളിലെത്തി സലിം കുമാറിന് അന്തിമോപചാരം അർപ്പിച്ചത്. തുടർന്ന് സലിം കുമാറിന്റെ ഭാര്യ, മക്കളായ ചന്തു, ആരോമൽ എന്നിവരുമായി മുഖ്യമന്ത്രി വിഡി സതീശൻ സംസാരിച്ചു. സലിംകുമാറുമായി അടുത്ത സൗഹൃദബന്ധമാണ് വിഡി സതീശൻ പുലർത്തിയിരുന്നത്. തന്റെ കൂടപ്പിറപ്പിനെയാണ് നഷ്ടമായതെന്ന് വിഡി സതീശൻ അനുസ്മരിച്ചിരുന്നു.

സലിം കുമാറുമായി വലിയ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ഏതു തിളച്ചുമറിഞ്ഞ കാലാവസ്ഥയിലും ഉറച്ച രാഷ്ട്രീയബോധ്യമുള്ള സുഹൃത്തായിരുന്നു സലിം കുമാർ എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്ര പെട്ടെന്ന് ഇങ്ങനെ വിടപറയുമെന്ന് കരുതിയിരുന്നില്ല. സലിം കുമാറിന്റെ കുടുംബം എന്നത് എന്റെ കുടുംബം കൂടിയാണ്. ആ കുടുംബത്തെ എന്നും ചേർത്തു നിർത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.

പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ച സലിം കുമാറിന്റെ മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സാംസ്കാരികമന്ത്രി പി സി വിഷ്ണുനാഥ് ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഹൈബി ഈഡൻ എംപി, ബെന്നി ബംഹനാൻ എംപി, രമേശ് പിഷാരടി എംഎൽഎ, സംവിധായകരായ കമൽ, പ്രിയനന്ദൻ, നടന്മാരായ ജയറാം, ടിനി ടോം, ബിബിൻ ജോർജ്, സൗബിൻ ഷാഹിർ, നവ്യ നായർ തുടങ്ങി സിനിമാ, സാംസ്കാരിക പ്രവർത്തകർ ടൗൺഹാളിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

മോഹൻലാലിന് വേണ്ടി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പുഷ്പചക്രം അർപ്പിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിക്കും. സലിം കുമാറിന്റെ സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും.

സലിം കുമാറിന്റെ വിയോഗം മലയാള സിനിമയുടെ മാത്രം നഷ്ടമല്ലെന്ന് സാംസ്കാരിക- സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഇന്ത്യൻ സിനിമയുടെ മഹത്തരമായ ഇടങ്ങളിലേക്ക് മലയാള സിനിമയെ അഭിമാനത്തോടുകൂടി ഉയർത്തിയ കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും സലിം കുമാറിനുണ്ടായിരുന്നുവെന്ന് നടൻ മോഹൻലാൽ അനുസ്മരിച്ചു.

ഇന്നലെ രാത്രി 10.43 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു സലിം കുമാറിന്റെ ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛനാണ് സലിം എന്ന പേരിട്ടത്. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപികയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സലിമിനൊപ്പം കുമാര്‍ കൂട്ടിചേര്‍ത്തത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഡിഗ്രി പഠനം. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് സലിം കുമാറിന്റെ ആദ്യസിനിമ. ഇതുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകൾ സലിംകുമാർ സംവിധാനം ചെയ്തു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും നിർവ്വഹിച്ചത് സലിംകുമാറായിരുന്നു. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കംപാർട്ട്മെന്റ് ആണ് മൂന്നാമത്തെ സിനിമ. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചു, ഡാന്‍സ് പരിപാടിക്കായി തമിഴ്‌നാട്ടിലാണെന്ന വാദവും പൊളിഞ്ഞു; അഖിലയുടെ പങ്ക് വ്യക്തം

കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചു, ഡാന്‍സ് പരിപാടിക്കായി തമിഴ്‌നാട്ടിലാണെന്ന വാദവും പൊളിഞ്ഞു; അഖിലയുടെ പങ്ക് വ്യക്തം

തിരുവനന്തപുരം: രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിതിന് ജീവന്‍ നഷ്ടമായതെന്ന് പൊലീസ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഒരു മാസത്തിനിടെ നാല്‍പ്പതിലധികം തവണയാണ് അഷ്‌കറും അഖിലയും ചേര്‍ന്ന് മര്‍ദിച്ചത്. പലപ്പോഴും ആഹാരവും നല്‍കിയിരുന്നില്ല. മര്‍ദനത്തിനിടെയുണ്ടായ മുറിവുകള്‍ക്ക് കൃത്യമായ ചികിത്സയും നല്‍കിയില്ല. കുഞ്ഞിന്റെ ശരീരത്തില്‍ 51 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഏഴു വാരിയെല്ലുകള്‍ക്ക് പൊട്ടലുമുണ്ട്.

ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ അഖില പലതവണ പൊലീസിനെ കബളിപ്പിക്കുന്ന തരത്തിലുള്ള മൊഴികളാണ് നല്‍കിയത്. ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളും നടത്തി. ഒന്നുമറിയില്ലെന്നും നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നുവെന്നും പറഞ്ഞു. പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലെ പങ്ക് അഖില സമ്മതിച്ചത്. അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖിലിന്റെ കുടുംബത്തിന് കുഞ്ഞിനെ കൈമാറാമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവൂര്‍ കരിക്കുഴി നെല്ലിക്കുന്ന് അര്‍ച്ചിതം വീട്ടില്‍ ഒന്നര വയസ്സുകാരന്‍ അര്‍ഷിത് മരിച്ചത്.അഖിലയുടെ കുഞ്ഞ് തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്ന് രണ്ടാനച്ഛന്‍ അഷ്‌കര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. രണ്ടാഴ്ച മുമ്പ് അര്‍ഷിതിന്റെ രണ്ടു കൈകളും അഷ്‌കര്‍ അടിച്ചൊടിച്ചു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. എട്ടുദിവസത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്ലാസ്റ്റര്‍ ഇട്ടു. അപ്പോഴും അര്‍ഷിതിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ ഈ അസ്വാഭാവികത പോലീസിനെ അറിയിച്ചില്ല. വാടകവീട്ടില്‍ ഇവരോടൊപ്പം അഷ്‌കറിന്റെ അമ്മയും സഹോദരിയും താമസിച്ചിരുന്നു. അതുകൊണ്ടുതന്നെ അഷ്‌കറിന്റെ ബന്ധുക്കള്‍ക്കുള്ള പങ്കും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിനാണ് അന്വേഷണച്ചുമതല.