by Midhun HP News | Apr 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം ലഭിച്ചു. രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചിരിക്കുകയാണ്.
കേസില്‍ എസ്ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് എല്ലാവര്ക്കും സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമായത്. ജനുവരി 14ന് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയ ശങ്കരദാസ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും പ്രതിയാണ് ശങ്കരദാസ്.
ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പത് പേര്‍ക്ക് സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്.


by Midhun HP News | Apr 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലാമിഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ സിഡിഎസ് 2026 വിഷു വിപണന മേളയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഗിരിജ, വൈസ് ചെയർപേഴ്സൺ മിനി, മറ്റു സി. ഡി. എസ് അംഗങ്ങൾ, അക്കൗണ്ടന്റ്, എം. ഇ. സി എന്നിവർ പങ്കെടുത്തു.


by Midhun HP News | Apr 13, 2026 | Latest News, കേരളം
KEAM 2026: എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശന പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.
കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ (സിബിടി) ഏപ്രിൽ 17 മുതൽ 22 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹി, മുംബൈ, ബെംഗളുരൂ, ചെന്നൈ, ഷാർജ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലുമായി നടക്കും. കീം 2026 ന് കേരളത്തിനകത്തും പുറത്തുമായി ആകെ 152 കേന്ദ്രങ്ങളാണ് ഉള്ളത്.
എൻജിനിയറിങ് കോഴ്സിന് 1,08,409 വിദ്യാർത്ഥികളും ഫാർമസി കോഴ്സിന് 39,737 വിദ്യാർത്ഥികളുമാണ് പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്.
എൻജിനിയറിങ് പരീക്ഷ 17 മുതൽ 22 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് നടക്കുക. ഫാർമസി പരീക്ഷ ഏപ്രിൽ 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 വരെയും നടക്കും.
പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വിദ്യാർത്ഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും. എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കാൻഡിഡേറ്റ് പോർട്ടൽ വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് എടുത്തു വേണം പരീക്ഷയ്ക്ക് ഹാജരാകേണ്ടത്.
അഡ്മിറ്റ് കാർഡിനൊപ്പം ഹാജരാക്കേണ്ട തിരച്ചറിയൽ രേഖ
പരീക്ഷാ കേന്ദ്രത്തിലെത്തുന്ന വിദ്യാർത്ഥികൾ തിരിച്ചറിയൽ പ്രവേശന പരീക്ഷ കമ്മീഷണർ നിർദ്ദേശിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ ഒറിജിനൽ കൊണ്ടുവരണം
വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, ആധാർ കാർഡ്/ഇ-ആധാർ, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി കരുതണം എന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണർ നിർദ്ദേശിച്ചിട്ടുള്ളത്.
പ്രാക്ടിക്കൽ ടെസ്റ്റ്
പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിന് സഹായകമായി മോക്ക് ടെസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണർ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷയെഴുതാനായി അപേക്ഷ സമർപ്പിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഈ സൗകര്യം ഉപയോഗിക്കാനാകും. www.cee.kerala.gov.in എന്ന പ്രവേശ പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ലഭിക്കുക.
വിദ്യാർത്ഥികൾ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് ആയ www.cee.kerala.gov.in തുറക്കുക. അതിന് ശേഷം ‘KEAM 2026 Candidate Portal’ എന്നതു വഴി തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്തു കഴിയുമ്പോൾ മെനുവിലുള്ള ‘Practice Test’ എന്ന ലിങ്ക് കാണാനാകും. ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് പരീക്ഷാ രീതി മനസ്സിലാക്കുന്നതിനായി പ്രാക്ടിക്കൽ ടെസ്റ്റിൽ പങ്കെടുക്കാം
വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in,
ഫോൺ :0471 2332120, 2338487.
by Midhun HP News | Apr 13, 2026 | Latest News, കേരളം
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ കേസെടുത്തു. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം, അസോ. പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ്സി എസ്ടി അതിക്രമ നിരോധന വകുപ്പും ഇവർക്കെതിരെ എടുത്തിട്ടുണ്ട്.
കേസ് പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിഥിൻ രാജിൻ്റെ നിർദ്ദേശപ്രകാരമാണ് കണ്ണൂർ എസിപി ആർ ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെഎ ഫക്രുദ്ദീൻ, എസ് ഐ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ, കണ്ണൂർ സിറ്റി സൈബർ സെൽ എന്നിവരുൾപ്പെട്ട ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. ദന്തൽ കോളജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
നേരത്തെ ആരോപണവിധേയരായ അധ്യാപകരെ അധികൃതർ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ആഭ്യന്തര അന്വേഷണത്തിനായി കോളജിൽ ഒരു സമിതി രൂപീകരിച്ചിരുന്നു. നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്മെന്റ് അറിയിച്ചു. അധ്യാപകര്‍ക്കോ സഹപാഠികള്‍ക്കോ എതിരെ നിധിന് മുന്‍പ് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്ത് വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കൈയും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തു വന്നത്.
സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അധ്യാപകർ നിതിനെ അധിക്ഷേപിച്ചിരുന്നതിനെ കുറിച്ച് മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്നും യുവജന കമ്മീഷൻ വ്യക്തമാക്കി.
വകുപ്പ് മേധാവി ഡോ. എം കെ റാമും ഡോ. സംഗീതയും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യവും കാണിച്ചിരുന്നു എന്നാണ് ആരോപണം.
കോളജിൽ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് നിതിൻ സുഹൃത്തക്കൾക്ക് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകൻ വിഢി എന്നു വിളിച്ചുവെന്നും പറഞ്ഞുകൊണ്ട് നിതിൻ സുഹൃത്തിന് അയച്ച ഓഡീയോ സന്ദേശം പുറത്തുവന്നിരുന്നു. സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാനെന്നു പറഞ്ഞു. സഹപാഠികൾക്കിടയിൽ വെച്ച് നിരന്തരം അപമാനിച്ചന്നും നിതിൻ രാജ് ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.


by Midhun HP News | Apr 13, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാര്‍പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത് നിര്‍ത്തണം എന്നാണ് ട്രംപിന്റെ ഉപദേശം. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്റെ വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തതെന്ന് തന്നെ നേരിടാന്‍ വേണ്ടിയാണ് എന്നുംട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നു എന്നാണ് ട്രംപിന്റെ പരാമര്‍ശം.
സോഷ്യല്‍ മീഡിയ പോസ്റ്റിലും വാര്‍ത്താ ഏജന്‍സിയായ ടാര്‍മാക്കിന് നല്കിയ അഭിമുഖത്തിലും ട്രംപ് നിലപാട് ആവര്‍ത്തിച്ചു. ‘ഞാന്‍ പോപ്പ് ലിയോയുടെ ആരാധകനല്ല,’ എന്നാണ് ട്രംപിന്റെ നിലപാട്. ‘ഇറാന് ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് അംഗീകരിക്കാന്‍ ആകില്ല. വെനസ്വേലയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാന്‍ താന്‍ ശ്രമിക്കുമ്പോള്‍ അതിനെ മാര്‍പ്പാപ്പ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു.
കുറ്റകൃത്യങ്ങളില്‍ പോപ്പ് ലിയോ ദുര്‍ബലനാണ്, വിദേശനയത്തില്‍ അദ്ദേഹം ഭയങ്കരനാണ്. ട്രംപ് ഭരണകൂടത്തോടുള്ള ‘ഭയ’ത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ഇറാന് ഒരു ആണവായുധം ഉണ്ടായിരിക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. അമേരിക്കയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് അയയ്ക്കുകയും, മയക്കുമരുന്ന് വ്യാപാരികള്‍, കൊലയാളികള്‍ എന്നിവരുള്‍പ്പെടെയുള്ള അമേരിക്കയിലേക്ക് അയക്കുകയും ചെയ്ത വെനിസ്വേലയെ അമേരിക്ക ആക്രമിച്ചത് ഭയാനകമാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. പോപ്പ് ആകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ അദ്ദേഹത്തെ അവിടെ ഉള്‍പ്പെടുത്തിയത്, പ്രസിഡന്റ് ട്രംപിനെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് അവര്‍ കരുതി. ഞാന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍, ലിയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ല. ഇടതുപക്ഷക്കാരനായ ഡേവിഡ് ആക്സല്‍റോഡിനെപ്പോലുള്ള ഒബാമ അനുഭാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നു. ലിയോ പോപ്പ് എന്ന നിലയില്‍ തന്റെ കടമകളില്‍ നിര്‍വഹിക്കണം. സാമാന്യബുദ്ധി ഉപയോഗിക്കണം, ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്തണം, രാഷ്ട്രീയക്കാരനല്ല, മഹാനായ പോപ്പാകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എന്നാണ് ട്രംപിന്റെ പോസ്റ്റ്,.
യേശുക്രിസ്തുവിന്റെതിന് സമാനമായ വിശുദ്ധന്മാരെപ്പോലെയുള്ള ശക്തികള്‍ തനിക്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രം ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ക്രൈസ്തവ ശൈലിയിലുള്ള വസ്ത്രം ധരിച്ച ട്രംപ്, കിടപ്പിലായ ഒരു മനുഷ്യനെ മേല്‍ കൈ വയ്ക്കുന്നതാണ് ചിത്രത്തിലുള്ളത്. പട്ടാളക്കാരന്, ഒരു നഴ്സ്, പ്രാര്‍ത്ഥിക്കുന്ന ഒരു സ്ത്രീ, ബേസ്ബോള്‍ തൊപ്പി ധരിച്ച താടിയുള്ള ഒരു പുരുഷന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ആകാശത്തില്‍ കഴുകന്മാരും അമേരിക്കന്‍ പതാകയും ഉള്‍പ്പെടുന്നുണ്ട്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. യുഎസും ഇറാനും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ച അതേ ദിവസം തന്നെയാണ് മാര്‍പാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്.


Recent Comments