by Midhun HP News | Jul 21, 2024 | Latest News, കേരളം
തിരുവനന്തപുരം: മലപ്പുറത്ത് നിപ സംശയത്തെത്തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിധ്യവും സ്ഥിരീകരിച്ചു.
പ്രദേശത്ത് വീടുകൾ കയറിയുള്ള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വൺ അലോട്ട്മെൻ്റ് നടക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും.
by Midhun HP News | Jul 21, 2024 | Latest News, ദേശീയ വാർത്ത
പൊതുരംഗത്തെ പ്രവർത്തന മികവിനു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്. രണ്ടു ലക്ഷം രൂപയാണ് പുരസ്കാരത്തുക. അനാരോഗ്യത്തെ തുടർന്നു കേളത്തിലെത്താൻ കഴിയില്ലെന്നതിനാൽ ഡോ.മൻമോഹൻ സിങ്ങിനു ഡൽഹിയിലെ വസതിയിലെത്തി പുരസ്കാരം സമർപ്പിക്കും.
സാമ്പത്തിക ഉദാരവൽകരണ നയങ്ങളിലൂടെ രാജ്യത്തെ പുരോഗതിയുടെ പാതയിൽ മുന്നേറാൻ ധനമന്ത്രിയെന്ന നിലയിൽ നൽകിയ സേവനങ്ങളും പ്രധാനമന്ത്രിയെന്ന നിലയിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളും പരിഗണിച്ചാണു പുരസ്കാരം നൽകുന്നതെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.
by Midhun HP News | Jul 21, 2024 | Latest News, കേരളം
ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ റോഡിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. ഇനി വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് തിരച്ചിൽ നീളും.
രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതെ ആയിട്ടുണ്ട്. രാത്രി തെരച്ചിൽ നടത്തരുതെന്ന് ജിയോളജിക്കൽ സർവേ നിർബന്ധമായും പറഞ്ഞിട്ടുണ്ട്. കനത്ത മഴയുണ്ട്. അതിനാൽ രാത്രി ഓപ്പറേഷൻ ഉണ്ടാവില്ല’. വെള്ളത്തിൽ തെരച്ചിൽ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും കർണാടക മന്ത്രി അറിയിച്ചു.
അതേസമയം, വൻതോതിൽ മണ്ണിടിഞ്ഞ് ഗംഗാവലി നദിയിൽ തുരുത്ത് രൂപപ്പെട്ടതിനാൽ നദിയിലെ തെരച്ചിൽ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. പുഴയിലെ തെരച്ചിലിനായി പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് അത്യാധുനിക ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകൾ എത്തിക്കാനാണ് സൈന്യത്തിൻ്റെ തീരുമാനം.
by Midhun HP News | Jul 21, 2024 | Latest News, കേരളം
കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണം. രോഗിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാൽ ഇയാൾക്ക് കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽപ്പെടുന്ന ആളല്ല. സമാന രോഗലക്ഷണം കണ്ടതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്റെയും സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പൂനെ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ ഫലം രാത്രിയോടെ ലഭിച്ചേക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. കുട്ടിയുടെ മാതാപിതാക്കൾക്ക് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരനാണ് മരിച്ചത്. കേരളത്തിൽ നിപ ബാധിച്ചുള്ള 21-ാമത്തെ മരണമാണിത്. അഞ്ചു തവണയാണ് കേരളത്തിൽ നിപ രോഗബാധയുണ്ടാകുന്നത്.
by Midhun HP News | Jul 21, 2024 | Latest News, കേരളം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24ന് തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ എല്ലാമാസവും പെൻഷൻ നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Recent Comments