by Midhun HP News | Jun 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കണം എന്നതില്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് തീരുമാനമെടുക്കും. യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. അത് എങ്ങനെ നടപ്പാക്കണം, മാനദണ്ഡങ്ങള്‍ വേണോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി അറിയിച്ചത് അനുസരിച്ച് പദ്ധതി നടപ്പാക്കാന്‍ ഇനി 10 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കാബിനറ്റിന്റെ ഇന്നത്തെ അജണ്ടയില്‍ ഇല്ലെങ്കിലും, പ്രത്യേക വിഷയമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. നിലവില്‍ ഓര്‍ഡിനറി- ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് 90 കോടി രൂപയാണ് സര്‍ക്കാരിന് അധികബാധ്യതയായി വരുന്നത്. ഇത് എങ്ങനെ കണ്ടെത്തും എന്നത് അടക്കം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യും.
ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഗതാഗതമന്ത്രി സി പി ജോണ്‍ നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ കൂടി പദ്ധതി നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ആഗ്രഹിക്കുന്നത്. കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നതിലും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

by Midhun HP News | Jun 4, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. എൽ പി എസ് രാമച്ചംവിള സ്കൂളിൽ എൽ പി എസ് ടി വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് നാളെ (05/06/2026 വെള്ളിയാഴ്ച) രാവിലെ 11.30 ന് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു.
by Midhun HP News | Jun 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ഇന്നുരാവിലെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ധവളപത്രം വിശദമായി ചര്‍ച്ച ചെയ്യും.
കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ വരുമാന ചോര്‍ച്ചയും ധൂര്‍ത്തും ധവളപത്രത്തില്‍ ഇടംപിടിക്കുമെന്നാണ് സൂചന. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത, നികുതി പിരിവിലെ പ്രശ്‌നങ്ങള്‍, കേന്ദ്രത്തില്‍ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കല്‍, വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചേക്കും. സര്‍ക്കാര്‍ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥയും വ്യക്തമാക്കും.
സംസ്ഥാനത്തിന്റെ നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ടെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകള്‍ക്കുള്ള കൃത്യമായ മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ സഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് മുമ്പ് എന്ത് കിട്ടി, ഇപ്പോള്‍ എന്ത് കിട്ടുന്നില്ല എന്നതിനെക്കുറിച്ചെല്ലാം ധവളപത്രത്തില്‍ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ധവളപത്രം എന്ന ഉമ്മാക്കി കാണിച്ച് തങ്ങളുടെ വായടപ്പിക്കാന്‍ നോക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. ധവളപത്രം വരുമ്പോള്‍ അതിന് പറയേണ്ട മറുപടി ആ ഘട്ടത്തില്‍ കൃത്യമായി പറയുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ മറുപടി പറയും.

by Midhun HP News | Jun 4, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതിന് അനുകൂല കാലാവസ്ഥയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. നാളെ വടക്കന്‍ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ( വെള്ളിയാഴ്ച) യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ലക്ഷദ്വീപ് തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ (തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങള്‍, വടക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍, മധ്യ-പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ) വ്യാപിക്കാന്‍ സാധ്യതയുണ്ട്.
തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില്‍ മധ്യ – കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു. വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 7 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ജൂണ്‍ 7 വരെ ഇടിമിന്നലോടും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 7-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
by Midhun HP News | Jun 3, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. അതിനാല്‍ മുന്നറിയിപ്പിന്റെ ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നതായിരിക്കും.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലൊഴികെ മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാലുദിവസവും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ മറ്റ് എല്ലാ ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2025 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… എന്ന ലിങ്കിൽ ലഭ്യമാണ്.
Recent Comments