by Midhun HP News | Apr 7, 2026 | Latest News, കേരളം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെയും നിസാരക്കാരനായി കാണുന്ന ആളല്ല താനെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. ലീഗ് അഞ്ചും പത്തും സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പറഞ്ഞു, സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണ്.
വയനാട്ടിലെ വീട് നിര്‍മാണത്തില്‍ സിപിഎമ്മാണ് നിലവില്‍ പ്രതിരോധത്തിലെന്നും അവരുടെ കളവ് മറച്ചുവയ്ക്കാന്‍ ചെയ്തതാണ് അതെന്നും സതീശന്‍ ആരോപിച്ചു. ആപ്പ് വഴിയാണ് കോണ്‍ഗ്രസ് പണം ശേഖരിച്ചത്. അതിന്റെ കണക്കുകള്‍ ഹാജരാക്കി. ഞങ്ങള്‍ ഒന്നിലും പിന്നോട്ട് പോയിട്ടില്ല. പയ്യന്നൂരിലും അഭിമന്യുവിന്റേതും വിഷ്ണുവിന്റേതും ഉള്‍പ്പടെ മൂന്ന് രക്തസാക്ഷികളുടെ ഫണ്ട് സിപിഎം അടിച്ചുമാറ്റി. ശവംതീനികളാണ്. അയ്യപ്പന്റെ സ്വര്‍ണവും അടിച്ചുമാറ്റി. ദ്വാരപാലക ശില്‍പം കൊണ്ടുപോയി കോടീശ്വരന് വിറ്റു. കമിഴ്ന്ന് വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണിതെന്നും സതീശന്‍ ആരോപിച്ചു. കോവിഡ് കാലത്ത് ജനങ്ങള്‍ കഷ്ടപ്പെട്ട് ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ കാലാവധി കഴിഞ്ഞ മരുന്ന് വിറ്റ് 80 ശതമാനം കമ്മീഷന്‍ നേടിയെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്നു.
. ഒരപസ്വരവും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പറഞ്ഞവര്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പിഡിപി, ആര്‍എസ്എസ്,എസ്ഡിപിഐ തുടങ്ങി എല്ലാ കുന്തവും സിപിഎമ്മിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു സര്‍വേയും നടത്തിയിട്ടില്ല. മാധ്യമങ്ങളാണ് സര്‍വേ നടത്തുന്നത്. ഷാഫി പറമ്പില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായിരുന്നല്ലോ മാധ്യമങ്ങളുടെ സര്‍വേയില്‍. എന്നിട്ടെന്തായി? ആരാണ് നുണ പറയുന്നതെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി ഇരട്ടത്താപ്പാണെന്ന് തെളിഞ്ഞു. എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് എന്തായി. ഈ പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും കൊടുക്കില്ല. എല്‍ഡിഎഫ് നുണകളുടെ കൊട്ടാരം പണിയുന്നു. കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരാണിത്. എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്നും നൂറ് സീറ്റ് കടക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിസഭയില്‍ ഒരു ഡസന്‍ മന്ത്രിമാര്‍ വീഴുമെന്നും വന്‍മരങ്ങള്‍ കടപുഴകുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മകന്റെ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കരിക്കകം പുതുവൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64) ആണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മകനു പതിവായി കഞ്ചാവും മദ്യവും നൽകിയതിനാണ് ആക്രമിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് ആക്രമണം. കരിക്കകം റെയിൽവേ പാലത്തിന സമീപത്തു വച്ചാണ് സതീഷ് കുമാർ മകന്റെ സുഹൃത്തായ കടകംപള്ളി ടൈറ്റാനിയം ജെയിൻ നിവാസിൽ വിജിൻ വിക്ടറിനെ ആക്രമിച്ചത്. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിജിനെ പലവട്ടം സതീഷ് കുമാർ വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ആക്രമണമെന്നു പൊലീസ് വ്യക്തമാക്കി. പേട്ട പൊലീസ് സ്റ്റേഷനിൽ നിരവധി ലഹരി, അടിപിടി കേസുകളിൽ പ്രതിയാണ് വിജിൻ.
by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞ് 1,10,000ല്‍ താഴെ എത്തി. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. 1,09,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 111 ഡോളര്‍ കടന്നിരിക്കുകയാണ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1.27 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
ഹോര്‍മൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ ഇറാന്‍ തയ്യാറാകാത്ത പക്ഷം ഒറ്റ രാത്രി കൊണ്ട് ഇറാന്‍ എന്ന രാജ്യത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കു സാധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. യുദ്ധം കനത്താല്‍ എണ്ണ വിതരണം താറുമാറാകുമെന്ന ആശങ്കയാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണം. കരാറില്‍ ഒപ്പിടാന്‍ ഇറാന്‍ വിസമ്മതിച്ചാല്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബുധാനാഴ്ച പുലര്‍ച്ചെയോടെ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ ഭീഷണി.ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുത്ത് സമാധാന കരാര്‍ ഒപ്പിടാന്‍ ഇറാനു നല്‍കിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാല്‍ യുഎസിന്റെ താത്കാലിക വെടിനിര്‍ത്തല്‍ സന്ദേശങ്ങള്‍ ഇറാന്‍ ഇന്നലെ തള്ളിയിരുന്നു. പിന്നാലെയാണ് പ്രകോപനപരമായ വാക്കുകളുമായി ട്രംപിന്റെ പ്രതികരണം.
‘ഞങ്ങള്‍ക്ക് ഒരു പദ്ധതിയുണ്ട്. നാളെ രാത്രി 12 മണിയോടെ ഇറാനിലെ എല്ലാ പാലങ്ങളും ഞങ്ങളുടെ സൈന്യം നശിപ്പിക്കും. എല്ലാ ഊര്‍ജ നിലയങ്ങളും പ്രവര്‍ത്തനര?ഹിതമാകും. ഒരിക്കലും പ്രവര്‍ത്തിക്കാനാകാത്ത വിധം അവ തകര്‍ക്കും. പൂര്‍ണമായി 12 മണിയോടെ തകര്‍ക്കും. ഒറ്റ രാത്രി കൊണ്ടു ഇറാനെ പൂര്‍ണമായും നശിപ്പിക്കും. അത് നാളെ രാത്രിയായേക്കും. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നായിരിക്കും അത്. ഹോര്‍മൂസ് തുറക്കുക. അല്ലാത്തപക്ഷം നരകതുല്യമായ അവസ്ഥ നിങ്ങള്‍ നേരിടേണ്ടി വരും. നിങ്ങള്‍ കാത്തിരുന്നു കണ്ടോളു’- ട്രംപ് ഭീഷണി മുഴക്കി.
അമേരിക്ക മുന്നോട്ടു വച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനം അറിയിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉപരോധങ്ങള്‍ നീക്കുന്നതടക്കമുള്ള ശാശ്വതമായ പരിഹാരമാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.
by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ ഇന്ന് മുതല്‍ വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തില്‍ നിലവിലുള്ള വിധിയില്‍ പുനഃപരിശോധന വേണം എന്നാവശ്യപ്പെടുന്നവരുടെ വാദം ആയിരിക്കും ആദ്യം കേള്‍ക്കുക. പുനഃപരിശോധയെ അനുകൂലിക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ അനുവദിക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്.
ഇന്ന് മുതല്‍ തുടങ്ങുന്ന വാദം കേരളം പോളിംഗ് ബൂത്തില്‍ എത്താന്‍ പോകുന്ന വ്യാഴാഴ്ച്ച വരെ തുടരും. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദമാണ് ഇന്ന് മുതല്‍ നടക്കുന്നത്. വിധിയുടെ പുനഃപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമര്‍പ്പിച്ചത്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നല്‍കും. ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവര്‍ക്കൊപ്പം ജസ്റ്റിസ് ബി വി നാഗരത്‌നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാണ്.
യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14,15,16 തീയതികളിലും നടക്കും. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണോ എന്നതില്‍ കൃത്യമായ നിലപാട് പറയാതെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. യുവതീപ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നതായും യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് വാദിക്കുക.
യുവതീപ്രവേശനത്തെ എതിര്‍ത്താണ് ദേവസ്വം ബോര്‍ഡ് വാദങ്ങള്‍ സമര്‍പ്പിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സ്വിങ്‌വിയാണ് ദേവസ്വം ബോര്‍ഡിനായി വാദിക്കുന്നത്. മതാചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികള്‍ അല്ലെന്ന നിലപാടാണ് കേന്ദ്രം അറിയിക്കാന്‍ പോകുന്നത്. ശബരിമലയിലെ യുവതീപ്രവേശനത്തിനു പുറമെ, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ അവകാശം, മുസ്ലിം ബോറ വിഭാഗത്തിലെ ചേല കര്‍മ്മം തുടങ്ങിയ വിഷയങ്ങളും ഒമ്പതംഗ ബഞ്ച് പരിശോധിക്കും.
Recent Comments