by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
വാഷിങ്ടൻ: ഒറ്റ രാത്രി കൊണ്ട് ഇറാൻ എന്ന രാജ്യത്തെ പൂർണമായും ഇല്ലാതാക്കാൻ അമേരിക്കയ്ക്കു സാധിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാർ ഒപ്പിടാനോ ഇറാൻ തയ്യാറാകണം. അല്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബുധാനാഴ്ച പുലർച്ചെയോടെ തകർക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ ഭീഷണി.
ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്ത് സമാധാന കരാർ ഒപ്പിടാൻ ഇറാനു നൽകിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാൽ യുഎസിന്റെ താത്കാലിക വെടിനിർത്തൽ സന്ദേശങ്ങൾ ഇറാൻ ഇന്നലെ തള്ളിയിരുന്നു. പിന്നാലെയാണ് പ്രകോപനപരമായ വാക്കുകളുമായി ട്രംപിന്റെ പ്രതികരണം.
‘ഞങ്ങൾക്ക് ഒരു പദ്ധതിയുണ്ട്. നാളെ രാത്രി 12 മണിയോടെ ഇറാനിലെ എല്ലാ പാലങ്ങളും ഞങ്ങളുടെ സൈന്യം നശിപ്പിക്കും. എല്ലാ ഊർജ നിലയങ്ങളും പ്രവർത്തനരഹിതമാകും. ഒരിക്കലും പ്രവർത്തിക്കാനാകാത്ത വിധം അവ തകർക്കും. പൂർണമായി 12 മണിയോടെ തകർക്കും. ഒറ്റ രാത്രി കൊണ്ടു ഇറാനെ പൂർണമായും നശിപ്പിക്കും. അത് നാളെ രാത്രിയായേക്കും. ചരിത്രത്തിൽ സമാനതകളില്ലാത്ത ഒന്നായിരിക്കും അത്. ഹോർമൂസ് തുറക്കുക. അല്ലാത്തപക്ഷം നരകതുല്യമായ അവസ്ഥ നിങ്ങൾ നേരിടേണ്ടി വരും. നിങ്ങൾ കാത്തിരുന്നു കണ്ടോളു’- ട്രംപ് ഭീഷണി മുഴക്കി.
അമേരിക്ക മുന്നോട്ടു വച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനം അറിയിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരോധങ്ങൾ നീക്കുന്നതടക്കമുള്ള ശാശ്വതമായ പരിഹാരമാണ് ഇറാൻ ആവശ്യപ്പെടുന്നത്.
by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ : വീട് കയറി ആക്രമണ നടത്തിയ കേസിൽ 8 പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ചെമ്പൂര് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.
ചെമ്പൂര് കാവുവിള രാജീവ് ഭവനിൽ ശ്രീരാജ് (26), സുഹൃത്തുക്കളായ ആദർശ് (21), അജിത്ത് (22) എന്നിവരെ ആക്രമിച്ച കേസിൽ വാളക്കാട് പീലിയോട്ടുകോണം സ്വദേശികളായ അനീഷ് ലാൽ, സൂരജ്, ശ്യാം ലാൽ, വിഷ്ണുലാൽ, ഭദ്രൻ,സന്തോഷ്, അനന്ദു, കിരൺ എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്‌ത്.
by Midhun HP News | Apr 7, 2026 | Latest News, കേരളം
കണ്ണൂരില്‍ ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ആദര്‍ശ്, ജീനീഷ്, അജേഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് 4 പ്രതികളിലേക്ക് പൊലീസ് എത്തിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. പാട്യം പതിനാറാം വാര്‍ഡ് പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃത്യം നടത്തിയ 3 പേരെ കൂടാതെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരാളെ കൂടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടു നിന്ന പ്രചാരണം ഇന്ന് അവസാനിക്കും. ഓരോ മണ്ഡലത്തിന്റേയും വിവിധ കേന്ദ്രങ്ങളില്‍ ആവേശമുണ്ടാക്കാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും അണികളും എത്തും.
അവസാന നിമിഷം വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദേശീയ നേതാക്കള്‍ സജീവമായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നാളെ നിശബ്ദ പ്രചാരണം ആണ്. മറ്റന്നാള്‍ കേരളം പോളിങ് ബൂത്തിലേയ്ക്ക് നീങ്ങും.
വികസനം വോട്ടാകുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇടത് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് മുഖ്യമന്ത്രി ഇന്നലെ പ്രകാശനം ചെയ്തിരുന്നു. വയനാട് ദുരന്തബാധിതര്‍ക്കുള്ള ഫണ്ടും പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദവും അവസാന ദിവങ്ങളില്‍ ചര്‍ച്ചയായി. എങ്കിലും അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.
എന്നാല്‍ ശബരിമലയും ഭരണവിരുദ്ധ വികാരങ്ങളും അധികാരത്തിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. ഇക്കുറി അക്കൗണ്ട് തുറക്കാനാകുമെന്ന പൂര്‍ണ ആത്മവിശ്വാസത്തിലാണ് ബിജെപി.
by Midhun HP News | Apr 7, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല. വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവര്‍ത്തിക്കില്ല. 48 മണിക്കൂര്‍ ഡ്രൈഡേയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രചാരണം വൈകിട്ട് തീരും
ഇന്ന് വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത പുറത്തു നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടന്‍ മണ്ഡലം വിട്ടു പോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകള്‍, ഘോഷയാത്രകള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ , വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷന്‍, സിനിമ , റേഡിയോ , സമാന മാദ്ധ്യമങ്ങള്‍ വഴി തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേ ദിവസവും പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
Recent Comments