ഇന്ധന വിലവർദ്ധനവിനെതിരെ പാഷൻ പ്രോ ബൈക്ക് കത്തിച്ച് പ്രതിഷേധം

ഇന്ധന വിലവർദ്ധനവിനെതിരെ പാഷൻ പ്രോ ബൈക്ക് കത്തിച്ച് പ്രതിഷേധം

ചാലക്കുടി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ചാലക്കുടി പരിയാരത്ത് വേറിട്ട ജനകീയ പ്രതിഷേധം. സിപിഐ പരിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂവത്തിങ്കൽ ജംഗ്ഷനിൽ പാഷൻ പ്രോ ബൈക്ക് കത്തിച്ച് പാർട്ടി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇന്ധന കൊള്ളയ്ക്കുമെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിലാണ് പരിയാരം ലോക്കൽ കമ്മിറ്റിയുടെ ഈ വേറിട്ട സമരമുറ.

പൂവത്തിങ്കൽ ജംഗ്ഷനിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ പ്രകടനം ആരംഭിച്ചു. കേന്ദ്ര നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളികളോടെ നീങ്ങിയ പ്രകടനം പിന്നീട് സൊസൈറ്റി ജംഗ്ഷനിലാണ് സമാപിച്ചത്. തുടർന്ന് സമാപന സമ്മേളന നഗരിയിൽ വെച്ച് സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം വി എം ടെൻസൻ പാഷൻ പ്രോ ബൈക്കിന് തീ കൊളുത്തിക്കൊണ്ട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന് വണ്ടിയിൽ ഇന്ധനമടിച്ച് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ പരിയാരം ലോക്കൽ സെക്രട്ടറി കെ ആർ സജീവൻ പ്രതിഷേധ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ വികെ സുനിൽകുമാർ, ഷൈനി അശോകൻ, നൈനതാര ചാത്തൻ, കെ ജെ തോമസ്, ആന്റു കളത്തിങ്കൽ, അക്ഷയ് സുരേഷ്, സുജിത് പി എസ് എന്നിവർ പ്രതിഷേധ സംസാരിച്ചു.

മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡിവിഷൻ ബെഞ്ചിൽ; സമാന്തര അന്വേഷണം നിയമവിരുദ്ധമെന്ന് കമ്പനി വാദം

മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡിവിഷൻ ബെഞ്ചിൽ; സമാന്തര അന്വേഷണം നിയമവിരുദ്ധമെന്ന് കമ്പനി വാദം

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് കമ്പനി അടിയന്തിരമായി സമീപിച്ചിരിക്കുന്നത്. ഇഡി.നടത്തുന്ന അന്വേഷണം ഉടൻ തടയണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ നിലവിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ഒരേ വിഷയത്തിൽ ഇഡി നടത്തുന്ന സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനി കോടതിയിൽ വാദിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന യാതൊരുവിധ കുറ്റകൃത്യങ്ങളും ഈ സാമ്പത്തിക ഇടപാടിൽ നടന്നിട്ടില്ലെന്നും അതിനാൽ ഇ.ഡി.ക്ക് ഈ കേസിൽ ഇടപെടാൻ നിയമപരമായ അധികാരമില്ലെന്നുമാണ് സിഎംആർഎല്ലിന്റെ പ്രധാന നിലപാട്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഇഡി കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം റെയ്‌ഡ് നടത്തിയത്. ഇതിനുപുറമെ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും കേന്ദ്ര ഏജൻസി പരിശോധന ശക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് തുടനടപടികളിൽ നിന്നും സംരക്ഷണം തേടി സി.എം.ആർ.എൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

മുന്നേ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർ നൽകിയ ഹർജി ജസ്റ്റിസ് ടിആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് പൂർണ്ണമായും തള്ളിയിരുന്നു. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ ഈ ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്നും കമ്പനി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ കൃത്യമായി ഹാജരാകണമെന്നും കോടതി കർണ്ണാടക മുൻസിപ്പൽ ചട്ടങ്ങൾ പോലെ കർശനമായി നിർദ്ദേശിച്ചിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് കൃത്യമായ സേവനങ്ങൾ ഒന്നും നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം.

ഹൈക്കോടതി വിധിക്കും പിന്നാലെയുണ്ടായ റെയ്‌ഡിനും ശേഷം സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഇഡി വീണ്ടും ചോദ്യം ചെയ്യലിനായി സമൻസ് അയക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നിയമപരമായ ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. പുതിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുന്നതോടെ വീണ വിജയനെ ചോദ്യം ചെയ്യുന്നതടക്കമുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള തുടർനീക്കങ്ങളിൽ ഇഡിക്ക് മുന്നോട്ട് പോകാനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.

താനുമായി ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ബന്ധിച്ചു; കുക്കുവിനെതിരെ പരാതി നല്‍കി മുന്‍ മാനേജർ

താനുമായി ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ബന്ധിച്ചു; കുക്കുവിനെതിരെ പരാതി നല്‍കി മുന്‍ മാനേജർ

നാളുകളായി തുടരുന്ന അമ്മയിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ജീവനക്കാരിയായ അതുല്യ. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ കുക്കു ഗൂഢാലോചന ചെയ്തുവെന്നാണ് അതുല്യയുടെ ആരോപണം.

താനുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരന്‍ നിര്‍ബന്ധിച്ചുവെന്നാണ് അതുല്യയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കുകയും ചെയ്തു. സംഘടനയിലെ ഭാരവാഹിയായ ഉണ്ണി ശിവപാലിന് വേണ്ടി കുക്കു വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

തനിക്കെതിരെ ഗുഢാലോചന നടന്നുവെന്ന് സെക്യുരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സമ്മതിക്കുന്ന ഫോണ്‍ സംഭാഷണവും അതുല്യ പുറത്തു വിട്ടു. മുഹമ്മദിനെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അതുല്യയ്‌ക്കെതിരെ മൊഴി കൊടുക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ഓഡിയോ. അതേസമയം ടിനി ടോം വിഷയത്തില്‍ ഇടപെട്ടുവെന്നും ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ ധൈര്യം തന്നതായും മുഹമ്മദ് ഓഡിയോയില്‍ പറയുന്നുണ്ട്.

കെ -ടെറ്റ് പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി; പരീക്ഷ പാസാകാനുള്ള സമയപരിധി നീട്ടി

കെ -ടെറ്റ് പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി; പരീക്ഷ പാസാകാനുള്ള സമയപരിധി നീട്ടി

ഡൽഹി: കെ-ടെറ്റ് പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. കെ -ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളാണ് തള്ളിയത്. പരീക്ഷ പാസാകാനുള്ള സമയം രണ്ട് വർഷത്തിൽനിന്ന് മൂന്ന് വർഷമായി സുപ്രീംകോടതി ഉയർത്തി.

കേരള സർക്കാരും വിവിധ സംഘടനകളുടെയും ഉൾപ്പെടെ 45 ഹർജികളാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ച് പരി​ഗണിച്ചത്. തുറന്ന കോടതിയിൽ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ തള്ളിയത്.

2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നും ആയിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയാണ് കെ ടെറ്റെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്‌കൂൾ അധ്യാപകരാകാനുള്ള ഈ യോഗ്യത എല്ലാവരും പാസാകണമെന്നുള്ള മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സർക്കാരിന്റെ നടപടി.

വാദം പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം; ഹൈക്കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

വാദം പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം; ഹൈക്കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

ഡല്‍ഹി: ഹൈക്കോടതികള്‍ക്ക് സുപ്രധാന മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. കേസുകളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ അതിനും മുമ്പു തന്നെ വിധി പ്രസ്താവിക്കേണ്ടതാണ്. ജാമ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ വിധി പ്രസ്താവിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ കോടതികളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ടും വിധി പ്രസ്താവം അനന്തമായി നീണ്ടുപോകുന്നു എന്ന ആക്ഷേപം നിലനിന്നിരുന്നു. ചില ജഡ്ജിമാര്‍ വിരമിക്കുന്നതിന് തൊട്ടു മുമ്പാണ് കേസുകള്‍ വിധി പ്രസ്താവം നടത്തിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് സുപ്രധാന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കേസുകളില്‍ മൂന്നു മാസത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കണം. വിധി പ്രസ്താവം നീണ്ടുപോയാല്‍ അക്കാര്യം ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. ചീഫ് ജസ്റ്റിസിന് വാദം കേട്ട ബെഞ്ചിനോട് രണ്ടാഴ്ചയ്ക്കകം വിധി പ്രസ്താവിക്കാന്‍ നിര്‍ദേശിക്കാം. അതുണ്ടായില്ലെങ്കില്‍ മറ്റൊരു ബെഞ്ചിലേക്ക് ഈ കേസ് ലിസ്റ്റ് ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ വിധി പറയണം. ജാമ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന ദിവസമോ, തൊട്ടടുത്ത ദിവസമോ വിധി പറയണം. അങ്ങനെ ജാമ്യം അനുവദിക്കുന്ന പക്ഷം, അതേ ദിവസം തന്നെ ജയില്‍ അധികൃതരെ അറിയിക്കണം. വിചാരണ തടവുകാരാണെങ്കില്‍ ഒട്ടും വൈകാതെ തന്നെ അവരുടെ മോചനം ഉറപ്പാക്കണമെന്നും സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി നാലു മാസത്തിനുശേഷവും വിധി പ്രസ്താവിച്ചിട്ടില്ലെങ്കില്‍, ബന്ധപ്പെട്ട കക്ഷികള്‍ക്ക് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ചീപ് ജസ്റ്റിസിനോട് ആവശ്യപ്പെടാവുന്നതാണ്. ഓപ്പണ്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധി 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.