മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ കേല്‍ക്കര്‍ ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ കേല്‍ക്കര്‍ ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ യു രത്തന്‍ കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. കേരളത്തിന്റെ ചീഫ് ഇലക്ടറല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചുവരവെയാണ് അദ്ദേഹം ഈ നിര്‍ണായക പദവിയിലേക്ക് നിയമിതനാകുന്നത്.

മഹാരാഷ്ട്ര സ്വദേശിയായ 2003 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ സംസ്ഥാന സര്‍ക്കാരില്‍ വിവിധ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും.റിട്ടയേര്‍ഡ് അഡീഷണല്‍ സെക്രട്ടറി ശ്രീകുമാര്‍ ടി യെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. സീജി കടയ്ക്കല്‍ (സിജി ജി എസ്) പ്രസ് സെക്രട്ടറിയായും, റോയ് മാത്യൂ മീഡിയ സെക്രട്ടറിയായും ഈ സംഘത്തിലുണ്ടാകും. തിലകന്‍ കെ പി കെ, മോഹനചന്ദ്രന്‍ എം എസ് എന്നിവരെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. പദ്മകുമാര്‍ എം, അബിമോന്‍ പി എ, മനോജ്കുമാര്‍ പി എന്‍, ജാഫര്‍ഖാന്‍ എസ്, ജയചന്ദ്രന്‍ എ, പ്രകാശ് ഒ ടി എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായും നിയമിച്ചു. 20 പേഴ്‌സണല്‍ സ്റ്റാഫാണ് മുഖ്യമന്ത്രിക്കുള്ളത്.

സ്വര്‍ണവില റിവേഴ്‌സില്‍; 1,17,000ല്‍ താഴെ തന്നെ

സ്വര്‍ണവില റിവേഴ്‌സില്‍; 1,17,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. 1,16,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് ഇടിഞ്ഞത്. 14,580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില താഴ്ന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിനെ തുടര്‍ന്ന് സ്വര്‍ണ്ണവില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എണ്ണവിലയില്‍ ഉണ്ടായ നേരിയ വര്‍ധനയാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളറാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും ഉടന്‍ തന്നെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മാസം 89 രൂപ’; മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്

‘സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മാസം 89 രൂപ’; മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്. ‘ചീഫ് മിനിസ്റ്റര്‍ വിഡിഎസ്’ എന്ന പേരിലുള്ളതാണ് വ്യാജ ഫെയ്‌സ്ബുക്ക് പേജ്. ഇത് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മാസം 89 രൂപയാണ് ആവശ്യപ്പെടുന്നത്.

വി ഡി സതീശന്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഒട്ടേറെ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്കില്‍ കാണാം. ഇതില്‍ ഒരു പേജാണ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പണം ആവശ്യപ്പെടുന്നത്. ഈ പേജിന് ഏകദേശം 5,89,000 ഫോളോവേഴ്‌സുണ്ട്. ഇതില്‍ എത്രപേര്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്‌തെന്ന വിവരം പേജില്‍ ‘ഹൈഡ് ‘ചെയ്തിരിക്കുകയാണ്. ഇത്രയധികം ഫോളോവേഴ്‌സിനെ കിട്ടിയ പേജില്‍ സബ്‌സ്‌ക്രിപ്ഷനും നടന്നിട്ടുണ്ടാകാമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ശനിയാഴ്ച. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്.

12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റുകള്‍ ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്.

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാര്‍ക്ക് വിറ്റുകഴിഞ്ഞു. ഇത് റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം 42,87,350 വിഷു ബമ്പര്‍ ടിക്കറ്റുകള്‍ ആണ് വിറ്റത്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന. 11,58,480 എണ്ണം. തൃശൂര്‍ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയര്‍ന്ന വില്‍പ്പനകള്‍.

പത്തുദിവസത്തിനിടെ മൂന്നാമത്തെ വര്‍ധന; ഇന്ധനവില വീണ്ടും കൂട്ടി

പത്തുദിവസത്തിനിടെ മൂന്നാമത്തെ വര്‍ധന; ഇന്ധനവില വീണ്ടും കൂട്ടി

ഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വര്‍ദ്ധിപ്പിച്ചു. പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധയാണിത്.

ഡല്‍ഹിയില്‍ പെട്രോള്‍ വില 87 പൈസ വര്‍ധിച്ച് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി. ഡീസല്‍ വില 91 പൈസ വര്‍ധിച്ച് 91.58 രൂപയില്‍ നിന്ന് 92.49 രൂപയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ കാരണം. മെയ് 15 മുതലാണ് വില വര്‍ധനയുടെ ഭാരം പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഘട്ടംഘട്ടമായി ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയത്.

മെയ് 15ന് ലിറ്ററിന് 3 രൂപയും തുടര്‍ന്ന് മെയ് 19ന് 90 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ ആകെ മൊത്തം ലിറ്ററിന് ഏകദേശം 5 രൂപയോളമാണ് വര്‍ധിച്ചത്.