by Midhun HP News | May 23, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തിലാണ് രാജി.
ആറുമാസം മുന്‍പാണ് റസൂല്‍ പൂക്കുട്ടി ചെയര്‍മാനായി സ്ഥാനമേറ്റത്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാനാക്കി ഭരണസമിതി പുനഃസംഘടിപ്പിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നടന്മാരായ ജഗദീഷ്, സലീം കുമാര്‍, ദീപു കരുണാകരന്‍ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറായിരുന്നു ആക്ടിങ് ചെയര്‍മാന്‍. ഇദ്ദേഹത്തെ മാറ്റിയാണ് ആറുമാസം മുന്‍പ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത്. പ്രേംകുമാറിനെ ചെയര്‍മാനാക്കാതെ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത് അന്ന് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പതിറ്റാണ്ടുകളായി സിനിമ രംഗത്തുള്ള പ്രേംകുമാറിന് അര്‍ഹിച്ച പരിഗണന നല്‍കിയില്ല എന്ന തരത്തിലാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്.

by Midhun HP News | May 22, 2026 | Latest News, കേരളം
ജന്മഭൂമി മലയാളം ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 10 ബുധനാഴ്ച വൈകുന്നേരം
3.00 മണി മുതൽ ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ 2026-ലെ എസ്എസ്എൽസി,
പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് ആദരവ് നൽകുന്നു.
വിമുരളീധരൻ എം എൽ എ, ഋഷിരാജ് സിംഗ് ഐ പി എസ്, ജന്മഭൂമി മാനേജർ ഡയറക്ടർ,
എം .രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. സി ബി എസ് ഇ 90% മാർക്കിന് മുകളിൽ നേടിയ കുട്ടികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്.
താഴെക്കാണുന്ന നമ്പറിൽ വിളിച്ച് നിങ്ങളുടെ വിവരങ്ങൾ നൽകുക.
കോൺടാക്ട് നമ്പർ: 8086507196
by Midhun HP News | May 22, 2026 | Latest News, കേരളം
ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും കാർഡിയോ ശ്രിയും കർണിയർ ഹിയറിംഗ് എയ്ഡ് യും സംയുക്തമായി നിലയ്ക്കാമുക് യു പി എസിൽ വച്ച് സംഘടിപ്പിച്ച ക്യാബിൻ്റെ ഉത്ഘാടനം വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വക്കം സജീവ് നിർവഹിച്ചു. ബ്ലോക്ക് മെമ്പർ വക്കം അജിത്, വക്കം സുനു, ഷിബു (വക്കം മീഡിയ) എന്നിവർ സന്നിഹിതരായിരുന്നു.
by Midhun HP News | May 22, 2026 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് കാരാപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം. ഡാമിലെ ജലനിരപ്പ് 757.10 എംഎസ് എല്ലില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിപ്പ്.
ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 1.557 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. വരും ദിവസങ്ങളില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായിരിക്കും ഇത്തരത്തില്‍ നിയന്ത്രിതമായി വെള്ളം ഒഴുക്കിക്കളയുക.
കാലവര്‍ഷത്തിന് മുന്നോടിയായുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. കാലവര്‍ഷം ജൂണ്‍ ആദ്യമേ തന്നെ ആരംഭിക്കുമെന്ന സൂചനയും മുന്‍വര്‍ഷങ്ങളിലെ കനത്ത മഴയും കണക്കിലെടുത്താണ്, ഡാമിലെ ജലനിരപ്പ് മുന്‍കൂട്ടി ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്.
ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവരും പുഴയുടെ ഇരുഭാഗങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുഴകളില്‍ ഇറങ്ങാനോ, മുറിച്ചുകടക്കാനോ പാടില്ല. ഷട്ടറുകള്‍ തുറക്കുന്നതു കാണാന്‍ ആളുകള്‍ തടിച്ചുകൂടരുത്. പുഴകളില്‍ മീന്‍പിടിക്കുന്നതിനും വിലക്കുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

by Midhun HP News | May 22, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ച് മധുപാൽ. സംസ്ഥാനത്ത് ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജി. കഴിഞ്ഞ 4 വർഷ കാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.
ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായം ഉയർത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെൻഷൻ 5000 ആയി വർധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ വർധിപ്പിച്ച് 1600 ആക്കി മാറ്റാനുള്ള സർകാർ ഉത്തരവ് നേടാൻ കഴിഞ്ഞിരുന്നു.
2026 ഏപ്രിൽ മാസത്തിൽ 4600 പേർക്ക് 5000 രൂപ വീതം പെൻഷനും 375 പേർക്ക് 1600 രൂപ വീതം കുടുംബപെൻഷനും 4 പേർക്ക് അവശതാ പെൻഷനും വിതരണം ചെയ്തിട്ടുണ്ട്. മറ്റ് ധനസഹായങ്ങളും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. വിവാഹ ധനസഹായം 25,000 രൂപയിൽ നിന്ന് 50,000 ആക്കി.
ഒരു മെമ്പറുടെ ജീവിതത്തിൽ ഒന്നര ലക്ഷമായിരുന്ന ചികിത്സ ധനസഹായം ഓരോ മൂന്ന് വർഷം കൂടുമ്പോഴും രണ്ട് ലക്ഷം ലഭിക്കുന്ന രീതിയിലും പതിനായിരം രൂപയായിരുന്ന മരണാനന്തര ധനസഹായം 25,000 ആക്കാനും ബോർഡിന് കഴിഞ്ഞിട്ടുണ്ട്. ബോർഡിന്റെ തനത് ഫണ്ടിൽ നിന്നുമാണ് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നത്.
സിനിമ ടിക്കറ്റിന്മേൽ ലഭിക്കുന്ന 3 രൂപ സെസ്സും അംഗങ്ങളിൽ നിന്ന് പിരിക്കുന്ന അംശദായവുമാണ് ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്. 2022ൽ കരുതൽ ധനമായി ഉണ്ടായിരുന്ന 23,45,035 രൂപ ഈ വർഷം 75,72,572 രൂപയായി ഉയർത്താനായിട്ടുണ്ട്. വരും വർഷങ്ങളിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് സ്വീകരിക്കുവാനുള്ള സർകാർ ഉത്തരവ് നേടിയെടുത്തു.
അംഗങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. കഴിഞ്ഞ 5 വർഷത്തിനിടെ പുതുതായി ചേർന്നത് 2245 പേരാണ്. ഇതോടെ മൊത്തം അംഗസംഖ്യ 20,592 ആയി ഉയർന്നു. അംഗങ്ങളുടെ വരിസംഖ്യ കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും ഇക്കാലയളവിലാണ്. എടുത്തുപറയേണ്ട മറ്റൊരു പ്രധാന മാറ്റം ബോർഡ് നടപടികളുടെ ഡിജിറ്റലൈസേഷനാണ്.
വിവിധ പെൻഷനുകൾ, അപേക്ഷകൾ, ധനസഹായങ്ങൾ എന്നിവയെല്ലാം ഇനി ഓൺലൈനായി തന്നെ അപേക്ഷിക്കാം. ഇതോടെ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായി മാറ്റാനായി. കലാകാരന്മാരെ ചേർത്തു നിർത്തുന്നതിന് എക്കാലവും മുൻതൂക്കം നൽകുന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചിട്ടുള്ളത്.
അതിന്റെ ഭാഗമായി മറ്റ് പെൻഷനുകൾ ലഭിക്കാത്ത കലാകാരന്മാർക്ക് 60 വയസിന് ശേഷവും ക്ഷേമനിധിയിൽ അംഗത്വം ലഭിക്കുന്നതിനുള്ള സർകാർ ഉത്തരവ് നേടുകയും നിലനിൽക്കുന്ന അംഗത്വത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തതും ഈ കാലയളവിലെ പ്രധാന മാറ്റമായി എടുത്തുകാണിക്കാം. 2021-22 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ പെൻഷൻ ഇനത്തിൽ തൊണ്ണൂറ് കോടിയിലധികവും മറ്റ് ധനസഹായങ്ങൾക്കായി അഞ്ച് കോടിയിലധികവും തുക ചിലവാക്കിയിട്ടുണ്ട്.
തിയറ്ററുകളില്‍ പലതും സെസ്സ് തുക യഥാസമയം അടയ്ക്കുന്നതിന് വീഴ്ച വരുത്തുകയും തിയറ്റര്‍ ലൈസന്‍സ് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും പുതുക്കി നല്‍കുകയും ചെയ്തിരുന്നത് മൂലം ക്ഷേമനിധി ബോര്‍ഡിന് ലഭിക്കേണ്ട വരുമാനം യഥാസമയം ലഭിക്കാത്തതിനാല്‍ ക്ഷേമനിധി ബോര്‍ഡിന്‍റെ കുടിശ്ശിക നിവാരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം എന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കുകയും, ഈ കത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്ത് 18.01.2024 ല്‍ തദ്ദേശ സ്വയംഭരണ (ആര്‍.സി) വകുപ്പില്‍ നിന്നും (സാധാ) നമ്പർ.137/2024/LSGD നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആയതിന്‍റെ ഭാഗമായി തിയറ്ററുകളില്‍ നിന്നും കൃത്യമായി സെസ്സ് പിരിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ സെസ്സ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്ററുകള്‍ 35 ഓളം കേസ്സുകള്‍ ബഹു.കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാരിനും ക്ഷേമനിധി ബോര്‍ഡിനും ആനുകൂലമായി 28 കേസ്സുകളില്‍ ബഹു ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ വിധി തിയറ്ററുകളില്‍ നിന്നും കുടിശ്ശിക സെസ്സ് പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ബാക്കി കേസ്സുകളില്‍ ക്ഷേമനിധി ബോര്‍ഡിന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് വരും മാസങ്ങളില്‍ ക്ഷേമനിധി ബോര്‍ഡിന് സെസ്സ് പിരിക്കുന്നതിന് കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെല്ലാം പുറമെ തിയറ്ററുകളുമായുള്ള ബന്ധം കൂടുതൽ സൗഹൃദപരവും കാര്യക്ഷമവുമായത് ഇക്കാലയളവിലാണ്. സെസ് തുകയുമായി നിലനിലനിന്നിരുന്ന തർക്ക വിഷയങ്ങൾ കോടതിയിൽ ജയിക്കാനായി എന്നത് വരും വർഷങ്ങളിൽ ബോർഡിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കാനും പ്രവർത്തനം സുഖകരമാക്കാനും ഉപകരിക്കും.

Recent Comments