ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ 18-ാം വാർഷികം വർണ്ണാഭമായി

ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ 18-ാം വാർഷികം വർണ്ണാഭമായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ പതിനെട്ടാമത് വാർഷികാഘോഷം ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഓഡിറ്റോറിയത്തിൽ വർണ്ണാഭമായി നടന്നു. ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സമ്പത്ത് വി. അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.

​ഇന്നത്തെ കുട്ടികളിലെ അമിതമായ സ്ക്രീൻ ടൈം അവരെ ‘ബ്രെയിൻ റോട്ട്’ എന്ന അവസ്ഥയിലേക്ക് നയിക്കുന്നതായി കളക്ടർ അഭിപ്രായപ്പെട്ടു. ഇത് കുട്ടികളുടെ ചിന്താശേഷിയും ശ്രദ്ധയും കുറയ്ക്കുന്നതായും അവർ പറഞ്ഞു. പുതിയ പഠനങ്ങൾ പ്രകാരം, മുൻ തലമുറകളെ അപേക്ഷിച്ച് ജനറേഷൻ ആൽഫ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിൽ കുറവുണ്ടാകുന്നതായും, ഡോപമിൻ ലഹരിയോടുള്ള അടിമത്തവും സാമൂഹിക ഇടപെടലുകളുടെ കുറവും വർധിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

കുട്ടികളെ വെർച്വൽ ലോകത്തിൽ നിന്ന് യഥാർത്ഥ ലോകത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആറ്റിങ്ങൽ കരാട്ടെ ടീം പോലുള്ള സംഘടനകൾ കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ​ചടങ്ങിൽ പ്രമുഖ കായിക നേതാവ് നജുമുദ്ദീൻ, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ, നുജൂം, ശ്രീനാഥ് കുറുപ്പ്, ലാലു ടി., അമൽ അശോക് എന്നിവർ സംസാരിച്ചു.

ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി, സൗത്ത് വെസ്റ്റ് ഇന്റർ യൂണിവേഴ്സിറ്റി മെഡൽ ജേതാക്കളെയും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ആറ്റിങ്ങൽ കരാട്ടെ ടീമിലെ രക്ഷകർത്താക്കളെയും, പരിശീലകരെയും ചടങ്ങിൽ അനുമോദിച്ചു. കൂടാതെ റൈഫിൾ ഷൂട്ടിംഗ് താരങ്ങൾ, ജില്ലാ-സംസ്ഥാന തലങ്ങളിലെ മെഡൽ ജേതാക്കൾ എന്നിവർക്കും അനുമോദനം നൽകി.

ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിച്ചു. ഈ വർഷം ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടന്നു. ​വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ കരാട്ടെ ടീം അംഗങ്ങളുടെ കരാട്ടെ പ്രകടനവും വിവിധ കലാപരിപാടികളും അരങ്ങേറി. സുധീർ, അഖിൽ, സൂരജ് സന്തോഷ്, സൂരജ്, വിഷ്ണു, ഷാജു, മഹീൻ, അനർഘ, ഹംദാൻ, സ്വാതി, ഷജിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വയനാട് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍; ഗൃഹപ്രവേശനം ഇന്ന്

വയനാട് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍; ഗൃഹപ്രവേശനം ഇന്ന്

വയനാട്: മുണ്ടക്കൈ ചുരല്‍മല ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും. ചൂരല്‍മല സ്‌കൂള്‍ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ആദ്യ താമസക്കാര്‍. ബാക്കിയുള്ള കുടുംബങ്ങളും അടുത്ത ദിവസങ്ങളിലായി ടൗണ്‍ഷിപ്പിലേക് താമസം മാറ്റും.

ഒന്നാം സോണിലെ, ഡി-ക്ലസ്റ്ററിലുള്ള എഴുപത്തിയെട്ടാം നമ്പര്‍ വീട്ടിലാണ് വിജയനും കുടുംബവും ആദ്യ താമസക്കാരായി മാറുന്നത്. രാവിലെ പത്തരയ്ക്കാണ് പാലുകാച്ചല്‍ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക.

ടൗണ്‍ഷിപ്പില്‍ ഫെയ്‌സ് ഒന്നിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ 178 വീടുകളാണ് നല്‍കുന്നത്.ഇതില്‍ 159 വീടുകളും സാങ്കേതികമായി കൊടുത്തു കഴിഞ്ഞു. ബാക്കിയുള്ള വീടുകളുടെ കൈമാറ്റം വരുംദിവസങ്ങളില്‍ നടക്കും. കിഫ്‌കോണ്‍- ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റി (യുഎല്‍സിസിഎസ്.) അധികൃതരുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തി സംയുക്ത പരിശോധനയും പൂര്‍ത്തിയാക്കിയശേഷമാണ് വീടുകള്‍ നല്‍കുന്നത്. പരിശോധ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വീടിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശം ഗുണഭോക്താക്കള്‍ക്കാവും.

മെയ് 27 മുതല്‍ ജൂണ്‍ 3 വരെ ഈ ട്രെയിനുകള്‍ കോട്ടയം വഴി

മെയ് 27 മുതല്‍ ജൂണ്‍ 3 വരെ ഈ ട്രെയിനുകള്‍ കോട്ടയം വഴി

തിരുവനന്തപുരം: എറണാകുളം ജങ്ഷന്‍ യാര്‍ഡിലെ ജോലികള്‍ കാരണം ആലപ്പുഴ വഴി രാത്രിയുള്ള ചില ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. ഈ മാസം 27 മുതല്‍ ജൂണ്‍ 3 വരെയാണ് റൂട്ട് മാറ്റം.

ഗുരുവായൂര്‍ ചെന്നൈ എക്‌സ്പ്രസ് (16128) കോട്ടയം വഴി സര്‍വീസ് നടത്തും. കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് കോട്ടയം വഴി സര്‍വീസ് നടത്തുന്ന മറ്റൊരു വണ്ടി. ഈ മാസം 28, 30 തീയതികളിലാണ് ട്രെയിന്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്നത്.

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടി ഈ മാസം 25 മുതല്‍ ആരംഭിക്കും

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടി ഈ മാസം 25 മുതല്‍ ആരംഭിക്കും

മെയ് 25 മുതല്‍ഒരു ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ് പറഞ്ഞു. ഹയർ സെക്കൻഡറിയില്‍ നിലവില്‍ 3,61,044 സീറ്റുണ്ട്. വി എച്ച്‌ എസ് ഇ സ്‌കൂളുകളില്‍ 33,000 സീറ്റുമുണ്ട്.

അധിക സീറ്റുകള്‍ ആവശ്യം വന്നാല്‍ മുൻവർഷങ്ങളിലേതുപോലെ നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി പറഞ്ഞു. പോളിടെക്‌നിക്കില്‍ പ്രവേശനം ആഗ്രഹിക്കുന്നവർക്ക്‌ 30,545 സീറ്റുകളുണ്ട്‌. വിദ്യാർഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രവേശന നടപടികള്‍ കഴിഞ്ഞവർഷം കൈകാര്യം ചെയ്തതുപോലെ ഇത്തവണയും നടത്തുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എൻ എസ്‌ കെ ഉമേഷ്‌ പറഞ്ഞു.

ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരംമുതല്‍ ഡിജിലോക്കറില്‍ ലഭ്യമാക്കും.

ആറ്റിങ്ങലിൽ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ് മതിലിൽ ഇടിച്ച് അപകടം

ആറ്റിങ്ങലിൽ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ് മതിലിൽ ഇടിച്ച് അപകടം

ആറ്റിങ്ങൽ സി എസ് ഐ ജംഗ്ഷന് സമീപത്തായാണ് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസ്സാണ് നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചത്. പരിക്കേറ്റ ലില്ലി (60) പള്ളിപ്പുറം സ്വദേശിയെ ആറ്റിങ്ങൽ വലിയകുന്നു ആശുപത്രിയിലേക്ക് മാറ്റി.