by Midhun HP News | May 17, 2026 | Latest News, കേരളം
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നത് തുടരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കാത്തതും സ്വര്‍ണവില കുതിപ്പിനെ പിടിച്ചുകെട്ടാനാകാതെ വരുന്നു. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അധികം വൈകാതെ സ്വര്‍ണവില പവനു ഒന്നേകാല്‍ ലക്ഷത്തിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. രാജ്യത്തെ കോടിക്കണക്കിനു വരുന്ന സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് ഇക്കാര്യം.
ഞായറാഴ്ച പുതിയ സ്വര്‍ണവില പുറത്തുവന്നതോടെ നിരക്കില്‍ മാറ്റമില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. 115080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ശനിയാഴ്ചയും സമാന വിലയായിരുന്നു. പുതിയ വിലപ്രകാരം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14385 രൂപയായി.
ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഇന്ധനവിലയും കുതിച്ചുയരുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ രാജ്യത്തെ സ്വര്‍ണവിലയെ ബാധിക്കാന്‍ പോവുന്ന അടുത്ത പ്രശ്‌നമായിരിക്കും ഇതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ഇന്ധനവില ലിറ്ററിനു മൂന്നുരൂപ കൂടിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ ഇനിയും കൂടുമെന്നാണ് സൂചന. ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ വിലയെയും ഇതു ബാധിച്ചേക്കും. അന്താരാഷ്ട്ര വിപണിയിലെ വില, യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് തുടങ്ങിയ ഘടകങ്ങളും രാജ്യത്തെ സ്വര്‍ണവിലയെ ബാധിക്കുമെന്നതാണ്.
by Midhun HP News | May 17, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. ചലച്ചിത്രമേഖലയുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള ആറ് ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം അടക്കം കമലഹാസന്റെ ആവശ്യങ്ങളിലുള്‍പ്പെടുന്നു. സബ്‌സിഡി നിരക്കില്‍ തമിഴ് ഫീച്ചര്‍ സിനിമകള്‍, സ്വതന്ത്ര സിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ ലഭ്യമാകുന്ന, തമിഴ് പ്രേക്ഷകര്‍ക്ക് താങ്ങാനാകുന്ന നിരക്കിലുള്ള ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.
വര്‍ധിച്ചു വരുന്ന നിര്‍മാണച്ചെലവുകള്‍, വിതരണച്ചെലവുകള്‍, തിയറ്റര്‍ നടത്തിപ്പ് ചെലവുകള്‍ എന്നിവ കണക്കിലെടുത്ത് നികുതിയിലും ഇളവ് വേണമെന്ന് കമലഹാസന്റെ നിവേദനത്തില്‍ പറുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന 4 ശതമാനം വിനോദനികുതി നിര്‍ത്തലാക്കണമെന്നാണ് കമലഹാസന്റെ ആവശ്യം.
കൂടാതെ ആന്റി പൈറസി ടീം രൂപീകരിക്കണമെന്നും സംസ്ഥാനത്തുടനീളമുള്ള തീയറ്ററുകളില്‍ ദിവസം അഞ്ചു ഷോ വീതം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നും ടിവികെ സര്‍ക്കാരിനോട് കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി വിജയ്‌യുടെ അവസാന സിനിമയായ ജനനായകനടക്കം പൈറസി പ്രതിസന്ധി നേരിട്ടിരുന്നു. “ആയിരക്കണക്കിനു കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും നിര്‍മാതാക്കളുടെയും കഠിനാധ്വാനത്തെ പൈറസി നശിപ്പിക്കുകയാണ്. അതിനെതിരെ തമിഴ്‌നാട് പൊലീസിന്റെ സൈബര്‍ ക്രൈം വകുപ്പിനുള്ളില്‍ ആന്റി പൈറസി എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണം. പുറത്തിറങ്ങുന്ന കണ്ടന്റുകള്‍ ഉടനടി നീക്കം ചെയ്യാനും നടപടി സ്വീകരിക്കണം” : കമല്‍ഹാസന്റെ നിവേദനത്തില്‍ പറയുന്നു.

by Midhun HP News | May 17, 2026 | Latest News, കേരളം
കോഴിക്കോട്: കാറിന് തീ പിടിച്ചു ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആസൂത്രിക കൊലപാതകമാണെന്ന് സംശയിക്കുന്നതായും യുവതിയുടെ കുടുംബം. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താന്‍ ആയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയറിങ്ങിന് തകരാര്‍ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോര്‍ച്ച ഇല്ലെന്നുമാണ് കണ്ടെത്തല്‍. കാറിന്റെ പിറകില്‍ നിന്നാണ് തീ പടര്‍ന്നത്. കാരണം കണ്ടെത്താന്‍ പരിശോധന തുടരും. ഫോറന്‍സിക് സംഘത്തിന്റെ പരിശോധന തുടരുന്നു.
ചെറുവണ്ണൂര്‍ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ചെറുവണ്ണൂര്‍ പുത്തന്‍ ചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ, ഏഴുമാസം ഗര്‍ഭിണിയായ സോന പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.2016 മോഡല്‍, പെട്രോള്‍ കാറിന്റെ പിന്‍വശത്തു നിന്നാണ് തീ ഉയര്‍ന്നത്. ശബ്ദവും ഉണ്ടായിരുന്നു. മുന്‍വശത്തേക്ക് തീ കാര്യമായി പടര്‍ന്നിട്ടില്ല. പെട്രോള്‍ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്‌നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. കത്തിയ കാറില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

by Midhun HP News | May 17, 2026 | Latest News, കേരളം
ആലപ്പുഴ: ടിപ്പർ ലോറിയുടെ ഉയർത്തിവച്ച ഡംപ് ബോക്സ് അബദ്ധത്തിൽ താഴേക്കു വീണ് യുവാവ് മരിച്ചു. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻ പിള്ളയുടേയുടേയും രാധാമണിയുടേയും മകൻ ഉണ്ണികൃഷ്ണൻ (38) ആണ് മരിച്ചത്. കാരാഴ്മ ദേവീ ക്ഷേത്രത്തിലെ അൻപൊലി- അരീപ്പറ മഹോത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്.
ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഡംപ് ബോക്സ് ഉയർത്തി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ അടിയിൽ മഴ നനയാതിരിക്കാൻ കയറി നിന്നതായിരുന്നു ഉണ്ണിക്കൃഷ്ണൻ. ഇതിനിടെ അബദ്ധത്തിൽ ലിവറിൽ തട്ടി ഡംപ് ബോക്സ് താഴേക്കു പതിക്കുകയായിരുന്നുവെന്നാണ് വിവരം.
ഉടൻ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: അജിതാദേവി. മക്കൾ: അനുഷ്, ആരുഷ്.

by Midhun HP News | May 17, 2026 | Latest News, കേരളം
മലപ്പുറം: തിരുവനന്തപുരത്ത് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉറപ്പിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. യുഡിഎഫ് നേതൃത്വവുമായി നടത്തിയ ദീർഘമായ ചർച്ചകൾക്കൊടുവിലാണ് 2011-ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൈവശമുണ്ടായിരുന്ന അഞ്ച് മന്ത്രിസ്ഥാനങ്ങളും പ്രധാന വകുപ്പുകളും നിലനിർത്താൻ ലീഗിന് സാധിച്ചത്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് രൂപം നൽകാൻ പാർട്ടിക്യൂള്ളിൽ ചർച്ചകൾ തുടരുകയാണ്.
പ്രാദേശിക സന്തുലനത്തിന് മുൻഗണന
ഇത്തവണ മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രാതിനിധ്യം രണ്ട് എംഎൽഎമാരായി പരിമിതപ്പെടുത്താനാണ് പാർട്ടി തീരുമാനം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഉറപ്പാണെന്നിരിക്കെ, രണ്ടാമത്തെ സ്ഥാനത്തിനായി വേങ്ങര എംഎൽഎ കെ.എം. ഷാജിയും ഏറനാട് എംഎൽഎ പി.കെ. ബഷീറും തമ്മിലാണ് പ്രധാന മത്സരം. തന്റെ പേര് പട്ടികയിൽ സുരക്ഷിതമാണെന്ന് ഷാജിയോട് അടുത്ത വൃത്തങ്ങൾ അവകാശപ്പെടുമ്പോൾ, തങ്ങൾ തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബഷീറിനെ അനുകൂലിക്കുന്നവർ.
അതേസമയം, പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീനും കോഴിക്കോട് ജില്ലയിൽ നിന്ന് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയും മന്ത്രിസ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. അബ്ദുള്ളയുടെ പേരിനെതിരെ പാർട്ടിയിൽ ആദ്യഘട്ടത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും, അഞ്ച് എംഎൽഎമാരുള്ള കോഴിക്കോട് ജില്ലയ്ക്ക് അർഹമായ പരിഗണന നൽകണമെന്ന നിലപാടിലാണ് നേതൃത്വം എത്തിയത്.
അബ്ദുൽ ഗഫൂർ എന്ന രാഷ്ട്രീയ തന്ത്രം
ലീഗിന്റെ പരമ്പരാഗത കോട്ടയായ മലബാറിന് അപ്പുറത്തേക്ക് പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കളമശ്ശേരിയിൽ നിന്നുള്ള കന്നി എംഎൽഎ വിഇ അബ്ദുൽ ഗഫൂറിനെ അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ലീഗിന്റെ വലിയൊരു രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ലീഗ് വെറുമൊരു മലബാർ പാർട്ടി മാത്രമാണെന്ന വിമർശനം മറികടക്കാൻ തെക്കൻ കേരളത്തിൽ നിന്നുള്ള പ്രാതിനിധ്യം സഹായിക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ കൂടിയാണ് അബ്ദുൽ ഗഫൂർ. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫിന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും നിലവിൽ ഗഫൂറിനാണ് സാധ്യത. എന്നാൽ ഒരു കന്നി എംഎൽഎയ്ക്ക് സീനിയർ നേതാക്കളെ മറികടന്ന് മുൻഗണന നൽകുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
വകുപ്പുകളിൽ ഘടനപരമായ മാറ്റം വന്നേക്കാം
പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, വിവരസാങ്കേതികവിദ്യ (IT) വകുപ്പുകൾ നിലനിർത്താനാണ് സാധ്യത. പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ഒരൊറ്റ വകുപ്പായി ലയിപ്പിച്ച് എൻ. ഷംസുദ്ദീന് നൽകിയേക്കും. വി.ഇ. അബ്ദുൽ ഗഫൂർ മന്ത്രിസഭയിലെത്തിയാൽ പിതാവ് കൈകാര്യം ചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പ് തന്നെ ലഭിച്ചേക്കും. പാറക്കൽ അബ്ദുള്ളയെ നഗരവികസന വകുപ്പിലേക്കും കെ.എം. ഷാജിയെ തദ്ദേശസ്വയംഭരണ വകുപ്പിലേക്കുമാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് നടന്ന ഭരണപരമായ പുനഃക്രമീകരണങ്ങൾ കണക്കിലെടുത്ത്, 2011-ലെ യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ വകുപ്പ് വിഭജനത്തിൽ ഘടനപരമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് സാദിഖ് അലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനുപുറമെ മുതിർന്ന നേതാക്കളായ എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നിവർക്ക് ക്യാബിനറ്റ് പദവിയുള്ള തസ്തികകളും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് നേതാക്കളുമായുള്ള ഞായറാഴ്ചത്തെ അന്തിമ ചർച്ചയ്ക്ക് ശേഷം സാദിഖ് അലി തങ്ങൾ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പ്രഖ്യാപിക്കും.

Recent Comments