by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷന്‍ (പിഎൻജി) ലഭ്യമാകുന്നിടത്ത് എല്‍പിജി ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രകൃതിവാതക കണക്ഷന്‍ (പിഎന്‍ജി) ലഭ്യതയുണ്ടായിട്ടും എല്‍പിജിയെ ആശ്രയിക്കുന്നവര്‍ക്ക് എല്‍പിജി വിതരണം നിര്‍ത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പിഎന്‍ജി ശൃംഖലയുടെ വ്യാപനം വര്‍ധിപ്പിക്കാനും പാചക സ്രോതസ് ആയി ഒരു ഇന്ധനം മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് പുതിയ നീക്കം. ലഭ്യത ഉണ്ടായിട്ടിട്ടും പിഎന്‍ജി ഉപയോഗിച്ചില്ലെങ്കില്‍ ‘മൂന്ന് മാസത്തിനുശേഷം എല്‍പിജി വിതരണം നിര്‍ത്തലാക്കും’ എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 24 നാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന എല്‍പിജി പ്രതിസന്ധി മറികടക്കുന്നതിന് ഒപ്പം പൈപ്പ് വഴിയുള്ള പാചക വാതക വിതരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. പൈപ്പുകള്‍ വഴി പ്രകൃതി വാതകം നേരിട്ടെത്തുമ്പോള്‍ റീഫില്ലിങ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അവശ്യസേവന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടികള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
പൈപ്പ്‌ലൈന്‍ കണക്റ്റിവിറ്റി ഉള്ള പ്രദേശങ്ങളില്‍ നിന്ന് എല്‍പിജി ഉപയോഗം പൂര്‍ണമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോള ഇന്ധന വിതരണ ശ്യംഖലയിലെ പ്രതിസന്ധി ‘ഇന്ധന വൈവിധ്യവല്‍ക്കരണം’ പ്രോത്സാഹിപ്പിക്കാനുള്ള അവസരമാക്കി മാറ്റാന്‍ കഴിയുമെന്ന് ഈ വിഷയം ചൂണ്ടിക്കാട്ടി നേരത്തെ ഓയില്‍ സെക്രട്ടറി നീരജ് മിത്തല്‍ എക്സിലെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.
പിഎന്‍ജി കണക്റ്റിവിറ്റി വേഗത്തിലാക്കാന്‍ സമയബന്ധിതമായ അനുമതികള്‍ നല്‍കുന്നതിനും പൈപ്പ്‌ലൈന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സമയപരിധിക്കുള്ളില്‍ ഇതിനായുള്ള അനുമതികളോ നല്‍കണം. അല്ലാത്ത പക്ഷം അംഗീകാരങ്ങള്‍ സ്വമേധയാ ലഭിച്ചതായി കണക്കാക്കും. വീടുകള്‍ക്കുള്ള അപേക്ഷയില്‍ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ അനുമതികള്‍ നല്‍കണം. അനുമതികള്‍ ലഭ്യമായാല്‍ 48 മണിക്കൂറിനുള്ള കണക്ടിവിറ്റി ലഭ്യമാക്കണം. ഇതിനായി നിര്‍ദ്ദിഷ്ട നിരക്കുകള്‍ക്കപ്പുറം അധിക ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.


by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തമാകുന്നതിനിടെ, ഡോണള്‍ഡ് ട്രംപുമായോ, യുഎസ് ഭരണകൂടത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായോ ചര്‍ച്ചകള്‍ക്ക് സന്നദ്ധമല്ലെന്ന് ഇറാന്‍. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അല്ലെങ്കില്‍ ജാറെഡ് കുഷ്‌നര്‍ എന്നിവര്‍ നയിക്കുന്ന ചര്‍ച്ചകള്‍ വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് ഇറാനിയന്‍ പ്രതിനിധികള്‍ സൂചിപ്പിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രതിനിധികള്‍ പകരം നിര്‍ദേശിക്കുന്നത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പേരാണ്. വാന്‍സുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ അമേരിക്കയെ താല്‍പ്പര്യം അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ്, ട്രംപും കുഷ്‌നറും അടക്കമുള്ളവരുമായുള്ള ചര്‍ച്ചയുടെ വിശ്വാസ്യത തകര്‍ത്തതെന്ന് ഇറാന്‍ സൂചിപ്പിക്കുന്നു.
അതേസമയം, യുഎസ് ഭരണകൂടത്തിലെ മറ്റു പലരേക്കാളും സംഘര്‍ഷത്തിന് നയതന്ത്രപരമായ ഒരു അന്ത്യം കുറിക്കാന്‍ വാന്‍സിന് കഴിഞ്ഞേക്കുമെന്ന് ഇറാന്‍ വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്തുന്നത് സങ്കീര്‍ണ്ണവും രാഷ്ട്രീയമായി സെന്‍സിറ്റീവുമാകുമെന്നതിനാല്‍, നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ വാന്‍സ് തയ്യാറായേക്കുമോയെന്ന് വ്യക്തതയില്ല.
അതേസമയം, യുഎസ് ചര്‍ച്ചാ സംഘത്തെ തീരുമാനിക്കുന്നത് ട്രംപ് ആണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വിറ്റ്‌കോഫ്, കുഷ്നര്‍ എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശാലമായ നയതന്ത്ര ശ്രമത്തില്‍ പങ്കാളികളാണെന്നും ലീവിറ്റ് പറഞ്ഞു. ട്രംപി ഒഴിവാക്കിയുള്ള ചര്‍ച്ചയെന്നത്, പ്രസിഡന്റിനെ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഏകോപിത വിദേശ ക്യാംപെയ്ന്‍ ആണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.


by Midhun HP News | Mar 25, 2026 | Latest News, കേരളം
പാലോട്: കഴിഞ്ഞ ദിവസം പാലോട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെൻ്റിലേറ്ററിൽ ചികിത്സയില്‍ ആയിരുന്ന യുവതി മരണത്തിന് കീഴടങ്ങി. പാപ്പനംകോട് പെരിങ്ങമ്മല റോഡിന് സമീപം താമസിക്കുന്ന സിബിന (38) ആണ് അന്തരിച്ചത്. പാലോട് ബി.എം.സി ഹോസ്പിറ്റലിലെ ഫാർമസി ജീവനക്കാരിയായിരുന്നു സിബിന.
അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാപ്പനംകോട് പാൻ ഷോപ്പ് നടത്തുന്ന കെ.വി.വി.ഇ.എസ് പാലോട് യൂണിറ്റ് അംഗം ഇല്ല്യാസിൻ്റെ മകൻ സുൾഫിയുടെ ഭാര്യയാണ് പരേതയായ സിബിന.


by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം വൈകീട്ട് നടക്കും. വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പകരം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷം വഹിക്കും. വിദേശകാര്യ, ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കും.
വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും. ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണത്തെയും ബാധിക്കുന്ന തരത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനീക്കം. ഇറാന്‍- ഇസ്രയേല്‍- യുഎസ് സംഘര്‍ഷം, ഇതുവഴി രാജ്യം നേരിടുന്ന പ്രതിസന്ധികള്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യോഗത്തില്‍ വിശദീകരിക്കും.
യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സോണിയാഗാന്ധിയുടെ അനാരോഗ്യം കാരണം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. രാജ്യത്ത് ഇന്ധന, ഊര്‍ജ്ജ പ്രതിസന്ധിയില്‍ മന്ത്രാലയ അധികൃതര്‍ വിശദീകരണം നല്‍കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ആഘാതം തടയാനായി കേന്ദ്രസര്‍ക്കാര്‍ ഏഴ് എംപവേര്‍ഡ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന വേളയില്‍ സഭയ്ക്ക് അകത്ത് ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സര്‍വകക്ഷി യോഗത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പശ്ചിമേഷ്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം മോദി സര്‍ക്കാര്‍ എന്തിനാണ് ഒരു കോണ്‍ഫറന്‍സ് റൂമില്‍ ഒരു സര്‍വകക്ഷി യോഗം വിളിക്കുന്നത്? ഈ സര്‍ക്കാര്‍ എത്രകാലം ചര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുമെന്നും തൃണമൂല്‍ എംപി സാഗരിക ഘോഷ് ചോദിച്ചു.


by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘർഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ച് ഇറാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടു വച്ച 15 ഇന പദ്ധതി ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരിയുടെ പ്രതികരണം. യുഎസ് – ഇറാന്‍ ചര്‍ച്ചകളില്‍ ഇട നിലനില്‍ക്കുന്ന രാജ്യങ്ങള്‍ ഇറാന് മുന്നില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ടെലിവിഷനിലൂടെയുള്ള പ്രതികരണം.
യുഎസ് നിര്‍ദേശം വിജയിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യമാണ് ഇറാന്‍ സൈനിക വക്താവ് ഉയര്‍ത്തുന്നത്. നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ല, ‘നിങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ സ്വയം ചര്‍ച്ച ചെയ്യേണ്ട ഘട്ടത്തിലെത്തിയിട്ടുണ്ടോ?’ എന്നും ഇബ്രാഹിം സോള്‍ഫാഗാരി ചോദിക്കുന്നു. ‘പാകിസ്ഥാന്‍ ഇടനില നിന്നാണ് 15 ഇന പദ്ധതി ഇറാന് സമര്‍പ്പിച്ചത്. യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇറാനുമായി യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. ഈ വാദങ്ങള്‍ പൂര്‍ണമായി തള്ളുകയാണ് വീഡിയോ പ്രസ്താവനയില്‍ സോള്‍ഫാഗാരി ചെയ്യുന്നത്. ‘ആദ്യ ദിവസം മുതല്‍ ഇതുവരെ ഞങ്ങളുടെ വാക്ക് ഒന്നാണ്, അത് അങ്ങനെ തന്നെ തുടരും: ഇറാന്‍ നിങ്ങളെപ്പോലുള്ള ഒരാളുമായി യോജിപ്പിലെത്തില്ലെന്നും സോള്‍ഫാഗാരി പറഞ്ഞു. ഇറാന്റെ പ്രതികരണം സംഘര്‍ഷത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 5,000 മറൈന്‍ സൈനികരെയും ആയിരക്കണക്കിന് നാവികരെയും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാന്‍ യുഎസ് തയ്യാറെടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


Recent Comments