by Midhun HP News | Mar 23, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മാമം പാലത്തിന് സമീപം ആനൂട്ടിൽ വീട്ടിൽ അബ്ദുൽ മജീദ് (95) റിട്ടയേർഡ് സബ് ഇൻസ്പക്ടർ ഓഫ് പോലീസ്, ആറ്റിങ്ങൽ) അന്തരിച്ചു.
ഭാര്യ: എസ് സാഫ്ര.
മക്കൾ: ബാബു ഷാജി (അബുദാബി), ഷർമ്മദ് ഖാൻ (ദുബായ്), പരേതയായ ബേബി ഷൈല.
മരുമക്കൾ: എസ് ഷംല ബീവി (അധ്യാപിക, മദ്രസത്തിൽ നൂർ ഇസ്ലാമിക് അക്കാദമി, പത്തനംതിട്ട), നിദിയ അഷറഫ് (ദുബായ്).
by Midhun HP News | Mar 23, 2026 | Latest News, കേരളം
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും. ഞായറാഴ്ച എത്തുമെന്നാണ് ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചിട്ടുള്ളത്.
പാലക്കാട് മണ്ഡലത്തിലെ പരിപാടിയില്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയും വേദിയിലെത്തിച്ച് പൊതുപരിപാടി ആയിട്ടായിരിക്കും നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രധാനമന്ത്രി പാലക്കാട് പ്രചാരണത്തിന് എത്തിയിട്ടുണ്ട്.
ഞായറാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി, തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്‍റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ലോക്സഭയിലേക്ക് സുരേഷ് ഗോപിയുടെ വിജയത്തെത്തുടര്‍ന്ന്, ബിജെപി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.
സംസ്ഥാനത്ത് ബിജെപി ഏറെ വിജയസാധ്യത കണക്കാക്കുന്ന, എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്നതില്‍ ഒന്നാണ് പാലക്കാട്. ബിജെപിയുടെ വനിതാ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനാണ് ഇത്തവണ പാലക്കാട് പിടിക്കാന്‍ ഇറങ്ങിയിട്ടുള്ളത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി 35 ശതമാനം വോട്ടു വിഹിതം നേടിയിരുന്നു. അന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ 3859 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്.


by Midhun HP News | Mar 23, 2026 | Latest News, കേരളം
അലപ്പുഴ: ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിക്ക് പിന്തുണയുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിന് ഇരയായ ഉഷ ജോസഫ്. അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള പണം ഉഷ കൈമാറി. ഞായറാഴ്ച വൈകീട്ടാണ് ഉഷ, ഭര്‍ത്താവ് ജോസഫ്, മകന്‍ ഷിബിന്‍ എന്നിവരില്‍ നിന്നും അബിന്‍ തുക ഏറ്റുവാങ്ങിയത്.
അധികൃതരുടെ അനാസ്ഥ മൂലം വയറ്റില്‍ കുടുങ്ങി കത്രികയുമായി 5 വര്‍ഷം കഴിഞ്ഞ ഉഷയുടെ ദുരിതം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിന്റെ അനാസ്ഥകാരണമാണ് തനിക്ക് 5 വര്‍ഷം വേദന സഹിച്ചു ജീവിക്കേണ്ടി വന്നതെന്നാണ് ഉഷയുടെ കുടുംബത്തിന്റെയും ആരോപണം. തങ്ങള്‍ക്ക് യാതൊരു സഹായവും ചെയ്തുതരാത്ത മന്ത്രി വീണാ ജോര്‍ജിനെതിരെ മത്സരിക്കുന്നതുകൊണ്ടാണ് എബിന്‍ വര്‍ക്കിക്ക് പണം നല്‍കിയതെന്നാണ് ഉഷയുടെ പ്രതികരണം. പറഞ്ഞു. വയറില്‍ കുടുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സംഘവും ഉഷയെ കാണാനെത്തിയത്. ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറിന്റെ ഇരയാണ് ഉഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അബിന്‍ വര്‍ക്കി പറഞ്ഞു.
ആരോഗ്യ വകുപ്പിനെതിരെയുള്ള ഉഷയുടെ കുടുംബത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് അവര്‍ തനിക്ക് കെട്ടി വയ്ക്കാന്‍ നല്‍കിയ തുക. ആരോഗ്യ മേഖലയുടെ ഇന്നത്തെ അവസ്ഥയുടെ ജീവിക്കുന്ന രക്തസാക്ഷിയില്‍ നിന്നുള്ള അനുഗ്രഹമായാണ് നടപടിയെ കരുതുന്നത്. പണം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അബിന്‍ വര്‍ക്കി പ്രതികരിച്ചു. ഡി സി സി സെക്രട്ടറി എസ് പ്രഭുകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സെല്‍വരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട്, ആര്യ, വിഷ്ണു പ്രസാദ്, പുന്നപ്ര തെക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ്, മണ്ഡലം പ്രസിഡന്റുമാരായ ഹസന്‍ പൈങാമഠം, ഷിബി ജേക്കബ്, റിനു പ്ലോട്ടോ, മേഴ്‌സി, ലതമ്മ തുടങ്ങിയവരും അബിന്‍ വര്‍ക്കിക്ക് ഒപ്പം ഉണ്ടായിരുന്നു.


by Midhun HP News | Mar 23, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മന്ത്രി ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതാവ് എകെ ബാലന്‍. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു.
ഈ പ്രയോഗത്തില്‍ മുഖ്യമന്ത്രിക്ക് മലയാള നിഘണ്ടു അറിയില്ല, അര്‍ത്ഥം അറിയില്ല എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇതിനേക്കാള്‍ അപ്പുറമുള്ളൊരു ഭാഷ നിഘണ്ടുവില്‍ ഇല്ലാത്തതുകൊണ്ടാണ് താന്‍ ഉപയോഗിക്കാത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. തികഞ്ഞ വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്.
ചെറ്റത്തരം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ജി സുധാകരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്നും സതീശന്‍ പറയുന്നു. എന്നാല്‍ കെ സുധാകരനെ സംബന്ധിച്ച് ഇതുവരെ പ്രതിപക്ഷ നേതാവ് ഉത്തമനായ കോണ്‍ഗ്രസുകാരനാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ജി സുധാകരന്‍ ഉത്തമനായത് കോണ്‍ഗ്രസിലേക്ക് പോയതുകൊണ്ടാണെന്നും എകെ ബാലന്‍ പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണങ്ങള്‍ ഉള്ള ഘട്ടത്തില്‍ സ്പീക്കറെ എങ്ങനെയാണ് അഭിസംബോധന ചെയ്തത് എന്നതു നമ്മള്‍ കണ്ടതാണ്. ഒരു ഘട്ടത്തില്‍ ‘അധികം വര്‍ത്തമാനം പറയരുത്, പിടിച്ച് അവിടെ നിന്നും ഇറക്കും’ എന്നുവരെ പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. ആ പ്രതിപക്ഷ നേതാവാണ് ഇപ്പോള്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളതെന്നും എകെ ബാലന്‍ പറഞ്ഞു.


by Midhun HP News | Mar 23, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണം. അബുദാബി ലക്ഷ്യമിട്ട് ഇറാനില്‍ നിന്നെത്തിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റു.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന് അല്‍ ഷവാമേഖ് പ്രദേശത്താണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതെന്നാണ് അറിയിപ്പ്. ഇത്തരം സംഭവങ്ങളില്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ തേടണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഇറാനില്‍ നിന്ന് വരുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ പറഞ്ഞു. ഇറാന്‍ വിക്ഷേപിച്ച 25 ഡ്രോണുകളും 4 ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പറഞ്ഞു.
മുന്നാഴ്ച പിന്നിട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. ഇറാന്റെ വൈദ്യുതി ശൃംഖലയെ 48 മണിക്കൂറിനുള്ളില്‍ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത്തരം ഒരു നീക്കം ഉണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഊര്‍ജ്ജ, ജല സംവിധാനങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു ഇറാന്റെ മറുപടി.
അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഹോര്‍മുസ് അടച്ചുപൂട്ടി ലോകത്തേക്കുള്ള വാതക, ഇന്ധന വിതരണം തടസപ്പെടുത്തന്ന ഇറാന്റെ നടപടിയെ ഉള്‍പ്പെടെ ജിസിസി സെക്രട്ടറി അപലപിച്ചു. 22 രാജ്യങ്ങള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയിലാണ് ഇറാനെതിരെ ജിസിസി രാഷ്ട്രങ്ങൾ പുറത്തിറക്കിയത്.


Recent Comments