ആരെത്തും ഐപിഎല്‍ പ്ലേ ഓഫില്‍? സാധ്യതകള്‍ ഇങ്ങനെ

ആരെത്തും ഐപിഎല്‍ പ്ലേ ഓഫില്‍? സാധ്യതകള്‍ ഇങ്ങനെ

കൊല്‍ക്കത്ത: ഐപിഎല്‍ പോരാട്ടത്തില്‍ തുടരെ നാല് ജയങ്ങളുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ തുറന്നിട്ടു. തുടര്‍ ജയങ്ങളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ രണ്ടാം സ്ഥാനത്തേക്കിറക്കി ഒന്നാം സ്ഥാനത്തേക്ക് കയറി. അവര്‍ക്ക് നിലവില്‍ 14 പോയിന്റുകളുണ്ട്. ഒരു ജയം മതി പ്ലേ ഓഫ് ഉറപ്പിക്കാന്‍. പഞ്ചാബിന് 13 പോയിന്റുകളുണ്ട്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അവരും അവസാന നാലില്‍ എത്തും.

മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്ക് 12 പോയിന്റുകളുണ്ട്. മൂന്ന് ടീമുകളും 10 മത്സരങ്ങളാണ് കളിച്ചത്. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുമുണ്ട്. ഈ ഏഴ് ടീമുകളാണ് പ്ലേ ഓഫിലെ നാല് സ്ഥാനത്തേക്ക് ശക്തമായ അവകാശമുന്നയിച്ച് നില്‍ക്കുന്നത്. ടീമുകളുടെ സാധ്യതകള്‍ അറിയാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

നിലവില്‍ ടൂര്‍ണമെന്റിലെ മൊത്തം മത്സരങ്ങള്‍ പരിശോധിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അപകടകരമായി നില്‍ക്കുന്ന സംഘം. സ്‌ഫോടനാത്മക ബാറ്റിങും പാറ്റ് കമ്മിന്‍സ് എത്തിയതോടെ ഉണര്‍ന്ന ബൗളിങ് നിരയും അവര്‍ക്ക് കരുത്തു പകരുന്നു. 11 മത്സരങ്ങളില്‍ നിന്നു 14 പോയിന്റുമായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അവര്‍ക്ക് ഒരു ജയം കൂടി നേടാനായാല്‍ പ്ലേ ഓഫിലെ നാലില്‍ ഒരു സ്ഥാനം സ്വന്തമാകും. നെറ്റ് റണ്‍റേറ്റ് പ്ലസ് 0.737 ആണ്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള അവര്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നുറപ്പിച്ച് പ്ലേ ഓഫിലെത്താനുള്ള ശ്രമമായിരിക്കും ഇനി നടത്തുക.

പഞ്ചാബ് കിങ്‌സ്

തുടരെ ആറ് മത്സരങ്ങള്‍ ജയിച്ച് മുന്നേറിയ പഞ്ചാബ് കിങ്‌സ് സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട് രണ്ടാം സ്ഥാനത്തേക്കിറങ്ങി. എങ്കിലും അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഒരു മങ്ങലും സംഭവിച്ചിട്ടില്ല. 10 കളിയില്‍ നിന്നു 13 പോയിന്റുമായി അവര്‍ രണ്ടാമതുണ്ട്. ബാറ്റിങില്‍ മുന്‍നിര മികവ് പുലര്‍ത്തുമ്പോഴും മധ്യനിരയ്ക്ക് വേണ്ടത്ര സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതും അവസാന മൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് വിനയായി. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാം. ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചു വരാനുള്ള നീക്കമായിരിക്കും അവര്‍ നടത്തുക. നിലവില്‍ പ്ലസ് 0.571 ആണ് പഞ്ചാബിന്റെ നെറ്റ് റണ്‍ റേറ്റ്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ തോറ്റ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 12 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പ്ലേ ഓഫിനടുത്ത് അവര്‍ക്ക് എത്താം. ഇനിയുള്ള 4 മത്സരങ്ങള്‍ നിര്‍ണായകമെന്നു ചുരുക്കം. സാധ്യതകള്‍ അവരെ സംബന്ധിച്ചു വിസ്തൃതമായി തന്നെ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റ് പ്ലസ് 1.234 ആണ്. നെറ്റ് റണ്‍റേറ്റ് കണക്കിലും അവര്‍ സുരക്ഷിതമാണ്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സിനും 12 പോയിന്റുകളുണ്ട്. അവരുടെ സാധ്യതകളും തുറന്നു തന്നെ കിടക്കുന്നു. ഇനിയുള്ള മത്സരങ്ങളാണ് രാജസ്ഥാനും നിര്‍ണായകമാകുന്നത്. ഫലങ്ങള്‍ മാറി മാറിയാണ് വരുന്നതെങ്കിലും പ്രതീക്ഷ രാജസ്ഥാന്‍ കൈവിട്ടിട്ടില്ല. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ട്. അടുത്ത നാല് മത്സരങ്ങളാണ് രാജസ്ഥാനും ഉറ്റുനോക്കുന്നത്. നിലവില്‍ അവരുടെ നെറ്റ് റണ്‍റേറ്റും മോശമല്ല. പ്ലസ് 0.510.

ഗുജറാത്ത് ടൈറ്റന്‍സ്

അവസാനം കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഗുജറാത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്. ശേഷിക്കുന്ന നാല് മത്സരങ്ങളാണ് ഗുജറാത്തും പ്രതീക്ഷയോടെ നോക്കുന്നത്. നെറ്റ് റണ്‍റേറ്റ് പക്ഷേ അവര്‍ക്ക് ക്ഷീണമാകാന്‍ സാധ്യതയുണ്ട്. ഇന്ന് രാജസ്ഥാന്‍ റോയല്‍സുമായി അവര്‍ക്ക് മത്സരമുണ്ട്. ഈ പോരാട്ടം ജയിക്കുകയും ഒപ്പം നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനുമാകും ഗുജറാത്ത് ശ്രമിക്കുക. നിലവില്‍ നെഗറ്റീവ് 0.147 ആണ് ഗുജറാത്തിന്റെ നെറ്റ് റണ്‍റേറ്റ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

പ്ലേ ഓഫ് പ്രതീക്ഷിക്കുന്ന മറ്റൊരു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. നെറ്റ് റണ്‍റേറ്റ് പോസിറ്റീവില്‍ നില്‍ക്കുന്നതാണ് സിഎസ്‌കെയുടെ ബോണസ്. 10 മത്സരങ്ങളില്‍ നിന്നു 10 പോയിന്റാണ് അവര്‍ക്ക്. അടുത്ത നാല് മത്സരങ്ങളും ജയിച്ചാല്‍ പുഷ്പം പോലെ അവര്‍ക്ക് പ്ലേ ഓഫിലെത്താം. നിലവില്‍ പ്ലസ് 0.151 ആണ് നെറ്റ് റണ്‍റേറ്റ്. സാധ്യതകള്‍ സജീവമാണ് ചെന്നൈക്ക് മുന്നില്‍.

കൊല്‍ക്കത്ത നൈറ്റ്‌റഡേഴ്‌സ്

തുടരെ മത്സരങ്ങള്‍ തോറ്റ് ആരാധകരെ നിരാശയിലാക്കിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അമ്പരപ്പിക്കുന്ന സ്ഥിരതയാണ് അവസാന നാല് മത്സരങ്ങളില്‍ പുറത്തെടുത്തത്. ഒരു മത്സരം മഴയെടുത്തതിനാല്‍ ഒരു പോയിന്റ് കിട്ടിയതടക്കം 10 കളിയില്‍ നിന്നു 9 പോയിന്റാണ് അവര്‍ക്കുള്ളത്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നില്‍ക്കുന്നതിനാല്‍ ഇനിയുള്ള നാല് മത്സരങ്ങളും ജയിക്കുകയും നെറ്റ്‌റേറ്റ് ഉയര്‍ത്തുകയും ചെയ്താല്‍ കെകെആറിനും സാധ്യതയുണ്ട്. ബാറ്റിങിലും ബൗളിങിലും അവര്‍ നിലവില്‍ സ്ഥിരത കാണിക്കുന്നത് പ്ലസ് പോയിന്റാണ്.

ഡല്‍ഹി, മുംബൈ, ലഖ്‌നൗ

ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്ക് മുന്നില്‍ നിലവില്‍ വലിയ സാധ്യതകള്‍ ഇല്ല. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാലും മറ്റ് ടീമുകളുടെ ഫലങ്ങളും നെറ്റ് റണ്‍റേറ്റുമൊക്കെ അവസാന കണക്കെടുപ്പില്‍ വരും.

നിലവില്‍ 8 പോയിന്റുകളാണ് ഡല്‍ഹിക്ക്. 11 മത്സരങ്ങളും അവര്‍ കളിച്ചു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും 14 പോയിന്റേ അവര്‍ക്ക് കിട്ടു. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രം ഡല്‍ഹിക്ക് പ്ലേ ഓഫ് കാണാം.

മുംബൈ, ലഖ്‌നൗ ടീമുകളുടെ സാധ്യതകളും ഏതാണ്ട് ഡല്‍ഹിക്കു സമാനമാണ്. ഇരു ടീമുകള്‍ക്കും 6 പോയിന്റ് മാത്രമാണ്. ശേഷിക്കുന്ന നാല് കളികളും ജയിച്ചാല്‍ 14 പോയിന്റാകും. അപ്പോഴും ഡല്‍ഹിയുടെ കാര്യം പറഞ്ഞതു പോലെ അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിക്കണം.

‘ആ വീഴ്ചയില്‍ ഞാന്‍ മരിച്ചേനെ; എന്നെ എടുക്കാന്‍ ആരും വന്നില്ല, എന്റെ മോനല്ലാതെ…’; വാഴ 2 ജീവിതം മാറ്റിമറിച്ച ഷിബന്‍ ലാല്‍ പറയുന്നു

‘ആ വീഴ്ചയില്‍ ഞാന്‍ മരിച്ചേനെ; എന്നെ എടുക്കാന്‍ ആരും വന്നില്ല, എന്റെ മോനല്ലാതെ…’; വാഴ 2 ജീവിതം മാറ്റിമറിച്ച ഷിബന്‍ ലാല്‍ പറയുന്നു

വാഴ 2വിലൂടെ ജനം തിരിച്ചറിഞ്ഞ ജീവിതമാണ് ഷിബന്‍ ലാലിന്റേത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ നിലത്ത് വീണ ഷിബന്റെ വിഡിയോ കഴിഞ്ഞ കുറേ കാലമായി വിഷുക്കാലത്ത് മലയാളി ആഘോഷിച്ചിരുന്നു. എന്നാല്‍ അതിന് പിന്നില്‍ ഒരച്ഛന്റെ വേദനയുണ്ടെന്ന് മലയാളി തിരിച്ചറിഞ്ഞത് വാഴ 2വിലൂടെയാണ്. ഇപ്പോഴിതാ അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത് വിവരിക്കുകയാണ് ഷിബന്‍ ലാല്‍. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

അത് എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്. ഞാനും എന്റെ മകനെ സന്തോഷിപ്പിക്കാനാണ് പടക്കം പൊട്ടിച്ചത്. പൊട്ടുന്നത് ഷൂട്ട് ചെയ്യുക, അതിനകത്ത് ഹാപ്പി വിഷു എന്നെഴുതി കാണിക്കുക. എന്നതായിരുന്നു ലക്ഷ്യം. പക്ഷെ ഉദ്ദേശിച്ച ഫലം കിട്ടിയില്ല, നേരത്തെ തിരിച്ചുള്ള ഫലമാണ് കിട്ടിയത്.

വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളും അനിയന്മാരും മകന്റെ കൂട്ടുകാരുമെല്ലാമുണ്ട്. വിഷുവിന്റെ അന്ന് ഉച്ചയ്ക്ക് അനിയന്‍ ഗുണ്ട് കൊണ്ടു വന്നു. ഞാനത് പൊട്ടിക്കാന്‍ തയ്യാറായി. മറ്റാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ അടുത്തുള്ള ചേട്ടന്‍ ഠോ എന്ന ശബ്ദമുണ്ടാക്കി എന്നെ പേടിപ്പിച്ചു. അതില്‍ എന്റെ ശ്രദ്ധ പോയി. പൊട്ടിയെന്ന ധാരണയില്‍ ഞാന്‍ തിരിച്ചോടി.

ചെരുപ്പിന്റെ അറ്റം മടങ്ങി സ്ലാബും റോഡും ചേരുന്ന ഭാഗത്ത് വീണു. ഇന്നത്തെ അവസ്ഥയായിരുന്നെങ്കില്‍ ആ വീഴ്ചയില്‍ ഞാന്‍ മരിച്ചു പോയേനെ. ഞാന്‍ വീണിടത്തു സ്ലാബ് പൊക്കിയതിനാല്‍ എഡ്ജ് ആയിരുന്നു. നെഞ്ചടിച്ച് വീണു. കാലിന്റെ തള്ളവിരല്‍ പൊളിഞ്ഞു. പക്ഷെ ഇതൊക്കെ കണ്ടിട്ടും ആരും എന്നെ എടുക്കാന്‍ വന്നില്ല. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകനല്ലാതെ. സിനിമയില്‍ കാണിച്ചതു പോലെ തന്നെയായിരുന്നു.

അത് കോമഡിയ്ക്ക് വേണ്ടി ചെയ്തതായിരുന്നില്ല. ആളുകള്‍ കോമഡിയാക്കി. പതിനെട്ട് വര്‍ഷമായി മദ്യപാനം നിര്‍ത്തിയ എന്നെ മദ്യപാനിയാക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നൊക്കെ മോശമായ കമന്റുകള്‍ വന്നു. ഓരോ വിഷുവും ദീപാവലിയും വരുമ്പോള്‍ ഞാന്‍ എന്റെ ഫോണ്‍ ഓഫാക്കി വെക്കും. ഭാര്യ വീട്ടില്‍ പോകില്ല. പുറത്തിറങ്ങില്ല. മുറിയില്‍ തന്നെയായിരിക്കും. കാണാന്‍ വന്ന യൂട്യൂബര്‍മാര്‍ റോഡും മതിലുമൊക്കെ എടുത്തിട്ടു പോകും. ഞാന്‍ അനുഭവിച്ച വേദന ആരും ചോദിച്ചുമില്ല പറഞ്ഞുമില്ല. ഇപ്പോഴും അത് പറയുമ്പോള്‍ എനിക്ക് സങ്കടം വരും.

കല്യാണം കൂടാന്‍ പോലും വയ്യ. അടുത്ത സുഹൃത്ത് മരിച്ചിട്ടു പോലും അവിടെ പോയി നില്‍ക്കാനായില്ല. ആളുകള്‍ എന്തോ സെലിബ്രിറ്റിയെപ്പോലെയാണ് കണ്ടത്. ആളുകള്‍ എന്നോട് കാണിച്ചത് ക്രൂരതയായിരുന്നു. 12 വര്‍ഷമായിട്ടുണ്ടാകും. അന്ന് മകന്‍ അഞ്ചാം ക്ലാസിലായിരുന്നു. അന്ന് അവന് 22 വയസായി.

ഇത്തവണ അടിച്ചുമാറ്റിയത് പൊലീസ് ജീപ്പ്; നഗരത്തിലൂടെ വിലസി; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

ഇത്തവണ അടിച്ചുമാറ്റിയത് പൊലീസ് ജീപ്പ്; നഗരത്തിലൂടെ വിലസി; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഗുരുവായൂര്‍ കല്ലു വളപ്പില്‍ ഹൗസില്‍ അംസത്തിനെ (48)യാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സൈബര്‍ സെല്ലിന്റെ ജീപ്പ് ഇയാള്‍ കവര്‍ന്നത്.

ഇതിനു ശേഷം എസ് എന്‍ പാര്‍ക്കിന് സമീപത്തെ തട്ടുകടയില്‍ അടിച്ചു മാറ്റിയ പൊലീസ് ജീപ്പുമായി എത്തിയപ്പോള്‍ സംശയം തോന്നി നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന പൊലീസ് എത്തിയാണ് പ്രതിയെ പിടി കൂടിയത്. നേരത്തെ നിരവധി വാഹനമോഷണ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.

കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നവർ അറിയാൻ: വേണം മുൻകരുതൽ: സുരക്ഷാ നിർദേശവുമായി ഫയർ ഫോഴ്സ്

കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നവർ അറിയാൻ: വേണം മുൻകരുതൽ: സുരക്ഷാ നിർദേശവുമായി ഫയർ ഫോഴ്സ്

വേനലിൽ കിണർ വൃത്തിയാക്കുന്നതിനിടെയുള്ള അപകടങ്ങൾ പതിവാകുമ്പോൾ സുരക്ഷാ നിർദേശവുമായി ഫയർ ഫോഴ്സ് അധികൃതർ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് വെഞ്ഞാറമൂട് മേഖലയിൽ നടന്നത്. കിണറ്റി​ൽ ഓക്‌​സിജൻ കുറയുന്നതും മീഥേൻ,ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വിഷവാതകങ്ങൾ അടിഞ്ഞുകൂടുന്നതും ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാകും. കിണറ്റി​ൽ ഇറങ്ങാൻ ഉപയോഗിച്ച കയർ പൊട്ടുകയോ കൃത്യമായി കെട്ടാതിരിക്കുകയോ ചെയ്യുന്നത് വീഴ്ചയ്ക്ക് ഇടയാക്കും.ആഴം കൂടിയതും പഴയതുമായ കിണറുകൾ വൃത്തിയാക്കുമ്പോൾ മണ്ണ് ഇടിഞ്ഞുവീഴാനും കിണറിന്റെ പാലം തകരാനും സാദ്ധ്യതയുണ്ട്.അപകടങ്ങൾ ഒഴിവാക്കാൻ കിണർ വൃത്തിയാക്കുന്ന തൊഴിലാളികളും വീട്ടുടമകളും സുരക്ഷാനടപടികൾ ഉറപ്പുവരുത്തണം.

 ശ്രദ്ധിക്കേണ്ടവ

 കത്തുന്ന മെഴുകുതിരി കിണറ്റിലിറങ്ങുന്നതിന് മുമ്പ് താഴ്ത്തി നോക്കുക

 മെഴുകുതിരി അണയുമെങ്കിൽ ഓക്‌സിജൻ ലഭ്യത കുറവാണെന്ന് ഉറപ്പാക്കാം

 ഇലയുള്ള മരച്ചില്ലകൾ കയറിൽ കെട്ടി ഇറക്കുകയും മുകളിലേക്ക് വലിച്ചുകയറ്റുകയും ചെയ്യുന്നത് വായുസഞ്ചാരം ഉറപ്പാക്കും

 കിണറിൽ ഇറങ്ങുമ്പോൾ ഹെൽമെറ്റ്,സുരക്ഷാ ബെൽറ്റ്,ദൃഢതയുള്ള കയറുകൾ എന്നിവ ഉപയോഗിക്കണം

 കിണറിന്റെ പാലം ഉറപ്പുള്ളതാണെന്ന് പരിശോധിക്കണം

 പരിചയസമ്പന്നർ ആണെങ്കിലും കിണറ്റിൽ ഇറങ്ങുമ്പോൾ,അധികം മുറുകാത്ത തരത്തിൽ അരയിൽ ഒരു കയർ കെട്ടണം

 കയറിന്റെ മറുഭാഗം മുകളിൽ എവിടെയെങ്കിലും കെട്ടുകയോ സഹായത്തിനുള്ള ആളെ ഏൽപ്പിക്കുകയോ ചെയ്യണം.

 ഒരാൾ സഹായത്തിനായി മുകളിൽ നിൽക്കുന്നത് അഭികാമ്യം.ശ്വാസംമുട്ടലോ തലകറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മുകളിലേക്ക് കയറുക.

 അടിയന്തര സാഹചര്യം ഉണ്ടായാൽ എത്രയും പെട്ടെന്ന് ഫയർഫോഴ്സി​നെ അറിയിക്കണം.

സഞ്ജു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകും? ശ്രേയസ് അയ്യരുടെ പേര് വെട്ടി, ഉടൻ പ്രഖ്യാപനം

സഞ്ജു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകും? ശ്രേയസ് അയ്യരുടെ പേര് വെട്ടി, ഉടൻ പ്രഖ്യാപനം

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ അടുത്ത നായകനായി മലയാളി താരം സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. സഞ്ജുവിന്റെ സ്ഥിരതയാർന്ന പ്രകടനവും നേതൃത്വ മികവുമാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സെലക്ടർമാർ തീരുമാനിച്ചത്. നായക സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേര് ഉയർന്ന് വന്നെങ്കിലും അവസാന റൗണ്ടിൽ താരത്തെ ഒഴിവാക്കുക ആയിരുന്നു.

നിലവിലെ നായകൻ സൂര്യകുമാർ യാദവ് മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്യാപ്റ്റനെ മാറ്റാൻ സെലക്ടർമാർ നേരത്തെ തീരുമാനിച്ചിരുന്നു. സൂര്യയ്ക്ക് പകരം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു സെലക്ടർമാർ മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ 2023 ഡിസംബറിന് ശേഷം ശ്രേയസിന് ഇന്ത്യൻ ടി20 ടീമിൽ സ്ഥിരമായ അവസരങ്ങൾ ലഭിച്ചിട്ടില്ല. ആദ്യം ടീമിൽ സ്ഥാനം ഉറപ്പിക്കുക, അതിന് ശേഷം നായക സ്ഥാനത്തേക്ക് പരിഗണിക്കാം എന്നാണ് സെലക്ടർമാരുടെ നിലപാട്. ഇതും സഞ്ജുവിന് തുണയായി.

ടി20 ലോകകപ്പിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിന് സെലക്ടർമാർ മുൻഗണന നൽകിയിരിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുന്നതിൽ സഞ്ജു നിർണായക പങ്കുവഹിച്ചിരുന്നു. ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്നെങ്കിലും പിന്നീട് ടീമിലേക്ക് മടങ്ങിയെത്തിയ താരം മികച്ച തിരിച്ചുവരവാണ് നടത്തിയത്.വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയ്ക്ക് നിർണായക ജയം സമ്മാനിച്ചിരുന്നു. ഇംഗ്ലണ്ടിനും ന്യൂസിലൻഡിനുമെതിരായ നോക്കൗട്ട് മത്സരങ്ങളിലും 89 റൺസിന്റെ തകർപ്പൻ ഇന്നിങ്സുകളുമായി താരം തിളങ്ങിയിരുന്നു.

ഇപ്പോൾ നടക്കുന്ന ഐപിഎൽ ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന താരം 10 മത്സരങ്ങളിൽ നിന്ന് 402 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഒരു അർഞ്ച്വസെഞ്ചുറിയും ഉൾപ്പെടുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇതും ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിൽ പ്രധാന ഘടകമായി.