by Midhun HP News | May 8, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഹാന്റാ വൈറസ് ബാധ പടരുന്ന എംവി ഹോണ്ടിയസ് എന്ന ആഢംബര കപ്പലില്‍ രണ്ട് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡച്ച് കമ്പനിയായ ഓഷ്യന്‍വൈഡ് എക്സ്പെഡിഷന്‍സ് ആണ് സ്ഥീരികരിച്ചത്. കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കപ്പലിലെ ഇന്ത്യക്കാര്‍ക്ക് രോഗബാധയോ, രോഗബാധിതരുമായി സമ്പര്‍ക്കമോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും അറിയിപ്പുണ്ടായിട്ടില്ല. പരിശേധനകള്‍ നടത്തിയിട്ടുണ്ടോ, സുരക്ഷാ സംവിധാനങ്ങളുണ്ടോ തുടങ്ങി നിരവധി ആശങ്കകളും നിലനില്‍ക്കുകയാണ്. മെയ് 11 ന് കപ്പല്‍ സ്പെയ്നിലെ ടെനറൈഫില്‍ എത്തിയാല്‍ മാത്രമേ ജീവനക്കാരുടെ ആരോഗ്യനില എന്തെന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ.
കപ്പലില്‍ ഇതിനകം 3 യാത്രക്കാര്‍ മരണപ്പെടുകയും 8 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചയാള്‍ സൂറിച്ചിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ മൂന്ന് യാത്രക്കാരെ കപ്പലില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.
കപ്പലിന്റെ താഴ്ഭാഗങ്ങളില്‍ ജോലിചെയ്യുന്നവരാണ് ഇന്ത്യക്കാരായ രണ്ടുപേരും എന്നാണ് സൂചന. കപ്പലിലെ 149 യാത്രക്കാരില്‍ 61 പേര് കപ്പല്‍ ജീവനക്കാരാണ്. 38 ഫിലിപ്പീന് പൗരന്മാരും 5 യുക്രൈന് പൗരന്മാരും 5 നെതര്‍ലാന്റ് പൗരന്മാരും കപ്പലില്‍ ജോലിചെയ്യുന്നുണ്ട്.അര്‍ജന്റീനയില്‍ ഏപ്രില്‍ ഒന്നിനു നടന്ന പക്ഷിനിരീക്ഷണ യാത്രക്കിടെയാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം. അവിടത്തെ എലികളുടെ വിസര്‍ജ്യങ്ങളില്‍നിന്നുള്ള സൂക്ഷ്മകണങ്ങള്‍ ശ്വസിച്ചതാകാം രോഗകാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ള ‘ആന്‍ഡീസ് സ്ട്രെയി’നാണ് കപ്പലില്‍ കണ്ടെത്തിയിട്ടുള്ളത്. ശ്വാസകോശത്തെയും വൃക്കകളെയും ബാധിക്കുന്ന രോഗത്തിന്റെ മരണസാധ്യത 50 ശതമാനമാണ്. വൈറസിന് പ്രതിരോധ മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ല.
വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം എട്ട് ആഴ്ചവരെ ആയതുകൊണ്ട് രോഗബാധ ഇനിയും റിപ്പോര്‍ട്ടു ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍.

by Midhun HP News | May 8, 2026 | Latest News, കേരളം
മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത്, പകരം മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നല്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷാജി ലീഗിന്റെ നിലപാട് വ്യക്തമാക്കിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തില്‍ ലീഗ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിലവില്‍ രണ്ടായിട്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിനെയും, ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും കെ എം ഷാജി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരില്‍ ലീഗിന്റെ പ്രതിനിധിയായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവാണ് കെഎം ഷാജി.
വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കുന്നത്, ആ വകുപ്പില്‍ ‘വര്‍ഗീയ താല്പര്യങ്ങള്’ ശക്തിപ്പെടുത്തുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബിജെപി നേതാവും, കഴക്കൂട്ടത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയുമായ വി. മുരളീധരന് ആരോപിച്ചിരുന്നു. മുരളീധരന്റെ ഇത്തരം പരാമര്‍ശങ്ങള്‍ യുഡിഎഫിനുള്ളില്‍ ലീഗിന്റെ നിലപാട് കൂടുതല്‍ ശക്തമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് കെഎം ഷാജി പ്രതികരിച്ചു.
വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിച്ചിരുന്നെങ്കില്‍ പോലും, മുരളീധരന്റെ പ്രസ്താവനയോടെ അവര്‍ അത് മാറ്റിച്ചിന്തിക്കുമെന്ന് ഷാജി കൂട്ടിച്ചേര്‍ത്തു. ഒരുകാലത്ത് വെള്ളാപ്പള്ളി നടേശന് ചെയ്ത അതേ പണിയാണ് ഇപ്പോള്‍ മുരളീധരന് ചെയ്യുന്നത്. വെള്ളാപ്പള്ളി ഞങ്ങളെ രാഷ്ട്രീയമായി ആക്രമിച്ചപ്പോഴെല്ലാം അത് ഞങ്ങളെ ജനങ്ങളോട് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്. മുരളീധരനും അതേ പാതയിലാണ് സഞ്ചരിക്കുന്നത്.’ കെ എം ഷാജി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടതില്ല എന്ന് പാര്‍ട്ടി നേരത്തെ തന്നെ തീരുമാനിച്ചതാണ്. വിദ്യാഭ്യാസ വകുപ്പ് പോലെ രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വകുപ്പ് കൈവശം വെക്കുന്നത് തിരിച്ചടിയാകുമോ എന്ന് ലീഗ് നേതൃത്വത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, മുന്‍ യുഡിഎഫ് സര്‍ക്കാരുകളില്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ പ്രധാന വകുപ്പുകളും നിലനിര്‍ത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. അഞ്ച് മന്ത്രിസ്ഥാനങ്ങളില്‍ കുറഞ്ഞതൊന്നും സ്വീകരിക്കുന്ന പ്രശ്നമില്ല. കെ എം ഷാജി പറഞ്ഞു.

by Midhun HP News | May 8, 2026 | Latest News, കേരളം
തൃശൂര്‍: ദേശീയപാതയില്‍ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂര്‍ ഭാഗത്തേക്കു വാഹനങ്ങള്‍ പോകുന്ന പാലം നാളെ മുതല്‍ വീണ്ടും അടച്ചിടും. 20 ദിവസത്തേക്കാണ് പാലം അടച്ചിടുന്നത്. ബെയറിങ്ങുകള്‍ മാറ്റാനാണ് പാലം അടയ്ക്കുന്നത്.
ഈ ദിവസങ്ങളില്‍ സമാന്തരമായി കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ആയിരിക്കും ഇരു ദിശകളിലേക്കുമുള്ള ഗതാഗതം അനുവദിക്കുക. പാലത്തിന്റെ സ്പാന്‍ ജാക്കി ലിവര്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷമാണു പുതിയ ബെയറിങ് ഘടിപ്പിക്കുക. ഏഴു സ്പാനുകളിലായി 42 ബെയറിങ്ങുകളാണു മാറ്റുക. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് അറ്റകുറ്റപ്പണിയുടെ ചുമതല. പാലം അടയ്ക്കുന്നത് വലിയ ഗതാഗതക്കുരുക്കിനു കാരണമാകുമോയെന്ന ആശങ്കയുമുണ്ട്.

by Midhun HP News | May 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലു കാറും രണ്ട് ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു യുവതി മരിച്ചു.
പാലക്കാട് സ്വദേശി നൗഷിക (24) ആണ് മരിച്ചത്. ഭര്‍ത്താവ് ആഷിക്കിനും പരിക്കേറ്റിട്ടുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന രണ്ടുപേരെയും കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

by Midhun HP News | May 8, 2026 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
കണ്ണൂര്‍: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി കഥാകൃത്ത് ടി പത്മനാഭന്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള മൂന്നുപേരില്‍ കെ സി വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും വ്യക്തിപരമായി ബന്ധമുണ്ട്. എന്നാല്‍ വി ഡി സതീശനുമായി അത്ര അടുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിചയത്തിന്റെയും വാര്‍ത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നല്‍കുക കെ സി വേണുഗോപാലിനാണ്. പരമയോഗ്യനായ വേണുഗോപാലിന്റെ ഗുണങ്ങളും അര്‍ഹതയും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലും അസംബ്ലിയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് കെ സി വേണുഗോപാല്‍.
രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ, അദ്ദേഹത്തെ നയിക്കുന്ന വേണുഗോപാലിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കാന്‍ കാരണമിതാണെന്നും ടിപത്മനാഭന് കണ്ണൂരില്‍ പറഞ്ഞു.

Recent Comments