ഇതുവരെ കണ്ടെത്തിയത് അഞ്ചു ശംഖുവരയന്‍ പാമ്പുകളെ; മരിച്ച അല്‍ജോയുടെ വീടിന്റെ തറ പൊളിച്ച് പരിശോധിക്കുന്നു

ഇതുവരെ കണ്ടെത്തിയത് അഞ്ചു ശംഖുവരയന്‍ പാമ്പുകളെ; മരിച്ച അല്‍ജോയുടെ വീടിന്റെ തറ പൊളിച്ച് പരിശോധിക്കുന്നു

തൃശൂര്‍: തൃശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു. ഉറക്കത്തില്‍ പാമ്പുകടിയേറ്റു മരിച്ച കാവുങ്ങല്‍ അല്‍ജോയുടെ വീട്ടിലാണ് പരിശോധന. തുടര്‍ച്ചയായി പാമ്പുകളെ കാണുന്ന സാഹചര്യത്തിലാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന.

വീടിന്റെ ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്താണ് പൊളിച്ച് പരിശോധന നടത്തുന്നത്. അതുവഴിയാണ് പാമ്പ് അകത്തു കടക്കുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ഭാഗം പൊളിക്കുന്നത്. ഇന്നലെയും രണ്ടു പാമ്പുകളെ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. ശുചിമുറിയില്‍ നിന്നും മുറിക്കുള്ളില്‍ നിന്നുമാണ് രണ്ടു പാമ്പുകളെ കണ്ടത്.ഇതോടെ അഞ്ചു തവണയാണ് വീട്ടില്‍ നിന്നും ശംഖുവരയന്‍ പാമ്പുകളെ ലഭിക്കുന്നത്. നാലെണ്ണത്തെ വീടിന് അകത്തു നിന്നും ഒരെണ്ണത്തെ വീടിന് പുറത്തു നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുകടിയേറ്റ് കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അല്‍ജോയുടെ സഹോദരന്‍ അനോഷിന്റെ (10) നില കൂടുതല്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ക്ഷേത്രോത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

ക്ഷേത്രോത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. പാലാഴി സ്വദേശി ഷൈനി (54) ആണ് മരിച്ചത്.

വീട്ടമ്മമാരുടെ സംഘമായിരുന്നു നൃത്തം അവതരിപ്പിച്ചത്. ഇതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ഷൈനി സ്റ്റേജിന് പിറകിലേക്ക് പോയി.പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായാണ് പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് നൃത്തം അവതരിപ്പിച്ചത്. ഭർത്താവ്- എഎൻ ഷാജു, ഡോ. സ്‌നേഹ, സപ്‌ത എന്നിവർ മക്കളാണ്.

കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം.

രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ബാറിൽ വെച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. താക്കോൽ കൊണ്ട് ഒപ്പമുണ്ടായിരുന്നയാൾ രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു.തുടർന്ന് രാഹുലിനെ കാട്ടാക്കട മമൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അവധിക്കാലം ആഘോഷമാക്കി കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ

അവധിക്കാലം ആഘോഷമാക്കി കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ

തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കിയിരിക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ. ഏപ്രിൽ അവസാനവാരത്തിലും മേയിലുമായുള്ള യാത്രകൾക്ക് ഒരുക്കം പൂർത്തിയായി.മിതമായ നിരക്കിൽ ചെറുതും വലുതുമായ യാത്രകളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്. ഭക്തർക്കായി തീർഥാടനയാത്രകളും നടത്തുന്നുണ്ട്.

കൊടുംചൂടിൽ വലയുന്ന സമയത്ത് തണുപ്പു തേടിയുള്ള യാത്രകൾക്കാണ് ആളുകൾക്കിടയിൽ പ്രിയം കൂടുതൽ. മൂന്നാർ-വട്ടവട യാത്രയാണ് പ്രധാനം. കൂടാതെ അടവി, ഗവി, പരുന്തുംപാറ, വയനാട്, കാൽവരി മൗണ്ട്, സീ അഷ്ടമുടി, മറയൂർ, സൈലന്റ് വാലി, ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, മലക്കപ്പാറ, മാമലക്കണ്ടം, ചതുരംഗപ്പാറ, അഞ്ചുരുളി, പൊൻമുടി, രാമക്കൽമേട്, നെല്ലിയാമ്പതി, വാഗമൺ എന്നീ സ്ഥലങ്ങളിലേക്കും ബജറ്റ് ടൂറിസം സെൽ യാത്ര നടത്തുന്നുണ്ട്.

സിൽവർ സ്റ്റോം പാർക്കും കൊച്ചി നെഫർറ്റിറ്റി കപ്പൽയാത്രയും സഞ്ചാരികളുടെ ഇഷ്ട പാക്കേജുകളാണ്. ഭക്തർക്കായി ഗുരുവായൂർ, മൂകാംബിക, വേളാങ്കണി എന്നീ തീർഥാടനകേന്ദ്രങ്ങളിലേക്കും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഉല്ലാസയാത്രകൾ വളരെ വേ​ഗത്തിൽ ഹിറ്റായി മാറുകയായിരുന്നു. 2021-ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കുന്നത്.

ആലപ്പുഴ ജില്ലയിൽനിന്നുള്ള ആദ്യ ഗോവ യാത്ര ഇന്ന് ആരംഭിച്ചു. 38 പേരുമായി ആദ്യ ട്രിപ്പ് മാവേലിക്കര ഡിപ്പോയിൽനിന്നും രാവിലെ അഞ്ചിനാണ് പുറപ്പെട്ടത്.മൂന്നു രാത്രിയും രണ്ടു പകലും ചേർന്നതാണു യാത്ര. കാസർകോടുവരെ കെഎസ്ആർടിസി ബസുകളിലും അവിടെനിന്ന് ഗോവ വരെ ആഡംബര എസി ബസുകളിലും പോകും.

അടുത്ത മാസം ജില്ലയിലെ അഞ്ചു ഡിപ്പോകളിൽനിന്ന് ഗോവ യാത്രയുണ്ട്. ഗോവയിലെ ബീച്ചുകളും രാത്രിജീവിതവും ഗോവൻഭക്ഷണവും ആസ്വദിക്കാം. താമസിക്കാൻ മികച്ച ഹോട്ടലുകളാണ് ഒരുക്കിയിരിക്കുന്നത്. ഫോൺ: 9188938525, 9846475874.

ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ മൊബൈൽ യൂണിറ്റ്

ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ മൊബൈൽ യൂണിറ്റ്

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തഭൂമിയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന എളുപ്പമാക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജിൽ മൊബൈല്‍ ഡിഎഎ ടെസ്റ്റിങ് യൂണിറ്റ് സജ്ജമാക്കി. പരിശോധനയിൽ കൂടുതൽ ശരീരഭാഗങ്ങൾ കിട്ടുന്ന സാഹചര്യത്തിലാണ് നടപടി. പരിസര പ്രദേശത്ത് നിന്ന് ഇന്നലെ നടന്ന പരിശേധനയില്‍ പത്ത് ശരീരഭാഗങ്ങള്‍ കൂടി കിട്ടിയിരുന്നു. നാളെ മുതല്‍ ഡിഎൻഎ പരിശോധനഫലങ്ങള്‍ വന്നു തുടങ്ങുമെന്നാണ് റിപ്പോർട്ട്.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ യൂണിറ്റ് ആണ് എത്തിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാണ് ഡിഎന്‍എ പരിശോധന ഫലം വരാനെടുക്കുന്നത്. എന്നാൽ മൊബൈൽ യൂണിറ്റിൻ്റെ സഹായത്തോടെ മൂന്ന് ദിവസം കൊണ്ട് പരിശോധന ഫലം അറിയാം.

ഇന്നലെ വരെ കിട്ടിയ 103 ശരീരഭാഗങ്ങളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകൾ ഇന്നലെ രാത്രിയോടെ തന്നെ ഐസൊലേഷൻ ചെയ്തു. തിരുവനന്തപുരം ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. അന്തിമ പരിശോധന ഫലം തിരുവനന്തപുരത്തെ ലാബില്‍ നിന്നാണ് ലഭിക്കുക. അതേസമയം മുണ്ടത്തിക്കോട് ദുരന്തഭൂമിയില്‍ ഇന്നും കഡാവര്‍ നായകളെ ഉപയോഗിച്ച് പരിശോധന തുടരും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പത്ത് പേരാണ് ചികിത്സയിലുള്ളത് അതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.