by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
വിഴിഞ്ഞം: മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത പനാമ കപ്പലിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്(ഡിജി ഷിപ്പിങ്) അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ എം ടി സോളിസ് എന്ന എണ്ണക്കപ്പലിനെയാണ് കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിച്ചത്.
അപകടത്തെത്തുടര്‍ന്ന് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ സുരേഷ് കുറുപ്പിനോട് ഡി.ജി. ഷിപ്പിങ് അധികൃതര്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തു നല്‍കാനായി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോസ്റ്റ്ഗാര്‍ഡിന്റെ അനഘ് എന്ന കപ്പല്‍ എം.ടി. സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിക്കുകയായിരുന്നു. കൊച്ചിയില്‍നിന്നെത്തിയ ഡി ജി ഷിപ്പിങ്ങിന്റെ ചീഫ് സര്‍വേയര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥസംഘം കപ്പലിലെത്തി പ്രാഥമിക സര്‍വേ നടത്തി.

ഇന്ന് രാവിലെയോടെ മുംബൈയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എംഎംഡി) അധികൃതരെത്തി കപ്പല്‍ പരിശോധിക്കും. അന്താരാഷ്ട്ര കപ്പല്‍ച്ചാലിനു സമീപത്തായിരുന്നു അപകടമെന്നാണ് പ്രാഥമിക അന്വേഷണം. ഇത് സ്ഥിരീകരിക്കുന്നതിന് കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെട്ട 20 അംഗ ജീവനക്കാരില്‍നിന്നു വിവരശേഖരണം നടത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. കൊല്ലം നീണ്ടകരയില്‍നിന്ന് കന്യാകുമാരി ഭാഗത്തേക്കു മീന്‍പിടിത്തത്തിനുപോയ മരുത്തടിയില്‍ ചിറക്കര പുതുവലില്‍ രാജേഷ് മാത്യുവിന്റെ സെയ്ന്റ് ജോസഫ് എന്ന ട്രോളിങ് ബോട്ടാണ് എണ്ണക്കപ്പലിടിച്ച് തകര്‍ന്ന് മുങ്ങിപ്പോയത്. ബോട്ടിലുണ്ടായിരുന്ന 11 പേരില്‍ ഒന്‍പതുപേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ചിരുന്നു. രണ്ടുപേരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് കേസെടുത്തിട്ടുണ്ട്.

by Midhun HP News | Mar 10, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുമുറിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ താരക്പൂര്‍ സ്വദേശിയായ അഭിഷേക് മാലി എന്ന 26 കാരന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നത്. ഇതേത്തുടര്‍ന്ന് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
സംഭവത്തില്‍ അന്വേഷണം നടത്തി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ആശുപത്രി ജീവനക്കാര്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. ഞായറാഴ്ച രാവിലെ അഭിഷേക് മാലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. മൃതദേഹം ഫ്രീസറില്‍ വെക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഐസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് തങ്ങളെ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ മൃതദേഹം എടുക്കാന്‍ കുടുംബം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ എത്തിയപ്പോള്‍ നിറയെ മുറിവുകള്‍ കണ്ടെക്കുകയായിരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അന്വേഷണം നടത്തുകയും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സച്ചിന്‍ കിഷോര്‍ പറഞ്ഞു. ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയെന്നും എന്നാല്‍ അത് എലികള്‍ ഉണ്ടാക്കിയതാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുനില്‍ സിങ് പറഞ്ഞു.


by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
ഗോപി സുന്ദറുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് ഗായിക അമൃത സുരേഷ്. ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ സാധിച്ചില്ലെന്നും താരം പറയുന്നു. തന്റെ അച്ഛന്റെ മരണ സമയത്ത് മരുമകനായി കര്‍മ്മങ്ങള്‍ ചെയ്തതും കൊള്ളിവച്ചതുമെല്ലാം ഗോപി സുന്ദര്‍ ആയിരുന്നുവെന്നും അമൃത പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
”ഏത് സമയത്താണോ അങ്ങനൊരു തീരുമാനമെടുത്തത് അന്ന് നൂറ് ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനമായിരുന്നു. അന്ന് അവരുടെ അമ്മയെ എന്റെ അമ്മ എന്ന് പറഞ്ഞിരുന്നതാണ്. ഒരു കാലം കഴിയുമ്പോഴേക്കും നീ പോടാ എന്ന് പറയാന്‍ പറ്റുമോ? അത് ശരിയല്ലല്ലോ. അന്ന് എന്റെ ജെനുവിന്‍ ആയ വികാരമായിരുന്നു. അത് അവിടെ നില്‍ക്കുന്നുണ്ട്. എപ്പോഴും അവിടെ തന്നെയുണ്ടാകും” അമൃത പറയുന്നു.
”ഞങ്ങളും നന്നായി വരണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനെടുത്തൊരു തീരുമാനമായിരുന്നുല്ലോ. ഞങ്ങള്‍ രണ്ടു പേര്‍ക്കും സംഗീതം എന്ന കാര്യവുമുണ്ട്. ഇത് നന്നായി പോകണമെന്ന് രണ്ട് പേരും നൂറ് ശതമാനം ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. അല്ലെങ്കില്‍ അങ്ങനെ പോസ്റ്റ് ഒന്നും ഇടില്ലല്ലോ. ഞാന്‍ അത്രയും ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷത്തിന്റെ വേദനയും അപമാനവും ഉപദ്രവുമൊക്കെ കഴിഞ്ഞ് ഒരാള്‍ നമ്മളെ പിന്തുണയ്ക്കാനായി വരുമ്പോള്‍ എനിക്കത് വലിയൊരു കാര്യമായിരുന്നു. അന്നും അദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം എന്നെ ഉപദ്രവിക്കുന്നില്ല” എന്നും താരം പറയുന്നു.
”അദ്ദേഹത്തിന്റെ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. അച്ഛന്‍ മരിച്ചപ്പോഴൊക്കെ ഒരു മകനായി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അതൊക്കെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഞാന്‍ എപ്പോഴും പറയാറുണ്ട്, ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നത് അച്ഛന് മരുമകന്‍ കര്‍മ്മകള്‍ ചെയ്യാനും കൊള്ളിവെക്കാനുമൊക്കെ യോഗം ഉണ്ടായിരിക്കണം. ആ ഒരു വര്‍ഷത്തിന് വേണ്ടി മാത്രം അദ്ദേഹം വന്നു.”
”പക്ഷെ ഞങ്ങള്‍ക്ക് പിന്നീട് മനസിലായി, ഇനി മുന്നോട്ട് പോയാല്‍ ഇപ്പോള്‍ ഉള്ള സ്‌നേഹവും ബഹുമാനവും ഇല്ലാതാകുമെന്ന്. പിന്നെയത് ചീഞ്ഞ് അടിയാകും. എന്തിനാണ് അങ്ങനൊക്കെ. അതിനാല്‍ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമാണ് വേണ്ട എന്നത്. ഇപ്പോഴും ബര്‍ത്ത് ഡേയൊക്കെ വരുമ്പോള്‍ മെസേജ് അയക്കും. വലിയ രീതിയിലുള്ള കമ്യൂണിക്കേഷനൊന്നുമില്ല. അവസാനിപ്പിച്ച വികാരം വീണ്ടും കുത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല” എന്നും അമൃത വ്യക്തമാക്കി.
by Midhun HP News | Mar 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോന്‍. രാവിലെ മന്ത്രി വിളിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ല. കഴിഞ്ഞ 13 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു. പല പ്രശ്‌നങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ട് ഇട്ടെറിഞ്ഞു പോകാന്‍ പറ്റില്ലല്ലോ. മനുഷ്യര്‍ എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും. മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യം ലോകം മുഴുവന്‍ അറിഞ്ഞതെന്ന് ബിന്ദു മേനോന്‍ പറഞ്ഞു.

ഈ സംഭവത്തില്‍ മന്ത്രി പൊതുജനങ്ങളോട് ക്ഷമാപണം നടത്തേണ്ടതില്ല. ഞാനാണ് മന്ത്രിയുടെ കൂടെ ജീവിക്കുന്നതെങ്കില്‍, എന്നോട് ക്ഷമ പറഞ്ഞാല്‍ മതിയാകും. ഈ വിഷയത്തില്‍ റിവഞ്ച് എടുത്ത് മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. വേണമെങ്കില്‍ പരാതിയുമായി മുന്നോട്ടു പോകാമായിരുന്നു. പല തവണയും തനിക്ക് പോകാമായിരുന്നു. എന്നാല്‍ എല്ലാം വിട്ടെറിഞ്ഞ് ഭര്‍ത്താവിനൊപ്പം വന്നത് അദ്ദേഹത്തെ അത്രയ്ക്ക് ഇഷ്ടമായിരുന്നതു കൊണ്ടാണ്. ബിന്ദു മേനോന്‍ പറഞ്ഞു.
അതുകൊണ്ടാണ് പരാതി നല്‍കാനൊന്നും പോകാതെ, ക്ഷമാപണം നടത്തിക്കൊണ്ടുള്ള മന്ത്രി ഗണേഷിന്റെ ഫോണ്‍കോളിനായി കാത്തിരുന്നത്. പ്രശ്‌നം അവസാനിപ്പിക്കാന്‍ ആരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. ഇനി ഇതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനുമില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാദമുണ്ടാക്കി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Mar 10, 2026 | Latest News
കല്ലമ്പലം: കാപ്പ നിയമപ്രകാരം പൊലീസ്പൊലീസ് നാടുകടത്തിയ യുവാവ് വധശ്രമ കേസിൽ നാടുകടത്തിയ യുവാവ് വധശ്രമ കേസിൽ അറസ്റ്റിൽ. ഒറ്റൂർ വെട്ടിമൺകോണം കുന്നുവിള വീട്ടിൽ അഭിജിത് (27)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 16ന് തിരുവനന്തപുരം ജില്ലയിൽ 8 മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തികൊണ്ട് പൊലീസ് ഇയാളെ നാടുകടത്തിയിരുന്നു.
എന്നാൽ വിലക്ക് ലംഘിച്ച് തിരിച്ചു വന്ന് കഴിഞ്ഞദിവസം രാത്രിയിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വീണ്ടും പിടിയിലാകുന്നത്. കല്ലമ്പലം, കടയ്ക്കാവൂർ ,വർക്കല പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമങ്ങൾ ഉൽപ്പടെ എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കല്ലമ്പലം എസ്.എച്ച്.ഒ ഗോപകുമാർ,എസ്.ഐ സുനിൽകുമാർ, എ.എസ്. ഐ ഇർഷാദ്, എസ്.സി.പി.ഒ മാരായ അസീം , അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.കാപ്പ ലംഘനത്തിനും വധ ശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Recent Comments