by Midhun HP News | Mar 10, 2026 | Latest News, കേരളം
തിരുവനന്തപുരം: തനിക്കെതിരായ ഭാര്യയുടെ ഗുരുതര ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ഗണേഷ് കുമാര്‍ ഇന്ന് മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കാനാണ് എല്‍ഡിഎഫ് നീക്കം. ഇത് കുടുംബകാര്യമെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിക്കുമ്പോഴും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ എന്ന് എപ്പോഴും അവകാശപ്പെടുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിന് പരാതി കൊടുക്കുമോ എന്നതടക്കം പരിശോധിച്ച് നടപടിയെടുക്കുന്നതാണ് ഉചിതമെന്ന തരത്തിലും മുന്നണിയിൽ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംഭവങ്ങള്‍ വിശദീകരിക്കാന്‍ സാധ്യത ഉണ്ട്. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് എടുക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ കൊടുത്ത പരാതിയിലും തുടര്‍നടപടി ആയിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ തിരിച്ചടിയാവാതിരിക്കാന്‍ രാജി ആവശ്യപ്പെട്ട് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കും. പത്തനാപുരത്തും സംസ്ഥാനത്ത് ഉടനീളവും ഗണേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസും കെഎസ്‌യുവും മഹിളാ മോര്‍ച്ചയും യുവമോര്‍ച്ചയും ഇന്ന് മന്ത്രിയുടെ പത്തനാപുരത്തെ വസതിയിലേക്കും ഓഫീസിലേക്കും മാര്‍ച്ച് നടത്തും. ഇന്നലെ ബിജെപി നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ബാനര്‍കെട്ടി കെഎസ്‌യുവും പ്രതിഷേധിച്ചിരുന്നു. വാളകത്തെ വീട്ടില്‍ ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നായിരുന്നു ഭാര്യയുടെ ആരോപണം. ഫോട്ടോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് തനിക്ക് നേരെ അതിക്രമം നടത്തിയെന്നും ബിന്ദു പറഞ്ഞിരുന്നു.

by Midhun HP News | Mar 10, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1440 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 520 രൂപയാണ് വര്‍ധിച്ചത്. 1,19,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 14,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Mar 9, 2026 | Latest News, ജില്ലാ വാർത്ത
ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും സർക്കാരിന്റെ ‘മിന്നൽ മാജിക്’ ബ്രാൻഡി ഇതുവരെ ബവ്കോയുടെ ചില്ലറ വിൽപനശാലയിൽ എത്തിയില്ല. ഉൽപാദനവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികൾ പൂർത്തിയാകാത്തതു മൂലമാണു വൈകുന്നത് എന്നാണ് സൂചന. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്‍റ്റിലറീസിൽ ‘മിന്നൽ മാജിക്’ ബ്രാൻഡിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ മാസം 21 നാണ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചത്.
‘ജവാനു’ ശേഷം സർക്കാർ പുറത്തിറക്കുന്ന മദ്യം എന്ന നിലയിൽ ബവ്കോയുടെ ചില്ലറ വിൽപനശാലകളിൽ കാര്യമായ അന്വേഷണം ഉണ്ട്. കെട്ടിടത്തിന്റെ സിവിൽ വർക്കുകൾ പൂർത്തിയാകാത്തതാണ് മദ്യനിർമാണം വൈകുന്നതിന്റെ ഒരു കാരണം. ആൾക്കഹോൾ പോലെ പെട്ടെന്നു തീ പിടിക്കുന്ന ഘടകങ്ങൾ നിർമാണത്തിനുപയോഗിക്കുന്നതിനാൽ ഇവ സുരക്ഷിതമായി സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണം. ബ്ലെൻഡിങ്ങുമായി ബന്ധപ്പെട്ട ചില സാങ്കേതികപ്രവൃത്തികളും പൂർത്തിയാകാനുണ്ട്.
തിരഞ്ഞെടുപ്പു കണക്കാക്കി ഫെബ്രുവരിയിൽ തന്നെ ഉദ്ഘാടനം ചെയ്തെങ്കിലും സാമ്പത്തികവർഷം അവസാനിക്കുകയാണെന്നതിനാൽ ഏപ്രിൽ ഒന്നു മുതൽ ഭൂരിഭാഗം ലൈസൻസുകളും പുതുക്കേണ്ടി വരും. നിലവിൽ 40,000 ലീറ്റർ ഇഎൻഎ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) ഇവിടെ സ്റ്റോക്കുണ്ട്. ഇതുപയോഗിച്ച് 10,000 കെയ്സ് മദ്യമാണ് ഉൽപാദിപ്പിക്കാൻ കഴിയുക. വീണ്ടും ഇഎൻഎ ലഭിക്കുന്നതിനു പുതിയ സാമ്പത്തികവർഷം വീണ്ടും ലൈസൻസിങ് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അര ലീറ്റർ കുപ്പിയായാണ് മിന്നൽ ബ്രാൻഡി പുറത്തിറക്കുന്നത്.


by Midhun HP News | Mar 9, 2026 | Latest News, ജില്ലാ വാർത്ത
വനിതാ ദിനത്തിൽ ഫിഷറീസ് ഗൈഡിനെ ആദരിച്ചു. 35 വർഷമായി അഞ്ചുതെങ്ങ് ഫിഷറീസ് ഓഫീസിൽ ക്ഷേമനിധി ബോർഡ് ഗൈഡായി പ്രവർത്തിക്കുന്ന അഞ്ചുതെങ്ങ് വലിയപള്ളി നല്ലിടത്തിൽ ലിയാമ്മ എം പെരേര (65) നെയാണ് വനിതാ ദിനത്തിൽ ബിജെപി ആദരിച്ചത്.
അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലളി സമൂഹത്തിന് കേന്ദ്ര സംസ്ഥാന പദ്ധതികളെക്കുറിച്ചും, അവ നേടിഎടുക്കുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും, മത്സ്യത്തൊഴിലാളി സമൂഹത്തിന് മനസ്സിലാക്കി നൽകുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് കണക്കിലെടുത്താണ് ലിയാമ്മ എം പെരേരയെ ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.
ചടങ്ങിൽ ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ന്യൂനപക്ഷമോർച്ച ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ ജോൺ സ്കറിയാസ്, ജോൺസൺ ഇറങ്ങ് കടവ് തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Mar 9, 2026 | Latest News, ജില്ലാ വാർത്ത
ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു. ബൈജു ജി എസ് (Retd. അധ്യാപകൻ, എസ് എൻ വി എച്ച് എസ് എസ് സ്‌കൂൾ മാനേജർ) അധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം വർക്കല ബ്രഹ്മകുമാരീസ് രേഷ്‌മ നിർവ്വഹിച്ചു. ചടങ്ങിൽ ആർ.എസ്.എസ് ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സുഖീന്ദ്രൻ. ബി മുഖ്യ പ്രഭാഷണം നടത്തി.
കുടുംബശ്രീ റിസോഴ്സ് പേഴ്‌സൺ ലെജുമോൾ ആർ എൽ കുടുംബശ്രീയും നൂതന സംരംഭങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് നേതൃത്വം നൽകി. ജ്യോതി റെനീഷ്, നിധിൻ ആർ വിഷയാവതരണം നടത്തി. തുടർന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വീശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് വിഷ്ണു ആർ പ്രസാദ്, ബിഎംഎസ് പ്രതിനിധി ബി അനിൽകുമാർ ആശംസകൾ അർപ്പിച്ചു. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ കൃതജ്ഞത പറഞ്ഞു.
പരിപാടിയുടെ ഭാഗമായി പ്ലാവഴികം പരയൻവിളാകം ദേവി ഡാൻസ് ഗ്രൂപ്പ്‌ന്റെ നൃത്താജ്ഞലിയും അരങ്ങേറി.


Recent Comments