by Midhun HP News | Apr 8, 2026 | Latest News, ജില്ലാ വാർത്ത
വെമ്പായം: കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ വാട്ടർ തീം പാർക്കിലെത്തിയ പത്തു വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. വിതുര തേവിയോട് മാതളം നെൽസ ഭവനിൽ വി. നബീഷ്-ധന്യ ദമ്പതികളുടെ മകൻ എൻ. അകുൽ ശിവ ആണ് മരിച്ചത്. വിതുര ഗവ. യു.പി.എസ് നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അകുൽ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വെമ്പായത്തെ ഹാപ്പി ലാൻഡ് വാട്ടർ തീം പാർക്കിലായിരുന്നു അപകടം. അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പാർക്കിലെത്തിയതായിരുന്നു അകുൽ. അവിടെയുള്ള ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം അകുൽ സമീപത്തെ കുളത്തിലെ വെള്ളത്തിലേക്ക് ചാടിയെന്നാണ് പാർക്ക് ജീവനക്കാർ പോലീസിന് നൽകിയ മൊഴി.
കുട്ടി വെള്ളത്തിൽ കമഴ്ന്നു കിടക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ പുറത്തെടുക്കുകയും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചിരുന്നു.
കുട്ടി വീണ കുളത്തിൽ രണ്ട് അടി ആഴം വെള്ളംമാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പാർക്ക് അധികൃതർ ഇപ്പോൾ പറയുന്നത്. കുട്ടിയുടെ വായിൽ ആഹാരസാധനങ്ങൾ ഉണ്ടായിരുന്നതായും ഇതിനാൽ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ മരണകാരണമെന്ന് സംശയമുണ്ടെന്നും ഇവർ പറയുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അകുലിന്റെ പിതാവ് നബീഷ് വിദേശത്താണ്. സഹോദരി: നിഷ കൃഷ്ണ


by Midhun HP News | Apr 8, 2026 | Latest News, ജില്ലാ വാർത്ത, മരണം
ചിറയിൻകീഴ് ആൽത്തറമൂട് വയലിൽ വീട്ടിൽ മഹേശ്വരൻ (58) അന്തരിച്ചു.
ഭാര്യ: അരുന്ധതി
മക്കൾ: ദിനേശ്, നന്ദു
by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
മംഗളുരു: കുടകിൽ വനത്തിനുള്ളിൽ അകപ്പെട്ട മലയാളി യുവതിക്കെതിരെ പൊലീസ് അന്വേഷണം. നാദാപുരം സ്വദേശി ജി എസ് ശരണ്യക്കെതിരെ നപോക്‌ലു പൊലീസ് സ്റ്റേഷനിൽ കുടകിലെ ബിജെപി പ്രവർത്തകരാണ് പരാതി നൽകിയത്. പ്രശസ്തി നേടാനായി നടത്തിയ നാടകമാണ് ശരണ്യയെ കാണാതായ സംഭവമെന്ന് സംശയിക്കുന്നതായാണ് പരാതിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശരണ്യയെ കണ്ടെത്തിയതിന് ശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് കുടകിലെ ബിജെപി നേതാക്കൾ യുവതിക്കെതിരെ പരാതി നൽകിയത്.
കർണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ എറ്റവും ഉയരം കൂടിയ മലയാണ് തടിയൻ്റമോൾ. ഏപ്രിൽ രണ്ടിന് രാവിലെ ഏഴ് മണിക്കാണ് കൊച്ചിയിലെ ഐടി കമ്പനിയിൽ ജീവനക്കാരിയായ ശരണ്യ ട്രെക്കിങിനായി ഇവിടെയുള്ള വനംവകുപ്പിൻ്റെ ചെക്ക് പോസ്റ്റിലെത്തിയത്. 8:15ന് ഒറ്റയ്ക്ക് എത്തിയ ശരണ്യയെ ട്രക്കിങിന് എത്തിയ മറ്റ് 9 പേർക്കൊപ്പം മുകളിലേക്ക് കയറ്റിവിട്ടു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് ഇവിടെ ട്രെക്കിങ്ങിന് അനുവാദമുള്ളത്.
മുകളിൽ കയറി തിരിച്ചിറങ്ങാൻ അഞ്ച് മണിക്കൂറെടുക്കും. ഒറ്റയ്ക്ക് ആരെയും മുകളിലേക്ക് വിടാറില്ല. കൂടെ പോയവർ മൂന്ന് പേരുടെ സംഘങ്ങളായി മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്താതിരുന്നതാണ് ആശങ്കയ്ക്ക് കാരണമായത്. പിന്നീട് നൂറുപേരടങ്ങുന്ന അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട തിരച്ചിലിന് ശേഷമാണ് ശരണ്യയെ കണ്ടെത്തിയത്.


by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡാറ്റ ഇല്ലാതെ വെറും കോളിങും എസ്എംഎസ് സൗകര്യവും മാത്രമുള്ള താങ്ങാനാവുന്ന മൊബൈല്‍ പ്ലാനുകള്‍ പുറത്തിറക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ശുപാര്‍ശയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവില്‍ ലഭ്യമായ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളില്‍ ഡാറ്റ കൂടി ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് ട്രായ് ഇങ്ങനെയൊരു മാറ്റം നിര്‍ദ്ദേശിച്ചത്.
‘ടെലികോം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പതിമൂന്നാം ഭേദഗതി) റെഗുലേഷന്‍, 2026’ എന്ന കരട് നിയമത്തിലാണ് റെഗുലേറ്റര്‍ ഈ കാര്യം വ്യക്തമാക്കിയത്. ഓരോ ടെലികോം കമ്പനിയും കോളിങ്ങിനും എസ്എംഎസിനും മാത്രമായി ചുരുങ്ങിയത് ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും അവതരിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നേരത്തെ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കമ്പനികള്‍ ദൈര്‍ഘ്യമേറിയ വാലിഡിറ്റിയുള്ള വളരെ കുറച്ച് പ്ലാനുകള്‍ മാത്രമാണ് നല്‍കുന്നതെന്നും ട്രായ് നിരീക്ഷിച്ചു.
ഇത്തരം വോയ്സ്-എസ്എംഎസ് പ്ലാനുകള്‍ അവതരിപ്പിക്കുമ്പോള്‍ കമ്പനികള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്നും ട്രായ് ചൂണ്ടിക്കാണിച്ചു. ഡാറ്റ ഒഴിവാക്കുമ്പോള്‍ അതിനനുസരിച്ചുള്ള വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നും ട്രായ് കണ്ടെത്തി.
മുന്‍പുണ്ടായിരുന്ന മാറ്റങ്ങള്‍ ഫലപ്രദമല്ലാത്തതിനാലാണ് പുതിയ നിര്‍ദ്ദേശം കൊണ്ടുവരുന്നതെന്നും റെഗുലേറ്റര്‍ പറഞ്ഞു. ഡാറ്റ ഉള്‍പ്പെട്ട പ്രത്യേക വാലിഡിറ്റി കാലയളവിലുള്ള ഓരോ പ്ലാനിനും തുല്യമായി, ഡാറ്റ ഇല്ലാത്ത കോളിങ്- എസ്എംഎസ് പ്ലാനുകള്‍ കൂടി സേവനദാതാക്കള്‍ നല്‍കണമെന്നതാണ് പ്രധാന ഭേദഗതി നിര്‍ദേശം. ഈ ഭേദഗതി സുതാര്യത വര്‍ദ്ധിപ്പിക്കുമെന്നും ആവശ്യമില്ലാത്ത ഡാറ്റാ സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നും റെഗുലേറ്റര്‍ പറഞ്ഞു. ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത് വലിയ ഗുണമാകും. ഈ നിര്‍ദ്ദേശത്തിന്മേല്‍ ട്രായ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഏപ്രില്‍ 28നകം അഭിപ്രായം പറയാനാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.


by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ പണ, വായ്പ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വായ്പ എടുക്കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് 5.25 ശതമാനമായി തുടരും. ഇറാന്‍ യുദ്ധം മൂലമുണ്ടായ ഊര്‍ജ പ്രതിസന്ധി, അസംസ്‌കൃത എണ്ണ വില വര്‍ധന, എല്‍ നിനോ മൂലമുണ്ടാകാനിടയുള്ള ഭക്ഷ്യ വിലക്കയറ്റം തുടങ്ങിയവ കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് പണ നയ സമിതിയുടെ തീരുമാനം. രൂപയുടെ മൂല്യം നിലനിര്‍ത്തുന്നതിനും കടപ്പത്ര ആദായം നിയന്ത്രിക്കുന്നതിനുമാണ് റിസര്‍വ് ബാങ്ക് ഊന്നല്‍ നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇതിന് മുമ്പ് റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമാക്കിയത്. ഫെബ്രുവരിയിലെ യോഗത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഫെബ്രുവരിയിലെ കണക്ക് പ്രകാരം രാജ്യത്തെ ഉപഭോക്തൃ വില സൂചിക 3.21 ശതമാനമാണ്. പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിലനിര്‍ത്തുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം.
എസ്ഡിആര്‍ അഞ്ചു ശതമാനമായും എംഎസ്എഫ് നിരക്ക് 5.5 ശതമാനമായും തുടരും. സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോള സമ്പദ്വ്യവസ്ഥ വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്. സംഘര്‍ഷത്തിന് മുന്‍പ് ഇന്ത്യ ശക്തമായ വളര്‍ച്ചയും കുറഞ്ഞ പണപ്പെരുപ്പവും പ്രകടിപ്പിച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായെങ്കിലും, മറ്റ് സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ സുരക്ഷിതമായ നിലയിലാണെന്നും ആഗോള ആഘാതങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.


Recent Comments