‘ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു’; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

‘ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു’; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ ബിജെപി സര്‍ക്കാര്‍ ‘ഭാരത മാതാവിനെ’ വിറ്റുവെന്നും രാഹുല്‍ ലോക്‌സഭയില്‍ ആരോപിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ പൂര്‍ണമായും അമേരിക്കയ്ക്ക് കൈമാറിയെന്നും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്തുവെന്നും രാഹുഗാന്ധി പറഞ്ഞു.

കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ‘ഇന്ത്യ സഖ്യ’മാണ് യുഎസുമായി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് പറയുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘നിങ്ങള്‍ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ? നിങ്ങള്‍ നമ്മുടെ അമ്മയായ ഭാരത മാതാവിനെ വിറ്റു,’ വ്യാപാര കരാറിനെ ചൂണ്ടി രാഹുല്‍ പറഞ്ഞു. ഊര്‍ജ്ജ സുരക്ഷ ഇന്ത്യ-യുഎസ് വ്യാപാര കരാറിന് കീഴിലാണെന്നും ‘ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന്’ യുഎസ് ആണ് തീരുമാനിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കരാറില്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും യുഎസില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ വന്നുനിറയുമെന്നും ഇത് ഇന്ത്യയിലെ കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ശബരിമല കൊടിമര പുനർനിർമാണം; സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ തേടി വിജിലൻസ്; മൊഴിയെടുക്കും

ശബരിമല കൊടിമര പുനർനിർമാണം; സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ തേടി വിജിലൻസ്; മൊഴിയെടുക്കും

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് വിജിലൻസ്. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരുടെ വിവരങ്ങളാണ് വിജിലൻസ് തേടിയത്. രേഖകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലൻസ് കത്ത് നൽകി. എല്ലാവരെയും നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് വിജിലൻസിന്റെ നീക്കം. അഭിഭാഷക കമ്മീഷനായിരുന്ന എഎസ്പി കുറുപ്പ്, തിരുവാഭരണം കമ്മീഷണർ, ശില്പി വെങ്കിടേഷ് എന്നിവരെയും വിജിലൻസ് വിളിച്ചുവരുത്തും. അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസിന് ഉന്നതതല നിർദേശമുണ്ട്.

ശബരിമലയിലെ കൊടിമരത്തിന് സ്വർണം സംഭാവന നല്‍കിയവരില്‍ സിനിമാ മേഖലയില്‍ നിന്നുളളവരുടെ നീണ്ട നീരയാണുളളത്. സംഭാവന നല്‍കിയവര്‍ സ്വര്‍ണപ്പാളികള്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചിരുന്നു. നടന്മാരായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരാണ് ചടങ്ങിനെത്തിയത്. എന്നാൽ അഭിഭാഷക കമ്മീഷണര്‍ എഎസ്പി കുറുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി മാത്രമാണ് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉളളത്.

കാർ ഡിവൈഡറിൽ ഇടിച്ചു കയറി; നടൻ റിയാസ് പത്താന് പരിക്ക്

കാർ ഡിവൈഡറിൽ ഇടിച്ചു കയറി; നടൻ റിയാസ് പത്താന് പരിക്ക്

കൊച്ചി: നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു. തമിഴ്‌നാട്ടിലെ തേനിയ്ക്ക് അടുത്ത് വച്ച് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഇദ്ദേ​ഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചു കയറിയത്. റിയാസിന്റെ മകൻ അജ്മൽ ആണ് കാർ ഓടിച്ചിരുന്നത്.

പരിക്കേറ്റതിനെ തുടർന്ന് ആദ്യം തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നടനെ പിന്നീട് വിദ​ഗ്ധ ചികിത്സക്കായി വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലേക്ക് മാറ്റി. ആലപ്പുഴയിലെ വീട്ടിൽ നിന്ന് രാവിലെ നാല് മണിക്കാണ് ഇവർ യാത്ര തിരിച്ചത്.

‘ഫ്ലാറ്റ് നമ്പർ 4 ബി’യിൽ പ്രധാനകഥാപാത്രമായെത്തി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റിയാസ് ‘കായംകുളം കൊച്ചുണ്ണി’, ‘ക്ലിന്റ്’, ‘റാണി’, കന്നഡ ചിത്രമായ ‘ഗഡിയാറ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മനോരമ മാക്സിൽ റിലീസ് ചെയ്ത ‘രണ്ടാം മുഖം’ എന്ന ചിത്രത്തിലും റിയാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ട് സിനിമകളുടെ തിരക്കഥ രചിച്ച് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റിയാസ് ഉടൻ ആശുപത്രിവിടുമെന്ന് അധികൃതർ അറിയിച്ചു. റിയാസിന്റെ മകൻ അജ്മൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

‘അതെല്ലാം അസത്യം’; അല്ലു അർജുന്റെ 42 നിബന്ധനകൾ, വിവാദമായതിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി നടൻ

‘അതെല്ലാം അസത്യം’; അല്ലു അർജുന്റെ 42 നിബന്ധനകൾ, വിവാദമായതിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി നടൻ

നടൻ അല്ലു അർജുനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബ്രാൻഡ് മാനേജർക്കെതിരെ നിയമനടപടി സ്വീകരിച്ച് താരത്തിന്റെ ടീം. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്ന ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലിനെതിരെയാണ് താരം അപകീർത്തിക്കേസ് കൊടുത്തത്.

ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അർജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. കാവേരി ബറുവ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ നടത്തിയ പരിഹാസരൂപേണയുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടൻ നിയമനടപടിയിലേക്ക് നീങ്ങിയത്.

അല്ലു അർജുനെയും അദ്ദേഹത്തിന്റെ ടീമിനെയും ലക്ഷ്യമിട്ട് ബ്രാൻഡ് മാനേജർ കാവേരി ബറുവ നടത്തിയ വെളിപ്പെടുത്തലുകൾ കടുത്ത പരിഹാസം നിറഞ്ഞതായിരുന്നു. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്.‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ ആരോപിച്ചിരുന്നു. താരത്തിന് ചുറ്റും നിരവധി മാനേജർമാരുടെ നിരയുണ്ടെന്നും ഈ സംവിധാനം വളരെ സങ്കീർണമാണെന്നും കാവേരി പരിഹസിച്ചു.

ആറ്റിങ്ങലിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

ആറ്റിങ്ങലിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

ആറ്റിങ്ങലിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ തിരുവനന്തപുരം തമ്പാനൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ആറ്റിങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നീ വിദ്യാർത്ഥിനികളെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്.