യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈസ്റ്ററിനും വിഷുവിനും 42 അധിക സർവീസുമായി കെഎസ്ആർടിസി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈസ്റ്ററിനും വിഷുവിനും 42 അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഈസ്റ്റർ, വിഷു ദിനങ്ങളിൽ അധിക സർവീസുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെയാണ് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുക. പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ചാണ് അധിക സർവീസ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന്‌ കേരളത്തിലേക്കും തിരിച്ചുമായി 42 സർവീസുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂർ, കോഴിക്കോട്‌, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും.
തിരക്കിന്‌ അനുസരിച്ച്‌ 13 ബസും സജ്ജമാക്കും. ഏപ്രിൽ ഒമ്പതിന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നാട്ടിലേക്ക്‌ ട്രെയിൻ ടിക്കറ്റ്‌ കിട്ടാതെ യാത്രക്കാർ വലയുകയാണ്‌.

സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്; മയക്കുമരുന്ന് എത്തിച്ചത് വിദേശത്തു നിന്ന്

സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്; മയക്കുമരുന്ന് എത്തിച്ചത് വിദേശത്തു നിന്ന്

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവത്തില്‍ അന്വേഷണം ക്രൂയിസ് പാര്‍ട്ടിയിലേക്കും. അറസ്റ്റിലായ ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷോണ്‍ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി എത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ഡോക്ടര്‍, ന്യൂട്രീഷ്യന്‍, അഭിഭാഷകന്‍, ഇവന്റ് മാനേജ്‌മെന്റ് ഉടമ തുടങ്ങിയവരാണ് ഇന്നലെ രാത്രി കൊച്ചി കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ന്‍, 0.36 ഗ്രാം മെത്താഫിറ്റമിന്‍, 0.44 ഗ്രാം എക്സ്റ്റസി പില്‍ എന്നിവയാണ് പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.

യുവതികളടക്കം ഏഴുപേരാണ് പൊലീസിന്റെ പിടിയിലായത്. ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷോണിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷോണ്‍ രണ്ടു ദിവസം മുമ്പ് നെഫര്‍റ്റിറ്റി എന്ന സര്‍ക്കാരിന്റെ ആഡംബര ഹോട്ടലില്‍ ഷോണ്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ എത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ക്രൂയിസ് പാര്‍ട്ടിയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ക്രൂയിസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ പിടിയിലായ ആളുകള്‍ അടക്കം പങ്കെടുത്തവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത കൊക്കെയ്ന്‍, മെത്താഫിറ്റമിന്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവ വിദേശത്തു നിന്നാണ് എത്തിച്ചതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്ഷേത്രോത്സവം: അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ക്ഷേത്രോത്സവം: അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

ദേശീയപാതയിൽ ഒരു മണിക്കൂറോളം ​
ഗതാ​ഗതം തടസപ്പെട്ടു. അറവുകാട് ക്ഷേത്രത്തിന് മുന്നിലായി ദേശീയപാതയോരത്താണ് വൈദ്യുതി ദീപാലങ്കാരമൊരുക്കി ​ഗോപുരം സ്ഥാപിച്ചിരുന്നത്. പുന്നപ്ര പൊലീസും ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ വിവിധയിടങ്ങളിൽ അരമണിക്കൂറോളം ശക്തമായ മഴ പെയ്തിരുന്നു.

അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽ മഴയെത്തി. മലബാർ മേഖലയിലാണ് ശക്തമായ മഴ പെയ്യുന്നത്. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോട്ടയം ഉൾപ്പെട്ടെയുള്ള ജില്ലകളിലും മഴയുണ്ട്.

കണ്ണൂരിലെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും മഴ പെയ്തു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആരാധനാലയങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ആരാധനാലയങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ആറ്റിങ്ങൽ.. വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് സനോജ് (53) പോലീസ് പിടിയിലായി. മടവൂർ, ഞാറയിൽകോണം, മയിലാടുംപൊയ്ക സ്വദേശിയായ ഇയാളെ പുനലൂർ പോലീസിന്റെ സഹായത്തോടെ ആറ്റിങ്ങൽ പോലീസാണ് അറസ്റ്റ് ചെയ്തത്. കരവാളൂർ ഭാഗത്തുനിന്നാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. പോലീസിനെ കണ്ടയുടൻ പുഴയിലിറങ്ങി ആറ്റിന് നടുവിലുള്ള കൽക്കൂട്ടത്തിൽ ഒളിച്ച പ്രതിയെ സാഹസികമായാണ് പോലീസ് സംഘം കീഴ്പ്പെടുത്തിയത്. രക്ഷപ്പെടാൻ വഴിയില്ലെന്ന് കണ്ടപ്പോൾ പ്രതി ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

​മുദാക്കൽ താഴെക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ നിന്നും ഒരു പവന്റെ താലിമാലയും സ്വർണ്ണപ്പൊട്ടുകളും ഇയാൾ കവർന്നിരുന്നു. കൂടാതെ 18-ാം മൈൽ ഇർഷാദ് ഇസ്ലാം മസ്ജിദ് മദ്രസയുടെ വാതിൽ തകർത്ത് അകത്തുകയറി 15,000 രൂപയും മോഷ്ടിച്ചു. കരവാളൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വീണ്ടും മോഷണം നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്. ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ സനോജ്, പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കാപ്പ (KAAPA) നിയമപ്രകാരം തടവുശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.
​ഫിംഗർ പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ അനുരാജ് എം.എച്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ചെപ്പോക്കില്‍ സഞ്ജുവിന്റെ സിക്‌സര്‍ പൂരം, പന്ത് പെറുക്കി ധോനി

ചെപ്പോക്കില്‍ സഞ്ജുവിന്റെ സിക്‌സര്‍ പൂരം, പന്ത് പെറുക്കി ധോനി

ചൈന്നൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ എംഎസ് ധോനിക്ക് പരിക്കേറ്റത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു ധോനിക്ക് രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിക്കറ്റ് കീപ്പറാകുമെന്ന് ഉറപ്പായി.

ഓപ്പണറായി സഞ്ജു കളിക്കുമെന്ന് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വിക്കറ്റ് കീപ്പര്‍ ആരെന്നതില്‍ സസ്‌പെന്‍സ് തുടരുകയായിരുന്നു. ധോനി തിരിച്ചെത്തിയാലും വിക്കറ്റിനു പിന്നില്‍ സഞ്ജു തന്നെ തുടരാനാണ് സാധ്യത.

കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിലും കീപ്പര്‍ ഗ്ലൗസ് അണിഞ്ഞ സഞ്ജു സാംസണ്‍, താന്‍ തന്നെയാകും ഈ സീസണില്‍ ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍ എന്ന സൂചന നല്‍കിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ഇരു ടീമുകളായി തിരിഞ്ഞു ചെന്നൈ താരങ്ങള്‍ നടത്തിയ മത്സരത്തിലും ധോനിയും സഞ്ജും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരും എതിര്‍ ടീമുകളിലാണ് കളിച്ചത്. ഇതിന്റെ വിഡിയോ സിഎസ്‌കെ, ഔദ്യോഗിക പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. ആദ്യം ബാറ്റു ചെയ്തത് ധോനി ഉള്‍പ്പെടുന്ന ടീമാണ്. ശിവം ദുബെ, സര്‍ഫ്രാസ് ഖാന്‍ തുടങ്ങിയവരും ഈ ടീമിലായിരുന്നു.

ഇന്നിങ്‌സിന്റെ അവസാനഘട്ടത്തില്‍ ക്രീസിലെത്തിയ ധോനി, സിക്‌സറുകള്‍ പായിക്കുന്നത് വിഡിയോയില്‍ കാണാം. മറുപടി ബാറ്റിങ്ങില്‍, ഋതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനിടെ ഡഗൗട്ടില്‍ സഞ്ജുവിന്റെ സിക്‌സറുകള്‍ പെറുക്കുന്ന ധോനിയെയും ദൃശ്യങ്ങളില്‍ കാണാം. ഋതുരാജ് പുറത്തായതിനു പിന്നാലെ ആയുഷ് മാത്രെയാണ് ക്രീസിലെത്തിയത്. അല്‍പസമയത്തിനു ശേഷം അമന്‍ ഖാന്റെ പന്തില്‍ ബൗണ്ടറില്‍ ലൈറില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. മത്സരത്തിന്റെ സ്‌കോര്‍ബോര്‍ഡ് പുറത്തുവിടാത്തതിനാല്‍ താരങ്ങളുടെ സ്‌കോറും മത്സരഫലവും വ്യക്തമല്ല.