by Midhun HP News | Mar 21, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍യുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രധാന രേഖകള്‍. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ അഭിഭാഷകന്‍ മുഖേനെ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയതത്. ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സുപ്രീം കോടതി ഈ ഹര്‍ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എന്‍കെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ കെആര്‍സുഭാഷ് ചന്ദ്രന്‍ മുദ്ര വെച്ച കവറില്‍ ചില രേഖകള്‍ കോടതിക്ക് കൈമാറിയത്. എന്നാല്‍ മുദ്ര വെച്ച കവറിലെ രേഖകള്‍ എന്താണെന്ന് വ്യക്തമല്ല.
മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവില്‍ ഉണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.


by Midhun HP News | Mar 21, 2026 | Latest News, കേരളം
കൊച്ചി: കലൂരില്‍ നടിയെ പിന്തുടര്‍ന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കതൃക്കടവ് ആനിപ്പറമ്പില്‍ വിപിന്‍ റോയ്(39) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് നടി കലൂര്‍ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോഴാണ് സംഭവം.എംബിഎക്കാരനായ പ്രതി ഐടി സ്ഥാപനത്തിന്റെ മാനേജരാണെന്ന് പൊലീസ് അറിയിച്ചു.
സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ടാറ്റുസ്റ്റുഡിയോയ്ക്ക് സമീപത്തുവച്ചായിരുന്നു പ്രതിയുടെ അതിക്രമം. പ്രതി നടിയെ തടഞ്ഞു നിര്‍ത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


by Midhun HP News | Mar 21, 2026 | Latest News, കേരളം
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊലപാതകക്കേസിൽ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.
2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിക്കുന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.
സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും, പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.


by Midhun HP News | Mar 21, 2026 | Latest News, കേരളം
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ അദ്ദേഹം സ്വതന്ത്രനായാണ് മത്സരിക്കുക. ഐഎന്‍എല്‍ – സിപിഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും.
മഞ്ചേശ്വരത്താണ് ഷാനവാസ് പാദൂരിനെ ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ മറ്റ് സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് അത് വേണ്ടെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. പിന്നീട് കാസര്‍കോട് മത്സരിക്കണമെന്ന് ഷാനവാസ് പാദൂരിനോട് സിപിഎം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. നിലവില്‍ ഐഎന്‍എല്ലിന്റെ സീറ്റാണ് കാസര്‍കോട്. ഷാനവാസ് പാദൂരാണ് മത്സരിക്കുന്നതെങ്കില്‍ സീറ്റ് നല്‍കാന്‍ തയ്യാറാണെന്ന് ഐഎന്‍എല്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് കാസര്‍കോട്ടെ സീറ്റില്‍ തീരുമാനമായത്.
മുൻപ് കോൺഗ്രസ് അംഗമായിരുന്ന ഷാനവാസ്, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം പങ്കിടണമെന്ന ധാരണ വന്നതോടെ കോൺഗ്രസുമായി അകന്നു. പിന്നീട് രാജിവെച്ചു. തുടർന്ന് 2020-ൽ ഇടതുസ്വതന്ത്രനായി ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു.
യുഡിഎഫിനായി കല്ലട മാഹിന്‍ ഹാജിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എം എല്‍ അശ്വിനിയുമാണ് കാസര്‍കോട് മത്സരിക്കുന്നത്. വര്‍ഷങ്ങളായി മുസ്ലിം ലീഗിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് കാസര്‍കോട്. എന്‍ എ നെല്ലിക്കുന്നാണ് 2011 മുതല്‍ കാസര്‍കോട് മണ്ഡലം എംഎല്‍എ.


by Midhun HP News | Mar 21, 2026 | Latest News, കേരളം
തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലും പുഷ്പയുടെ മൃതദേഹം തറയിലുമാണ് കിടന്നിരുന്നത്. വീട്ടിൽ നിന്നു ദുർഗന്ധമുണ്ടായതിനെ തുടർന്നു ബന്ധുക്കളിൽ മെഡിക്കൽ കോളജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതോടെ പൊലീസ് എത്തിയാണ് പരിശോധന നടത്തിയത്.
മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ഇരുവരും അയൽവാസികളുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് വിവരം. അസ്വഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.


Recent Comments