by Midhun HP News | Aug 6, 2026 | Latest News, കേരളം
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് എറൈസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 16 പദ്ധതികളിൽ ഐ.ടി സാങ്കേതികവിദ്യക്ക് കൂടുതൽ പ്രാധാന്യമുളളതും കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂളുകളിൽ നടപ്പിലാക്കുന്നതുമായ നാല് പ്രധാന പദ്ധതികൾക്കും ഇതോടെ തുടക്കമായി.
അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കി ഹൈസ്‌കൂളുകളിൽ എറൈസ് ഹബ് (ARISE Hub- AI & Robotics Initiative for School Education) സ്ഥാപിക്കുന്ന പദ്ധതിയുടെ മാർഗ്ഗരേഖ ഹൈസ്‌കൂൾ പ്രഥമാധ്യപകരുടെ ഏകദിനശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.
കൈറ്റിന്റെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കി മൈക്രോകൺട്രോളർ ബോർഡുകൾ, സെൻസറുകൾ, മോട്ടോറുകൾ തുടങ്ങിയവയുടെ സഹായത്താൽ കാഴ്ചപരിമിതർക്കുള്ള സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്, പാചകവാതക ചോർച്ച അറിയാനുള്ള ഗ്യാസ് ഡിറ്റക്ടർ, ഫെയ്‌സ് റെക്കഗ്‌നിഷൻ ഉള്ള എ.ഐ സ്മാർട്ട് ഡോർ ലോക്കുകൾ എന്നിവയുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കുന്നതിന് സഹായകമായ എറൈസ് പദ്ധതി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ സ്‌കൂൾതലത്തിൽ ഫലപ്രദമായി നടപ്പിലാക്കണമെന്ന് ശില്പശാലയിൽ മന്ത്രി അഭിപ്രായപ്പെട്ടു.
പ്രൈമറി വിഭാഗം ഉൾപ്പെടെ വിദ്യാർത്ഥികളുടെ സ്വയം പഠനത്തിനും ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുന്നതിനും സ്‌കൂളുകളിൽ സജ്ജമാക്കുന്ന ഡിജിറ്റൽ പഠന സൗകര്യമായ ഡിജിറ്റൽ സ്‌ക്വയർ, കുട്ടികളുടെ അക്കാദമിക ശേഷിയും പുരോഗതിയും കൃത്യമായി ട്രാക്ക് ചെയ്യാനും രക്ഷിതാക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കാനും പിന്നാക്കം പോകുന്ന കുട്ടികൾക്ക് തിരുത്തൽ ബോധനം ഉറപ്പാക്കാനുമുള്ള അക്കാദമിക മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ താരാപഥം, സ്‌കൂളുകളുടെ വിവരങ്ങളും മികവുകളും സമയബന്ധിതമായി പങ്കുവെക്കുന്നതിന് വിക്കിപീഡിയ മാതൃകയിൽ സജമാക്കിയ സ്‌കൂൾവിക്ക് അപ്ഡേഷൻ കാമ്പയിൻ ആയ സ്‌കൂൾ വിക്കിത്തോൺ എന്നീ പദ്ധതികളും ഇന്നത്തെ കാലത്ത് അടിയന്തരമായി നടപ്പാക്കേണ്ട സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ2026 ഉം സ്‌കൂളുകളിൽ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും നിർദേശങ്ങളും വിദ്യാഭ്യാസമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ശില്പശാലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി.സജിത് ബാബു ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിങ്ങ് ഐ.എ.എസ്, കൈറ്റ് സി.ഇ.ഒ കെ. അൻവർസാദത്ത് തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Aug 6, 2026 | Latest News, കേരളം
പത്തനംതിട്ട: ഔദ്യോഗിക വാഹനം കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടിപ്പര്‍ ലോറിയില്‍ സഞ്ചരിച്ച് തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജ്. പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് വെള്ളംകയറിയ സാഹചര്യത്തിലാണ് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയെ ആശ്രയിച്ചത്.

ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തഹസില്‍ദാറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തത്. ഏറ്റെടുത്ത് ഉഭൂമിക്ക് ലഭിച്ച നഷ്ടപരിഹാരം വളരെ കുറവാണെന്ന പരാതിയില്‍ കോടതി തഹസില്‍ദാരുടെ ജീപ്പും താലൂക്ക് ഓഫിസിലെ ഉപകരണങ്ങളും ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.
എന്നാല്‍ പ്രകൃതിദുരന്ത സാധ്യതയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ ഓഫിസില്‍ നോക്കിയിരിക്കാന്‍ തയ്യാറാകാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടുകയായിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ, കഴിഞ്ഞ ദിവസം ടിപ്പര്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്തു.

by Midhun HP News | Aug 6, 2026 | Latest News, കേരളം
കോഴിക്കോട്: പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയുമെന്ന് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ എം.എൻ. കാരശ്ശേരി. മുഖം മൂടുന്ന പർദയായ നിഖാബ് എന്തുകൊണ്ടാണ് വലിയൊരു നിയമപ്രശ്നമായി മാറുന്നതെന്ന് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ വാദം മുന്നോട്ടുവെച്ചത്.
മുഖം മൂടുന്ന പർദ സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വെറുമൊരു വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമല്ലെന്നും ഗുരുതരമായ നിയമപ്രശ്നമാണെന്നും ചൂണ്ടിക്കാട്ടിയ കാരശ്ശേരി, നിഖാബ് ധരിച്ച ഒരു പുരുഷൻ ബസിൽ കയറിയാൽ കണ്ടക്ടർക്ക് പർദ പൊക്കി സംശയനിവാരണം നടത്താൻ കഴിയുമോ എന്നും ചോദിച്ചു. മുഖം മൂടുന്ന പർദയായ നിഖാബ് പൂർണ്ണമായും നിരോധിക്കേണ്ടതുണ്ടെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. നിഖാബ് എന്നാൽ സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണെന്നും അത് സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തട്ടം ഇടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള നിഖാബ് ഉപയോഗിക്കുന്നത് നിയമപരമായി തന്നെ നിരവധിയേറെ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


by Midhun HP News | Aug 6, 2026 | Latest News, ദേശീയ വാർത്ത
പനജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതിയില്‍ വൈകാരിക പ്രതികരണവുമായി തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍. താന്‍ ഒരു ഇരയാണെന്നും തന്നോട് കരുണ കാണിക്കണമെന്നും തേജ്പാല്‍ കോടതിയില്‍ പറഞ്ഞു. 2021ല്‍ ഗോവ സെഷന്‍സ് കോടതി വെറുതെവിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തേജ്പാല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.


by Midhun HP News | Aug 6, 2026 | Latest News, ജില്ലാ വാർത്ത
പ്രളയം മൂലം കെടുതി അനുഭവിക്കുന്ന പത്തനംതിട്ടയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി തിരുവനന്തപുരം ജില്ലയിലെ എസ്എഫ്ഐ.
ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ശേഖരിച്ച് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കൈമാറിയ ഭക്ഷ്യധാന്യങ്ങൾ സാനിറ്ററി നപ്കിൻ, മെഡിസിൻസ് ഉൾപ്പെടെയുള്ള സാധനങ്ങൾ ജില്ലാ പ്രസിഡന്റ് വിജയവിമൽ, സെക്രട്ടറി എം എ നന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു നൽകി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ കെ എസ്, സഞ്ജയ്സുരേഷ്, കേരള സർവ കലാശാല യൂണിയൻ ജനറൽ സെക്രട്ടറി അർജുൻ, നികുഞ്ജൻ, ആദർശ് എന്നിവർ നേതൃത്വം നൽകി.


Recent Comments