ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാരക്രിയ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാരക്രിയ ആരംഭിച്ച് ദേവസ്വം

പത്തനംതിട്ട: ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാര ക്രിയകള്‍ ആരംഭിച്ച് ദേവസ്വം ബോര്‍ഡ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർഗോഡ് കുമാകമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് പ്രത്യേക പൂജകൾ നടത്തിയത്. ഇതിനു പുറമെ കേരളത്തിലെ 25 ഓളം ക്ഷേത്രങ്ങളിലും പൂജ നടത്തി. ക്ഷേത്രത്തിലെ പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

കാസര്‍കോട് കാര്‍ത്തിക പൂജയും, കാണിക്ക സമര്‍പ്പണവും നടത്തി. കൊല്ലൂരിൽ മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ച് പൂജ ചെയ്തു. കൊല്ലൂരിൽ മഹാ പൂജയും, കാസർകോട് രംഗ പൂജയും പിന്നീട് നടക്കും. നവരാത്രി കഴിഞ്ഞ് മഹാ പൂജയും നടക്കും.

വാക്ക് ദോഷം മാറാനാണ് കൊല്ലൂരിലെ പൂജകള്‍ നടത്തിയത്. 2018 ലെ ദേവപ്രശ്നത്തിലാണ് ദോഷങ്ങൾ കണ്ടെത്തിയത്. എന്നാൽ പൂജകൾ നടത്തിയിരുന്നില്ല. സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ‌ വിവാദങ്ങൾ ഉണ്ടായതോടെയാണ് പൂജകൾ ചെയ്യാൻ ദേവസ്വം തീരുമാനിച്ചത്. ശബരിമലയിൽ എത്തിയ ഭക്തരെ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അസഭ്യം പറഞ്ഞതോടെ വാക്‌ദോഷം ഉണ്ടായി എന്നാണ് കണ്ടെത്തല്‍.

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് പരിഹാര ക്രിയകള്‍ നടത്തുന്നത്. വൈകാതെ തന്നെ മറ്റ് ക്ഷേത്രങ്ങളിലും പൂജകൾ നടത്തും. മണ്ഡല കാലത്തിനു മുൻപ് നിർദേശിച്ചിട്ടുള്ള എല്ലാ പൂജകളും പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്.

തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു

തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു

പാറശ്ശാല : പൊഴിയൂർ, ഉച്ചക്കട മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു. ഇതുകാരണം വഴിനടക്കുവാൻപോലുമാകാതെ നാട്ടുകാർ ബുദ്ധിമുട്ടിയിട്ടും നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.കാരോട്, കുളത്തൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പൊഴിയൂർ, ഉച്ചക്കട മേഖലയിലാണ് അക്രമകാരികളായ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നത്.

ജനവാസമേഖലകളിലടക്കം സംഘങ്ങളായാണ് ഇവയുടെ സഞ്ചാരം. രാത്രിയിൽ ഒറ്റയ്‌ക്കെത്തുന്ന കാൽനട, ബൈക്ക് യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്.

സ്‌കൂൾ വിദ്യാർഥികളടക്കം കടന്നുപോകുന്ന പാതകളിലെ തെരുവുനായ്ക്കളുടെ ശല്യം രക്ഷിതാക്കളെയും ഭീതിയിലാക്കുന്നുണ്ട്. കുട്ടികൾക്കുനേരേയാണ് തെരുവുനായ്ക്കൾ ആക്രമണസ്വഭാവം കൂടുതൽ കാണിക്കുന്നത്.

വിരാലി, പൊഴിയൂർ മേഖലകളിൽ ഭക്ഷണമാലിന്യം വൻതോതിൽ റോഡരികിൽ ഉപേക്ഷിക്കുന്നത് തെരുവുനായ്ക്കൾ ഈ മേഖലയിൽ കേന്ദ്രീകരിക്കുവാൻ കാരണമാകുന്നുണ്ട്.

മേഖലയിലെ ഹോട്ടലുകളിലെയും വീടുകളിലെയും ഭക്ഷണാവശിഷ്ടങ്ങളും മാലിന്യത്തിനൊപ്പം തള്ളുന്നതിനാൽ തെരുവുനായ്ക്കൾ ഇവിടെത്തന്നെ തമ്പടിക്കുന്നു.

ചിലർ സ്ഥിരമായി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും തെരുവുനായ്ക്കളുടെ സാന്നിദ്ധ്യം വർധിപ്പിക്കുവാൻ കാരണമാകുന്നു.

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് പ്രദേശവാസികൾ പലതവണ വിലക്കിയെങ്കിലും ഇവർ അനുസരിക്കാറില്ലായെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ജനവാസമേഖലയിലെ തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധിതവണ കുളത്തൂർ, കാരോട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.അതിർത്തി പഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ വർധിച്ച സാന്നിദ്ധ്യത്തിനുപിന്നിൽ തമിഴ്‌നാട്ടിൽനിന്നുള്ളവരെന്ന് ആരോപണം ഉയരുന്നു. തമിഴ്‌നാടിന്റെ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ പിടികൂടി ടിപ്പർലോറികളിൽ അതിർത്തി കടത്തി കേരളത്തിന്റെ ഭാഗത്ത് ഉപേക്ഷിക്കുന്ന സംഘങ്ങൾ അതിർത്തിപ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.

കുഴിത്തുറ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇത്തരത്തിൽ തെരുവുനായ്ക്കളെ അതിർത്തി കടത്തുന്നത്. തമിഴ്‌നാടിന്റെ അതിർത്തിപ്രദേശത്തെ ജനവാസമേഖലകളിൽ തെരുവുനായശല്യം വർധിക്കുമ്പോൾ പ്രദേശത്തെ റെസിഡെൻസ് അസോസിയേഷനുകൾ കുഴിത്തുറ കേന്ദ്രീകരിച്ചുള്ള സംഘത്തിന്റെ സഹായം തേടുകയാണ് പതിവ്. ഇവർ തെരുവുനായ്ക്കളെ പിടികൂടി നാടുകടത്തുകയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് ഇത്തരത്തിൽ തെരുവുനായ്ക്കളെ ഉപേക്ഷിക്കുവാനെത്തിയ സംഘത്തെ പാറശ്ശാലയ്ക്കുസമീപം കാരാളിയിൽ പ്രദേശവാസികൾ പിടികൂടി മടക്കിയയച്ചിരുന്നു.

കള്ളുഷാപ്പുകളിൽ ഭക്ഷ്യസുരക്ഷ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്

കള്ളുഷാപ്പുകളിൽ ഭക്ഷ്യസുരക്ഷ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്

തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഭക്ഷ്യസുരക്ഷ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്. എക്സൈസ് കമ്മിഷണറാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.

നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയുണ്ടാകും. കോട്ടയത്തും ആലപ്പുഴ എറണാകുളം അടക്കമുള്ള വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം;കീഴ്‌പ്പെടുത്തി സഹയാത്രികര്‍

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം;കീഴ്‌പ്പെടുത്തി സഹയാത്രികര്‍

കൊച്ചി: ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് മലയാളി യുവാവ്. കൊലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി സിഐഎസ്എഫിന് കൈമാറി.

എമര്‍ജന്‍സി പാനലിലെ വിന്‍ഡോപാനലിലെ ഒരു പാളി അടിച്ചു പൊട്ടിച്ച ജംഷീര്‍, എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹയാത്രികര്‍ യുവാവിനെ കീഴ്‌പ്പെടുത്തിയതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഏതാണ്ട് അരമണിക്കൂര്‍ ശേഷിക്കെയാണ് നാടകീയ സംഭവം ഉണ്ടായത്.

വിമാനത്തിന്റെ എമര്‍ജന്‍സി വിന്‍ഡോ സൈഡിലിരുന്ന യുവാവാണ് പരാക്രമം കാണിച്ചത്. സഹയാത്രികര്‍ കീഴ്‌പ്പെടുത്തിയ യുവാവിനെ സിഐഎസ്എഫിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് സിഐഎസ്എഫ് ജംഷീറിനെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. വിമാനത്തില്‍ യുവാവ് പരാക്രമം നടത്താനുള്ള കാരണം വ്യക്തമല്ല. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ യുവ എൻജിനീയർ മുങ്ങിമരിച്ചു

മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ യുവ എൻജിനീയർ മുങ്ങിമരിച്ചു

കൂത്തുപറമ്പ്: മമ്പറം കേളാലൂർ മഹാവിഷ്‌ണു-ഗണപതി ക്ഷേത്രക്കുളത്തിൽ വ്യാഴാഴ്ച രാവിലെ മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ ചിറക്കൽ സ്വദേശിയായ യുവ എൻജിനീയർ കാർത്തിക്ക് രോഹനാണ് മരിച്ചത്. ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ മമ്പറം കേളാലൂരിലെ ഭാര്യവീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെ 7:15-ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കാർത്തിക്ക് രോഹിൻ. ഈ സമയം കുളത്തിൽ കുളിച്ചുകൊണ്ടിരുന്ന മറ്റ് ആളുകളാണ് കാർത്തിക്ക് പെട്ടെന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ കൂത്തുപറമ്പ് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ പി. ഷനിത്തിന്റെ നേതൃത്വത്തിൽ സ്കൂബ ടീം ഉൾപ്പെടെയുള്ള ഫയർഫോഴ്സ് സംഘം അടിയന്തരമായി സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.കുളത്തിൽ നിന്ന് കാർത്തിക്കിനെ വേഗത്തിൽ കരയ്ക്ക് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.