by Midhun HP News | Aug 6, 2026 | Latest News, കേരളം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും തെക്കന്‍ തമിഴ്നാടിനും പുതുച്ചേരിക്കും മുകളില്‍ നിലനില്‍ക്കുന്ന മറ്റൊരു ചക്രവാതച്ചുഴിയുമാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നത്. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി 4.5 കിലോമീറ്റര്‍ ഉയരത്തില്‍ മൂന്നാമതൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Aug 6, 2026 | Latest News, കേരളം
കൊച്ചി: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിലായി. പ്രതിയായ ഉമര്‍ ഫാറൂഖിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 25 ആയി.
ഉമര്‍ ഫാറൂഖിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. പോപ്പുലര്‍ ഫ്രണ്ടാണ് പ്രവീണ്‍ നെട്ടാരുവിന്റെ വധത്തിന് പിന്നിലെന്നാണ് കേസ്. രണ്ടാഴ്ച മുമ്പാണ് കൊച്ചി പള്ളുരുത്തിയില്‍ ഒളിവില്‍ താമസിച്ച്, ഷവര്‍മ കടയില്‍ ജോലി ചെയ്തിരുന്ന ഒരു പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. റിയാസ് എന്ന കള്ളപ്പേരില്‍ കഴിഞ്ഞ അബ്ദുള്‍ നാസിറാണ് പിടിയിലായത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉമര്‍ ഫാറൂഖിനെ അറസ്റ്റ് ചെയ്തത്.
ഗൂഢാലോചനയില്‍ ഉമര്‍ ഫാറുഖിയ്ക്ക് പങ്കുണ്ടെന്നും, കൃത്യത്തില്‍ പങ്കെടുത്തവര്‍ക്ക് രക്ഷപ്പെടാന്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കിയത് ഉമര്‍ ഫാറൂഖി ആണെന്നും എന്‍ഐഎ പറയുന്നു. അറസ്റ്റിലായ ഉമര്‍ ഫറൂഖിയെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്. 2022 ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. പ്രവീണ്‍ നെട്ടാരു വധത്തിന് പിന്നാലെ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ വ്യാപക സംഘര്‍ഷം അരങ്ങേറിയിരുന്നു.
യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പ്രവീൺ നെട്ടാരുവിനെ സുള്ള്യക്കടുത്ത ബെല്ലാരെയിൽ വെച്ച് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബെല്ലാരെയിൽ കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമത്തിന് ഇരയായത്. പ്രവീൺ നെട്ടാരുവിനെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഒത്തുകൂടുകയും ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നുവെന്നാണ് കേസ്.


by Midhun HP News | Aug 6, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്ററായ മറൈന്‍ വണ്ണിന് തൊട്ടരികിലൂടെ യാത്രാവിമാനം പറന്നതായി റിപ്പോര്‍ട്ട്. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. വൈറ്റ് ഹൗസില്‍ നിന്ന് ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസിലേക്ക് ട്രംപുമായി പറക്കുകയായിരുന്ന ഹെലികോപ്റ്ററും, എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പ്രാദേശിക യാത്രാവിമാനവും തമ്മിലാണ് നിശ്ചിത അകലം പാലിക്കാതെ അപകടകരമായ രീതിയില്‍ അടുത്തുവന്നത്.

വ്യോമയാന നിയമപ്രകാരം വിമാനങ്ങള്‍ തമ്മില്‍ കുറഞ്ഞത് 1.5 മൈല്‍ ഹൊറിസോണ്ടല്‍ അകലവും 500 അടി വെര്‍ട്ടിക്കല്‍ അകലവും പാലിക്കേണ്ടതുണ്ട്. എന്നാല്‍ മറൈന്‍ വണ്ണും യാത്രാവിമാനവും തമ്മിലുള്ള അകലം ഒരു മൈലിലും കുറവായിരുന്നുവെന്ന് വിമാനഗതാഗത വിഭാഗം വ്യക്തമാക്കി. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുമായുള്ള ആശയവിനിമയത്തിലെ തടസ്സമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രസിഡന്റ് സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരാണ് മറൈന്‍ വണ്‍ പറത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ ഗതിയിലുള്ള യാത്ര മാത്രമായിരുന്നുവെന്നും അപകടകരമായ സാഹചര്യം ഉണ്ടായിട്ടില്ലെന്നും യുഎസ് മറൈന്‍ കോര്‍പ്‌സ് വക്താവും പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റൊണാള്‍ഡ് റീഗന്‍ എയര്‍പോര്‍ട്ടിന് സമീപം സൈനിക ഹെലികോപ്റ്ററും യാത്രാവിമാനവും കൂട്ടിയിടിച്ച് 67 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഈ മേഖലയില്‍ എയര്‍ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

by Midhun HP News | Aug 6, 2026 | Latest News, ദേശീയ വാർത്ത
പനജി: സഹപ്രവര്‍ത്തക നല്‍കിയ പീഡന കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരന്‍. കേസില്‍ തരുണ്‍ തേജ്പാലിനെ വെറുതെ വിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയായിരുന്നു.
ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ച് ജസ്റ്റിസ് ഡോ നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376(2)(എഫ്), 376 (2)(കെ), കൂടാതെ 354എ, 354ബി എന്നി വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, ലൈംഗികാതിക്രമം എന്നി കുറ്റങ്ങളില്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണെന്നും ബെഞ്ച് വിധിച്ചു.
2013ല്‍ ഗോവയിലെ നക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയ്ക്ക് നേരെ തരുണ്‍ തേജ് പാല്‍ ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സെഷന്‍സ് കോടതി തേജ്പാലിനെ വെറുതെവിട്ടത്. വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.


by Midhun HP News | Aug 6, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് ജെൻക്ഷനിലെ ദിശാ ബോർഡും, വേഗത പരിധി സൂചനാ ബോർഡും പുനസ്ഥാപിച്ചു. മാസങ്ങളായി ഇളകിക്കിടന്ന ബോർഡ്കളാണ് പുനസ്ഥാപിച്ചത്. വർക്കല ഭാഗത്ത് നിന്നും അഞ്ചുതെങ്ങിൽ എത്തുന്നവർക്ക് മുതലപ്പൊഴി ഭാഗത്തേക്ക് പോകുന്നതിനുള്ള പ്രധാന വഴികാട്ടിയായിരുന്നു ഈ ബോർഡ്.
എന്നാൽ, മേഖലയിലെ ഉപ്പ് കാറ്റ് കലർന്ന കാലാവസ്ഥയെ തുടർന്ന് ഈ ബോർഡ് സ്ഥാപിച്ചിരുന്ന നട്ട് ബോൾട്ടുകൾ തുരുമ്പ് പിടിച്ച് ദ്രവിച്ചുപോകുകയായിരുന്നു. തീരദേശത്തേ ഒട്ടുമിക്ക സൈൻ ബോർഡുകളുടേയും അവസ്ഥ സമാനമാണ്. സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ ഈ ബോർഡയുകളുടെ അറ്റകുറ്റപണികൾക്കോ വൃത്തിയാക്കി സൂക്ഷിക്കുവാനോ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധപുലർത്താറില്ല.
പ്രവർത്തികൾക്ക് വൈടുകെ പ്രിൻസസ് അർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് കൺവീനർ അഞ്ചുതെങ്ങ് സജൻ നേതൃത്വം നൽകി, ബൈജു എസ്, സലീം, ജാഫർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.


Recent Comments